|    Nov 17 Sat, 2018 5:00 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് കശ്മീര്‍: 35 എ നീക്കിയാല്‍ പോലിസില്‍ കലാപമുണ്ടാവും

Published : 6th August 2018 | Posted By: kasim kzm

കെ എ സലിം

ശ്രീനഗര്‍: ഭരണഘടനയില്‍ കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 35 എ നീക്കം ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ജമ്മുകശ്മീര്‍ പോലിസില്‍ കലാപമുണ്ടാവുമെന്നു കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ്. 35എയ്‌ക്കെതിരായ ഏതു നീക്കവും കശ്മീരില്‍ കടുത്ത പ്രക്ഷോഭത്തിനു് കാരണമാവുമെന്നും നിലവില്‍ വിഘടനവാദ, സായുധ സംഘടനകള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുന്ന കശ്മീര്‍ പോലിസ് ഇന്ത്യാവിരുദ്ധ പക്ഷത്തു ചേരുമെന്നും കേന്ദ്ര സര്‍ക്കാരിന് ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കുന്നു.
ഇതു സംബന്ധിച്ച കേസ് ഇന്നു സുപ്രിംകോടതി പരിഗണിക്കാനിരിക്കുകയാണ്. നിലവില്‍ നടക്കുന്ന സമരങ്ങളോട് അനുഭാവമുള്ള നിലപാടാണു പോലിസ് സ്വീകരിച്ചിരിക്കുന്നത്. കശ്മീരില്‍ ആദ്യമായാണു പോലിസ് പ്രതിഷേധത്തിന് അനുമതി നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന് കശ്മീരിലെ സ്ഥിരം താമസക്കാര്‍ ആരെന്നു നിര്‍ണയിക്കാനുള്ള അധികാരം നല്‍കുന്നതാണു ഭരണഘടനയിലെ 35 എ. ഇതു പ്രകാരം സ്ഥിരതാമസക്കാര്‍ക്ക് പ്രത്യേക അധികാരങ്ങളുമുണ്ട്. 1954 മുതലാണു പ്രസിഡന്‍ഷ്യല്‍ ഉത്തരവിലൂടെ ഇതു നിലവില്‍വന്നത്. സ്ഥിരതാമസക്കാര്‍ക്കു മാത്രമേ സര്‍ക്കാര്‍ ജോലി ലഭിക്കാനും ഇവിടെ നിഷ്‌ക്രിയ ആസ്തികള്‍ ഏറ്റെടുക്കാനും സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ നേടാനുമെല്ലാം അധികാരമുള്ളൂ. ഇന്ത്യയിലെ പൗരന്‍മാര്‍ക്ക് ഏതു സംസ്ഥാനത്തും ഭൂമി വാങ്ങാമെന്ന വ്യവസ്ഥ ഇവിടെ ബാധകമല്ല. കശ്മീരില്‍ കശ്മീരിയല്ലാത്തൊരാള്‍ക്ക് ഭൂമി വാങ്ങാന്‍ സാധ്യമല്ല.
സംസ്ഥാനത്തെ നിലവിലെ മുസ്്‌ലിം ഭൂരിപക്ഷം അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ ഹിന്ദുത്വസംഘടനകള്‍ നടത്തുന്ന നീക്കമായാണു കശ്മീരികള്‍ ഇതിനെ കാണുന്നത്. ഇത്തരമൊരു വികാരം പോലിസിലെ ഉന്നതങ്ങളിലുമുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
1990 മുതല്‍ 1600 പോലിസുകാരാണു സായുധ സംഘങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കോടതി ഇടപെടലുണ്ടായാല്‍ പോലിസിലെ ഉന്നതങ്ങളില്‍ നിന്നു തന്നെയായിരിക്കും പൊട്ടിത്തെറി തുടങ്ങുകയെന്ന് ഇന്റലിജന്‍സ് വ്യക്തമാക്കുന്നു. നിലവില്‍ 35 എയ്‌ക്കെതിരായ നീക്കം കശ്മീരിലെ എല്ലാ വിഭാഗത്തെയും ഒറ്റക്കെട്ടാക്കിയിട്ടുണ്ട്. ജോയിന്റ് റസിസ്റ്റന്‍സ് ലീഡര്‍ഷിപ്പ് പ്രഖ്യാപിച്ച സമരത്തിന് എല്ലാ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു. അതു കൂടാതെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ട്രേഡ് യൂനിയനുകള്‍, ബിസിനസ് അസോസിയേഷനുകള്‍, സിവില്‍ സൊസൈറ്റി സംഘടനകള്‍, ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, വ്യാപാരികള്‍ തുടങ്ങിയവരും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഈ സംഘടനകളെല്ലാം ഒരുപോലെ സമരത്തിനിറങ്ങുന്നതു കശ്മീരില്‍ അസാധാരണമാണ്. രാഷ്ട്രീയപ്പാര്‍ട്ടികളും സമരത്തെ അനുകൂലിക്കുന്ന നിലപാടിലാണ്.
ഒക്ടോബറില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു വരെയെങ്കിലും കേസ് നീട്ടിവയ്ക്കണമെന്നു ഗവര്‍ണര്‍ എന്‍ എന്‍ വോറ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കശ്മീരിയെന്ന നിലയില്‍ താനുള്‍പ്പെടെയുള്ള പോലിസുദ്യോഗസ്ഥര്‍ക്കും തങ്ങളുടെതായ നിലപാടുണ്ടെന്നു പോലിസ് മേധാവി ശേഷ്‌പോള്‍ വായ്ദ് പറഞ്ഞു. എന്നാലും ജോലി തന്നെയാണ് തങ്ങള്‍ക്ക് പ്രധാനം. സങ്കീര്‍ണമായ പല സാഹചര്യത്തിലും പോലിസ് തങ്ങളുടെ ജോലി നിര്‍വഹിച്ചിട്ടുണ്ടെന്നും പോലിസ് മേധാവി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss