|    Jan 20 Fri, 2017 3:34 pm
FLASH NEWS

രാജസ്ഥാനില്‍ സര്‍ക്കാര്‍ കേന്ദ്രത്തില്‍ പശുക്കള്‍ ചത്തൊടുങ്ങുന്നു

Published : 7th August 2016 | Posted By: SMR

ജയ്പൂര്‍: രാജസ്ഥാനില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹിന്‍ഗോനിയ പശു സംരക്ഷണ കേന്ദ്രത്തില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 500ലധികം പശുക്കള്‍ ചത്തുവെന്നാണ് റിപോര്‍ട്ടുകള്‍. തലസ്ഥാനത്തെ പശു കേന്ദ്രം സംരക്ഷിക്കാന്‍ കഴിയാത്തത് ബിജെപി സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
മെയ് മുതല്‍ ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഹിന്‍ഗോനിയ പശു കേന്ദ്രത്തിലെ 250ലധികം കരാര്‍ തൊഴിലാളികള്‍ പണിമുടക്ക് തുടങ്ങിയതോടെയാണ് ഇവിടം വൃത്തിഹീനമായത്. ആലകള്‍ ശുചീകരിക്കാന്‍ ആളില്ലാതായതോടെ ചാണകം നിറഞ്ഞു. ശക്തമായ മഴ കൂടി പെയ്തതോടെ കേന്ദ്രം ചെളിയില്‍ മുങ്ങി. പശുക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ ആളില്ലാത്ത സാഹചര്യവുമുണ്ടായി. പല പശുക്കളുടെയും ജഡം ചളിയില്‍ പൂണ്ട നിലയിലായിരുന്നു. രണ്ട് ദിവസത്തിനിടെ 90 ജഡങ്ങള്‍ പുറത്തെടുത്തു. 8000ത്തിലധികം പശുക്കളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ കേന്ദ്രത്തിലുള്ളത്. പട്ടിണിയാണ് പശുക്കള്‍ ചാവാന്‍ കാരണമെന്ന് സര്‍ക്കാര്‍ മൃഗഡോക്ടര്‍ ദേവേന്ദ്രകുമാര്‍ യാദവ് പറഞ്ഞു. തനിക്ക് ഒറ്റയ്ക്ക് പ്രശ്‌നം പരിഹരിക്കാനാവില്ലെന്നും സര്‍ക്കാര്‍ വിഷയം ഗൗരവത്തിലെടുക്കണമെന്നും കേന്ദ്രത്തിന്റെ ചെയര്‍മാന്‍ ഭഗവത് സിങ് ദേവാല്‍ പ്രതികരിച്ചു.
പ്രതിവര്‍ഷം 20 കോടി രൂപയാണ് കേന്ദ്രത്തിനായി സര്‍ക്കാര്‍ നീക്കിവയ്ക്കുന്നത്. ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനും കരാര്‍ തൊഴിലാളികളുടെ കമ്പനിയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ശമ്പളം തടഞ്ഞുവച്ചത്. വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് ചത്ത പശുക്കളെയും സംരക്ഷണ കേന്ദ്രത്തിലെ ചളിയും ചാണകവും നീക്കം ചെയ്ത സര്‍ക്കാര്‍ നടപടി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. വിഷയത്തില്‍ സര്‍ക്കാരിനോട് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജസ്ഥാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി വസുന്ദര രാജ സിന്ധ്യ. ഗോ രക്ഷകര്‍ എവിടെ പോയെന്ന് പ്രതിപക്ഷ നേതാവും പ്രദേശ് കോണ്‍ഗ്രസ് സമിതി അംഗവുമായ രാമേശ്വര്‍ ധുദി ചോദിച്ചു. അവഗണനയുടെ സര്‍ക്കാരാണ് രാജസ്ഥാന്‍ ഭരിക്കുന്നതെന്നും പശുസംരക്ഷണ കേന്ദ്രം സന്ദര്‍ശിച്ച അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി രാജ്പാല്‍ സിങ് ശെഖാവത്ത് പറഞ്ഞു. പശുക്കള്‍ ചത്തൊടുങ്ങാന്‍ കാരണം ബിജെപി സര്‍ക്കാരാണെന്ന് വിഎച്ച്പി നേതാക്കളും കുറ്റപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 125 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക