|    Dec 14 Fri, 2018 3:41 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജസ്ഥാനില്‍ ബിജെപി എംപിയും എംഎല്‍എയും കോണ്‍ഗ്രസ്സില്‍

Published : 15th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ അടുത്തമാസം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ബിജെപി എംപിയും എംഎല്‍എയും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ദൗസ എംപി ഹരീഷ്ചന്ദ്ര മീണയും നഗാവൂര്‍ എംഎല്‍എ ഹസിബുര്‍റഹ്മാനുമാണ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. സംസ്ഥാനത്തു ഭരണവിരുദ്ധ വികാരം നേരിടുന്ന ബിജെപിക്ക് എംപിയും എംഎല്‍എയും ഒറ്റദിവസം പാര്‍ട്ടി വിട്ടതു കനത്ത തിരിച്ചടിയായി.
രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട,് സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്, പാര്‍ട്ടി നേതാവ് അവിനാശ് പാണ്ഡെ എന്നിവരുടെ സാന്നിധ്യത്തിലാണ് മീണ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. മീണ കോണ്‍ഗ്രസ് കുടുംബത്തില്‍പ്പെട്ട നേതാവാണെന്നും യാതൊരു ഉപാധിയുമില്ലാതെയാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും പൈലറ്റ് പറഞ്ഞു.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹരീഷ് ചന്ദ്ര മീണ, അദ്ദേഹത്തിന്റെ മൂത്ത സഹോദരനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ നമോനാരായണന്‍ മീണയെ തോല്‍പിച്ചാണ് എംപിയായത്. നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥി കിരോരി ലാല്‍ മീണയായിരുന്നു ഹരീഷ് ചന്ദ്രയുടെ തൊട്ടടുത്ത എതിരാളി.
അജ്മീര്‍ എംപി രഘുശര്‍മ, മറ്റു മുതിര്‍ന്ന നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഹസിബുര്‍റഹ്മാന്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. 10 വര്‍ഷം മുമ്പാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ്സിലായിരുന്നപ്പോള്‍ റഹ്മാന്‍ അശോക് ഗെഹ്‌ലോട്ടിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്നു. 2008ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണു ബിജെപിയില്‍ ചേക്കേറിയത്. 2008ലും 2013ലും ബിജെപി ടിക്കറ്റില്‍ ജയിച്ച് നിയമസഭാംഗമായി. ഇത്തവണ റഹ്മാന് ബിജെപി നഗാവുറില്‍ ടിക്കറ്റ് നിഷേധിച്ചു. മോഹന്റാം ചൗധരിയാണ് അവിടെ ബിജെപി സ്ഥാനാര്‍ഥി.
താന്‍ വീട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണെന്നും കോണ്‍ഗ്രസ്സില്‍ ചേരുന്നതിന് ഉപാധികളൊന്നുമില്ലെന്നും റഹ്മാന്‍ പറഞ്ഞു. അതേസമയം, ഹരീഷ്ചന്ദ്ര മീണ അവസരവാദിയാണെന്ന് കിരോരിലാല്‍ മീണ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss