|    Jun 22 Fri, 2018 5:09 am
FLASH NEWS
Home   >  Sports  >  Football  >  

രാജകീയ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം,,,ബുഫണെ റൊണാള്‍ഡോ മറികടക്കുമോ?

Published : 3rd June 2017 | Posted By: ev sports

കാര്‍ഡിഫ്: കാര്‍ഡിഫിലെ മില്ലേനിയം സ്റ്റേഡിയത്തില്‍ ഇന്ന് ഗെയിം ഓഫ് ത്രോണ്‍സ് ആണ്. അഥവാ, സിംഹാസനപ്പോരാട്ടം. യൂറോപ്പിലെ ഫുട്‌ബോള്‍ രാജാക്കന്മാരെ കണ്ടെത്താനുള്ള ചാംപ്യന്‍സ് ലീഗിലെ അവസാന അങ്കം. ചരിത്ര കിരീടത്തിനു വേണ്ടി പോരടിക്കുന്നതാവട്ടെ, ലോകം കണ്ട മികച്ച രണ്ട് ക്ലബ്ബുകളും. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ കരുത്തരായ യുവന്റസും. ഈ ഫൈനലിനെ കാല്‍പന്ത് യുദ്ധം എന്ന് വിശേഷിപ്പിച്ചാലും അതിശയമാവില്ല. ചാംപ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായി കപ്പ് നിലനിര്‍ത്തുന്ന ടീമാവാനാണ് സിനദിന്‍ സിദാനും കൂട്ടരും കാര്‍ഡിഫിലെത്തിയിരിക്കുന്നത്. സൂപ്പര്‍ താരങ്ങളെ അണിനിരത്തി സ്പാനിഷ് ലീഗ് സ്വന്തമാക്കിയ ആത്മവിശ്വാസമാണ് അവരുടെ കരുത്ത്. അതേസമയം ഏതു സൂപ്പര്‍ താര നിരയെയും ഒന്നു വിറപ്പിക്കാന്‍ തക്ക കെല്‍പ്പുള്ള യുവന്റസ് നിര റയല്‍ മാഡ്രിഡിന് കനത്ത വെല്ലുവിളിയാവുമെന്ന് ഉറപ്പ്.
സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് കിരീടം ചൂടിയപ്പോള്‍ ഇറ്റാലിയന്‍ ലീഗായ സീരി എ കിരീടം യുവന്റസിനായിരുന്നു. തൊട്ടുപിന്നാലെ കോപാ ഇറ്റാലിയ കിരീടവും യുവന്റസ് നിലനിര്‍ത്തി. ഇരു ലീഗിലെയും രാജാക്കന്മാരായി അടുത്ത ചാംപ്യന്‍സ് ലീഗ് ഉറപ്പാക്കിയ റയലും യുവന്റസും ഇതിനു മുമ്പ് 18 തവണ മുഖാമുഖം ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ എട്ടു തവണ ഇരുകൂട്ടരും വിജയം നേടി തുല്യത പാലിക്കുകയാണ്. ബാക്കി പത്ത് മല്‍സരങ്ങളും സമനിലയിലാണ് പിരിഞ്ഞത്. ഇതിനു മുമ്പ് 1998ല്‍ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 1-0ന് റയല്‍ മാഡ്രിഡാണ് വിജയിച്ചത്. പതിനൊന്ന് തവണ യൂറോപ്യന്‍ കപ്പ്/ ചാംപ്യന്‍സ് ലീഗ് നേടിയ പാരമ്പര്യം റയലിന് അവകാശപ്പെടാനുണ്ട്. എന്നാല്‍, രണ്ട് തവണ മാത്രമാണ് കപ്പ് യുവന്റസിനൊപ്പം ഇറ്റലിയിലേക്ക് പോയിട്ടുള്ളത്. ഇത്തവണ പക്ഷേ, ആരു കപ്പ് നേടുമെന്ന പോലും പ്രവചിക്കാന്‍ സാധിക്കാത്ത വിധം കരുത്തരാണ് ഇരുകൂട്ടരും.
ക്ലബ്ബ് ചരിത്രത്തില്‍ മികച്ച പരിശീലകനും പ്രതിരോധ നിരയും ഒത്തിണങ്ങിയ യുവന്റസ് ഈ സീസണില്‍ കപ്പ് ഉയര്‍ത്തുമെന്ന് ഉറപ്പിച്ചാണ് കാര്‍ഡിഫിലേക്ക് എത്തുന്നത്. 2015ല്‍ ഫൈനലില്‍ ബാഴ്‌സലോണയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് തിരിച്ചുപോവേണ്ടി വന്ന യുവന്റസ് അവസാനം ചാംപ്യന്‍സ് ലീഗ് നേടിയത് 2006ലാണ്. തുടര്‍ച്ചയായി രണ്ട് ഇറ്റാലിയന്‍ കിരീടങ്ങള്‍ നേടി ചരിത്രത്തിനരികെ എത്തിയ യുവന്റസ്, ചാംപ്യന്‍സ് ലീഗും നേടിയാല്‍ അത് വന്‍ നേട്ടമാവും. 2009ല്‍ ഇന്റര്‍ മിലാനാണ് ഇതിന് മുമ്പ് ഈ മൂന്ന് കിരീടങ്ങളും ഒരുമിച്ച് നേടിയ ഏക ടീം. കരുത്തുറ്റ പ്രതിരോധ നിരയാണ് യുവന്റസിന്റെ ശക്തി. ഒറ്റ മല്‍സരത്തില്‍ പോലും തോല്‍ക്കാതെ ഫൈനലിലെത്തിയ ടീമാണ് യുവന്റസ്. ഈ സീസണില്‍ വെറും മൂന്ന് ഗോള്‍ മാത്രമാണ് യുവന്റസ് വഴങ്ങിയത്. ഇളകാത്ത പ്രതിരോധത്തിനൊപ്പം ജിയാന്‍ലുജി ബുഫണ്‍ എന്ന അതികായനായ ഗോളി കൂടി ചേരുമ്പോള്‍ അവരുടെ വല കുലുക്കുക എതിരാളികള്‍ക്ക് ഏറെ പ്രയാസകരമായിരിക്കും. ഒരു മല്‍സരം പോലും തോല്‍ക്കാതെ ഒരു ടീം ചാംപ്യന്‍സ് ലീഗ് അവസാനമായി നേടിയത് 2008ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആയിരുന്നു. പതിവു നിരയില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയാണ് ബ്ലാക്ക് ആന്റ് വൈറ്റ്‌സ് കാര്‍ഡിഫിലിറങ്ങുകയെന്നാണ് റിപോര്‍ട്ടുകള്‍. പരിക്ക് ഭേദമായ മാന്റുകിച്ച് ആക്രമണ നിരയില്‍ തിരിച്ചെത്തിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss