|    Feb 23 Thu, 2017 6:12 am
FLASH NEWS
Home   >  Pravasi  >  Gulf  >  

രാജകുമാരന്റെ വധശിക്ഷ: സല്‍മാന്‍ രാജാവ് നല്‍കിയത് നീതിയുടെ സന്ദേശം- വലീദ് രാജകുമാരന്‍

Published : 20th October 2016 | Posted By: SMR

ജിദ്ദ: രാജകുമാരനെ വധശിക്ഷക്കു വിധേയമാക്കിയതിലൂടെ എല്ലാവര്‍ക്കും തുല്യനീതി എന്ന സന്ദേശമാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നല്‍കുന്നതെന്ന് സൗദി സമ്പന്നന്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ അഭിപ്രായപ്പെട്ടു. സൗദി പൗരനെ കൊലപ്പെടുത്തിയ കേസില്‍ തുര്‍കി ബിന്‍ സഊദ് ബിന്‍ തുര്‍കി സഊദ് അല്‍ കബീര്‍ രാജകുമാരനെ കഴിഞ്ഞ ദിവസം റിയാദില്‍ വധശിക്ഷക്കു വിധേയമാക്കിയിരുന്നു.
മൂന്നു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. റിയാദ് നഗരത്തിനു സമീപം തുമാമയില്‍ യുവാക്കള്‍ തമ്മിലുണ്ടായ വഴക്കിനിടെ രാജകുമാരന്‍ ഒരാളെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ആദില്‍ സുലൈമാന്‍ അബ്ദുല്‍ കരീം അല്‍ മുഹൈമിദ് എന്നയാളാണ് കൊല്ലപ്പെട്ടത്.
പ്രതി കുറ്റംസമ്മതിക്കുകയും കുറ്റം സംശയാതീതമായി തെളിയുകയും ചെയ്തു. വിചാരണാ കോടതി വിധി സുപ്രിംകോടതി ശരിവയ്ക്കുകയും കൊല്ലപ്പെട്ടയാളുടെ കുടുംബം നഷ്ടപരിഹാരം സ്വീകരിച്ച് മാപ്പുനല്‍കാന്‍ വിസമ്മതിക്കുകയും ചെയ്ത സാഹചര്യത്തില്‍ നീതി നടപ്പാക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നീതിയും സുരക്ഷയും ദൈവവിധിയും നടപ്പാക്കുന്നതില്‍ രാജാവിന്റെ താല്‍പര്യമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
അധികാരത്തിന്റെയും ഭരണത്തിന്റെയും അടിസ്ഥാനം തുല്യനീതിയാണ്. അതാണ് ഈ വിധി നടപ്പാക്കിയതിലൂടെ സല്‍മാന്‍ രാജാവ് നല്‍കിയ സന്ദേശമെന്ന് വലീദ് രാജകുമാരന്‍ ട്വിറ്ററില്‍ കുറിച്ചു.
രാജകുമാരനെ രക്ഷിക്കാന്‍ അവസാന സമയം വരെയും ശ്രമം നടത്തി
ജിദ്ദ: തുര്‍ക്കി ബിന്‍ സൗദ് ബിന്‍ രാജകുമാരനെ വാള്‍മുനയില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിന് അവസാന നിമിഷം വരേയും ശ്രമം തുടര്‍ന്നിരുന്നതായി റിയാദ് അല്‍സഫാ മസ്ജിദിലെ ഡോ. മുഹമ്മദ് അല്‍മസ്‌ലൂഖി പറഞ്ഞു. തിങ്കളാഴ്ച രാത്രി വളരെ വൈകിയും രാജകുമാരന്റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
രാത്രി മുഴുവന്‍ നമസ്‌കരിക്കുകയും ഖുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്തിരുന്നു. വസിയ്യത്തുകള്‍ എഴുതാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. കൈ വിറക്കുന്നത് മൂലം മറ്റൊരാളെക്കൊണ്ട് എഴുതിക്കുകയായിരുന്നു.
പതിവനുസരിച്ച് കുളിപ്പിച്ച ശേഷം ചൊവ്വാഴ്ച 10 മണിക്ക് വധശിക്ഷ നടപ്പാക്കുന്ന മൈതാനത്ത് എത്തിച്ചു. നിരവധി അമീറുമാരും കൊല്ലപ്പെട്ട ആദില്‍ സുലൈമാന്‍ അബ്ദുല്‍ കരീം അല്‍ മുഹൈമിദയുടെ കുടുംബാംഗങ്ങളും എത്തിയിരുന്നു. അമീറുമാരും മറ്റ് ഉന്നതരും കൊല്ലപ്പെട്ടയാളുടെ പിതാവിനോട് മാപ്പ് നല്‍കാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും മകന്റെ ഘാതകനെ വധശിക്ഷക്ക് വിധേയമാക്കണമെന്നതി ല്‍ അദ്ദേഹം ഉറച്ചുനിന്നു. നൂറുകണക്കിന് മില്യന്‍ റിയാലിന്റെ കെട്ടുകള്‍ ആദില്‍ സുലൈമാന്റെ പിതാവിന്റെ കൈകളില്‍ വച്ചുകൊടുത്തെങ്കിലും അദ്ദേഹം നിരസിച്ചു. ഉച്ചമുതല്‍ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബന്ദര്‍ രാജകുമാരന്‍ പിതാവിനെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പിന്മാറിയില്ല. ഒടുവില്‍ 4.13ന് ശിക്ഷ നടപ്പാക്കുകയായിരുന്നു. ഈ സമയം തുര്‍ക്കി രാജകുമാരന്റെ പിതാവും മറ്റു കുടുംബാംഗങ്ങളും പൊട്ടിക്കരഞ്ഞു. എന്നാല്‍ കൊല്ലപ്പെട്ടയാളുടെ പിതാവിന്റെ മുഖത്ത് ഭാവമാറ്റം ഉണ്ടായിരുന്നില്ല- ഡോ. അല്‍മസ്‌ലൂഹി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 657 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക