|    Nov 16 Fri, 2018 3:14 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജസ്ഥാന്‍ ജഡ്ജിക്കെതിരേ ജസ്റ്റിസ് ഗാംഗുലിയും പ്രശാന്ത് ഭൂഷണും

Published : 2nd June 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പശുവിനെ ദേശീയ മൃഗമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശചെയ്യുകയും മയിലുകള്‍ ഇണചേരാറില്ലെന്നതുള്‍പ്പെടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി മഹേഷ്ചന്ദ് ശര്‍മയെ വിമര്‍ശിച്ച് സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ കെ ഗാംഗുലിയും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും. പശുവിനെ ദേശീയമൃഗമാക്കിയതു കൊണ്ട് മാത്രം അവ സംരക്ഷിക്കപ്പെടാന്‍ സാധ്യതയില്ലെന്ന് ജസ്റ്റിസ് ഗാംഗുലി പറഞ്ഞു. ഈ വിഷയത്തില്‍ എല്ലാവിഭാഗം ആളുകളെയും പരിഗണിച്ചുള്ള നിയമമാണ് കൊണ്ടുവരേണ്ടത്. ആണ്‍മയില്‍ ബ്രഹ്മചാരിയാണെന്നത് ജസ്റ്റിസ് ശര്‍മയുടെ മാത്രം അഭിപ്രായമാണ്. സുപ്രിംകോടതി ജഡ്ജിയായിരിക്കെ ഡല്‍ഹിയിലെ തുഗ്ലക് റോഡിലെ വസതിയില്‍ കഴിയവെ മയിലുകള്‍ ഇണചേരുന്നതിനു ഞാന്‍ സാക്ഷിയായിരുന്നിട്ടുണ്ട്. ഗാംഗുലി പറഞ്ഞു. വിദ്യാഭ്യാസമില്ലാത്ത വിഡ്ഢികള്‍ ജഡ്ജിമാരായാല്‍ ഇതുപോലുള്ള വിഡ്ഢിത്തങ്ങളായിരിക്കും ഫലമെന്നാണു പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്. മയില്‍ ഇണചേരാറില്ലെന്നും നിത്യബ്രഹ്മചാരിയായതിനാലാണു ദേശീയ പക്ഷിയായി അംഗീകരിച്ചതെന്നും കഴിഞ്ഞദിവസം കന്നുകാലി സംരക്ഷണവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച ശേഷം ജസ്റ്റിസ് മഹേഷ് ചന്ദ് ശര്‍മ അഭിപ്രായപ്പെട്ടിരുന്നു. ബ്രഹ്മചാരിയായ ആണ്‍ മയിലിന്റെ കണ്ണുനീര്‍ വിഴുങ്ങിയാല്‍ പെണ്‍ മയില്‍ ഗര്‍ഭിണിയാവും. ഓക്‌സിജന്‍ സ്വീകരിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്ന ഏക ജീവിയാണ് പശുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജഡ്ജിയുടെ നിരീക്ഷണങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പരിഹാസംകൊണ്ട് മൂടുന്നതിനിടെയാണ് വിഷയത്തില്‍ പ്രശാന്ത് ഭൂഷണിന്റെയും ജസ്റ്റിസ് ഗാംഗുലിയുടെയും പ്രതികരണങ്ങള്‍.ശാസ്ത്രത്തെ കുറിച്ച് അബദ്ധ വീക്ഷണങ്ങള്‍ പ്രകടിപ്പിച്ച ജസ്റ്റിസ് മഹേഷ് ചന്ദ് ശര്‍മ ഹൈക്കോടതി ജഡ്ജിയായിരിക്കെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെയും ഇപ്പോഴത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ദര രാജെ സിന്ധ്യയെയും വെറുതെ വിട്ടിരുന്നതായി ദേശീയ മാധ്യമം റിപോര്‍ട്ട് ചെയ്തു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നല്‍കിയ അപകീര്‍ത്തി—ക്കേസിലാണ് അദ്ദേഹം മോദിയെ വെറുതെവിട്ടത്. ഭൂമിതട്ടിപ്പുകേസില്‍ വസുന്ധരാ രാജെയെയും വെറുതെവിട്ടു. ഈ കേസില്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി മൂന്ന് ഹൈക്കോടതി ജഡ്ജിമാരെയും ശര്‍മ വെറുതെവിട്ടിരുന്നു.1975ല്‍ രാജസ്ഥാനിലെ ദൗസ് ഗവണ്‍മെന്റ് കോളജില്‍ നിന്ന് ശാസ്ത്രത്തിലാണ് ശര്‍മ ബിരുദമെടുത്തത്. പിന്നീട് രാജസ്ഥാന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നു നിയമത്തില്‍ ബിരുദം നേടിയശേഷം അതേ യൂനിവേഴ്‌സിറ്റിയില്‍ നിന്നു തൊഴില്‍ നിയമത്തില്‍ ഡിപ്ലോമയും നേടി. 1979 മുതല്‍ അഭിഭാഷകജോലിചെയ്തുവരികയാണ്. സംഘപരിവാരവുമായി ബന്ധമുള്ള മഹാരാജാ സ്വാമി മന്‍സിങ് ട്രസ്റ്റ്, ശ്രീ ഷീലാ മാതാജി ട്രസ്റ്റ് തുടങ്ങിയവയുടെ കേസുകളാണ് തുടക്കത്തില്‍ ശര്‍മ കൂടുതലും എടുത്തിരുന്നത്. രാജസ്ഥാന്‍ സര്‍ക്കാരിന്റെ അഡീഷനല്‍ അഡ്വക്കറ്റ് ജനറലായി നിയമിതനായ അദ്ദേഹം 2007ല്‍ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss