|    Nov 14 Wed, 2018 9:45 pm
FLASH NEWS
Home   >  Pravasi   >  

രഹസ്യ ഇമെയിലുകള്‍ പുറത്തായി : ഖത്തറിനെതിരായ പ്രചരണത്തിന് യുഎഇ നയതന്ത്ര പ്രതിനിധിയുടെ ഗൂഢാലോചന

Published : 5th June 2017 | Posted By: fsq

 

ദോഹ: യുഎഇ നയതന്ത്രപ്രതിനിധി ഖത്തറിനെതിരേ പ്രചരണം നടത്തുന്നതിന് ഇസ്രായേലുമായി ഗൂഢാലോചന നടത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. അമേരിക്കയിലെ യുഇഎ അംബാസഡര്‍ യൂസുഫ് അല്‍ഉതൈബയുടെ ഇമെയിലുകള്‍ ചോര്‍ത്തിയ ഗ്ലോബല്‍ ലീക്ക്‌സ് എന്ന ഹാക്കിങ് സംഘം ഇതുസംബന്ധമായ നിരവധി ഇമെയില്‍ ആശയവിനിമയങ്ങള്‍ പുറത്തുവിട്ടു. അല്‍ഉതൈബയും ഇസ്രായേല്‍ അനുകൂല നവയാഥാസ്ഥിതിക ചിന്താ കേന്ദ്രമായ ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡമോക്രസീസും(എഫ്ഡിഡി) തമ്മിലുള്ള അടുത്ത ബന്ധം തെളിയിക്കുന്നതാണ് ഇമെയിലുകള്‍. 2014 മുതലുള്ള ഇമെയിലുകളില്‍ എഫ്ഡിഡിയും യുഎഇയും തമ്മിലുള്ള രഹസ്യ ബന്ധം തെളിയിക്കുന്ന നിരവധി വിവരങ്ങളുണ്ടെന്ന് അല്‍ജസീറ റിപോര്‍ട്ടില്‍ പറയുന്നു. ഇസ്രായേല്‍ അനുകൂല ബില്ല്യണറായ ഷെല്‍ഡണ്‍ ആന്‍ഡേഴ്‌നാണ് എഫ്ഡിഡിക്ക് സാമ്പത്തിക സഹായം നല്‍കുന്നത്. മേഖലാ, ആഗോള ശക്തിയെന്ന നിലയിലുള്ള ഖത്തറിന്റെ പ്രതിഛായ തകര്‍ക്കുന്നതിനുള്ള ശ്രമം നടക്കുന്നതിന്റെ വ്യക്തമായ സൂചനകള്‍ ഇമെയിലില്‍ ഉണ്ട്. ഖത്തറും കുവൈത്തും ഭീകരതയെ പിന്തുണക്കുന്നു എന്ന് ആരോപിക്കുന്ന രീതിയിലുള്ള വാര്‍ത്തകളും മറ്റും  പടച്ചുവിടുന്നതിന് മാധ്യമ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തിയതായും ഇമെയിലുകളിലൂടെ വെളിച്ചത്തുവന്നു. ഖത്തറിനെതിരേ നടക്കുന്ന പ്രചാരണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതാരാണെന്നാണ് ഇമെയിലുകളിലൂടെ വെളിച്ചത്തു വന്നിരിക്കുന്നതെന്ന് മിഡില്‍ ഈസ്റ്റ് എയ് എഡിറ്റര്‍ ഇന്‍ ചീഫ് ഡേവിഡ് ഹേര്‍സ്റ്റ് അല്‍ജസീറയോട് പറഞ്ഞു. യുഎസ് ദേശീയ സുരക്ഷാ വൃത്തങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ് ഉതൈബ. വാഷിങ്ടണിലെ ഏറ്റവും ആകര്‍ഷക വ്യക്തിത്വം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഉതൈബ പ്രത്യേക ക്ഷണപ്രകാരം പെന്റഗണിന്റെ തന്ത്രപ്രധാന യോഗങ്ങളിലും മറ്റും പങ്കെടുക്കാറുണ്ട്. ജൂണ്‍ 11 മുതല്‍ 14 വരെ എഫ്ഡിഡിയും യുഎഇ സര്‍ക്കാരും തമ്മില്‍ നടക്കാനിരിക്കുന്ന യോഗത്തിന്റെ വിവരങ്ങളും ചോര്‍ത്തപ്പെട്ട ഇമെയിലുകളിലുണ്ടെന്ന് അല്‍ജസീറ റിപോര്‍ട്ടില്‍ പറയുന്നു. പ്രധാനമായും ഖത്തറാണ് യോഗത്തിലെ ചര്‍ച്ചാ വിഷയം. ഖത്തര്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലായ അല്‍ജസീറയും അതിന് മുസ്്‌ലിം ബ്രദര്‍ഹുഡുമായുള്ള ബന്ധവും യോഗത്തിന്റെ അജണ്ടയിലുണ്ടെന്നും ഇമെയിലുകളില്‍ നിന്ന് വ്യക്തമാവുന്നു. മുന്‍ യുഎസ് ഡിഫന്‍സ് സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ്, എഫ്ഡിഡി സിഇഒ മാര്‍ക്ക് ഡുബോവിറ്റ്‌സ് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇറാനെതിരായ നീക്കങ്ങളും ഇമെയിലുകളില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് റിപോര്‍ട്ട്. ചോര്‍ത്തപ്പെട്ട ഇമെയിലുകളെ പരാമര്‍ശിച്ച് നേരത്തേ ന്യൂയോര്‍ക്ക് ടൈംസും റിപോര്‍ട്ട് പുറത്തുവിട്ടിരുന്നു. തങ്ങള്‍ പരസ്യമാക്കിയത് ഇമെയിലുകളുടെ ചെറിയൊരു ഭാഗമാണെന്ന് ഹാക്കര്‍മാര്‍ അറിയിച്ചതായി ഡെയ്‌ലി ബീസ്റ്റ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കന്‍ താല്‍പ്പര്യങ്ങളെയും അതിന്റെ സഖ്യകക്ഷികളെയും വ്രണപ്പെടുത്താന്‍ ചെറിയൊരു രാഷ്ട്രവും കമ്പനിയും ലോബിയിങ് നടത്തുന്നത് പരസ്യമാക്കുകയായിരുന്നു ഹാക്കര്‍മാരുടെ ലക്ഷ്യം. വാഷിങ്ടണിലെ അഴിമതി വിരുദ്ധ പ്രസ്ഥാനമാണ് തങ്ങള്‍ക്ക് രേഖകള്‍ കൈമാറിയതെന്ന് ഹാക്കര്‍മാര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss