|    Feb 24 Fri, 2017 11:26 pm
FLASH NEWS

രഹസ്യമായി തുടങ്ങിയ പരസ്യ നിഷേധം

Published : 28th November 2016 | Posted By: SMR

slug-navas-aliമലയാളികളെ ഏറെ ചിരിപ്പിച്ച സിനിമയായിരുന്നു സിദ്ദീഖ് ലാല്‍ ടീമിന്റെ ഫ്രണ്ട്‌സ്. അതില്‍ പെയ്ന്റിങ് കരാറുകാരനായ ജഗതി ശ്രീകുമാര്‍ തന്റെ കീഴിലെ അപ്രന്റിസിനോട് പറയുന്ന ഒരു മറുപടി രസാവഹമാണ്. ചുവരില്‍ നിന്ന് വേണ്ടാത്ത ആണി പറിച്ചെടുക്കാന്‍ ആവശ്യപ്പെടുമ്പോള്‍ വേണ്ടാത്ത ആണി എങ്ങനെ തിരിച്ചറിയാമെന്നാണ് അപ്രന്റിസിന്റെ ചോദ്യം. ഇതിന് ജഗതി പറയുന്നത്, നീ പറിക്കുന്ന ആണിയെല്ലാം വേണ്ടാത്തതായിരിക്കും എന്നാണ്. ഒരേ വാര്‍ത്ത പല പത്രങ്ങളില്‍ ഒരേതരത്തില്‍ വരുമ്പോള്‍ അതില്‍ ഒരു പത്രത്തിലുള്ള വാര്‍ത്ത മാത്രം ദേശവിരുദ്ധമാവുന്നതിന്റെ കാരണം ഫ്രണ്ട്‌സ് സിനിമയിലെ ജഗതിയുടെ കഥാപാത്രം പറയുന്ന മറുപടിയിലുണ്ട്. നീ പറിക്കുന്ന ആണി എന്നതിനു പകരം നിങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്ന വാര്‍ത്തകള്‍ ദേശവിരുദ്ധമായിരിക്കും എന്നു മാറ്റിവായിക്കണമെന്നു മാത്രം.
പത്തുവര്‍ഷം മുമ്പ് മറ്റെല്ലാ മലയാള പത്രങ്ങളെയും പോലെ സര്‍ക്കാരിന്റെ എല്ലാവിധ അനുമതികളോടെയും തുടങ്ങിയ പത്രമാണ് തേജസ്. 13000ത്തിലധികം ഓഹരി ഉടമകളുള്ള ഇന്റര്‍ മീഡിയ പബ്ലിഷിങ് ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള തേജസ് പങ്കാളിത്ത പത്രപ്രവര്‍ത്തനത്തിന്റെ മികച്ച ഉദാഹരണമാണ്. അത് ഒരു സംഘടനയുടെയും മുഖപത്രമല്ല. വിവിധ മതക്കാരായ 400ഓളം ജീവനക്കാരുള്ള തേജസില്‍ ഇന്നുവരെ ദേശവിരുദ്ധമോ വര്‍ഗീയത വളര്‍ത്തുന്നതോ ആയ ഒരു വാര്‍ത്ത പോലും പ്രസിദ്ധീകരിച്ചിട്ടില്ല. എന്നിട്ടും തേജസ് എന്തുകൊണ്ട് ഭരണാധികാരികളുടെ അപ്രീതിക്ക് ഇരയാവുന്നു എന്ന ചോദ്യം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്. പരസ്യം നിഷേധിച്ചും പത്രം അടച്ചുപൂട്ടാതിരിക്കാനുള്ള കാരണം ആവശ്യപ്പെട്ടും തേജസിനെ ആക്രമിക്കാനിറങ്ങുന്നവര്‍ക്ക് ഇതിനൊന്നും ശരിയായ കാരണം പോലും പറയാനില്ല എന്നതാണു സത്യം. 2006 ജനുവരി 26ന് പ്രസിദ്ധീകരണം തുടങ്ങിയതു മുതല്‍ തേജസില്‍ വന്ന വാര്‍ത്തകള്‍ ഓരോന്നും മലയാളിസമൂഹം കണ്ടതും വായിച്ചതുമാണ്. സ്വദേശത്തും വിദേശത്തുമായി ലക്ഷക്കണക്കിന് മലയാളികള്‍ എന്നും വായിക്കുന്നതാണ് ഈ പത്രത്തിലെ വരികള്‍. അവരാരും തേജസിനെക്കുറിച്ച് ഒരു പരാതിയും പറഞ്ഞിട്ടില്ല. എന്നിട്ടും നമ്മുടെ അധികാരികള്‍ എങ്ങനെയാണ് തേജസിലെ വാര്‍ത്തകളില്‍ ദേശവിരുദ്ധതയും വര്‍ഗീയതയും കണ്ടെത്തിയത് എന്ന ചോദ്യത്തിന് ഉത്തരം ആവശ്യമാണ്.
പ്രസിദ്ധീകരണം തുടങ്ങി എട്ടുമാസമായപ്പോള്‍ 2006 സപ്തംബര്‍ നാലിന് തേജസിന് പിആര്‍ഡി ആദ്യ പരസ്യം നല്‍കി. ഇതിനുശേഷം തുടര്‍ച്ചയായി 2010 മെയ് 15 വരെ സംസ്ഥാന സര്‍ക്കാരിന്റെ പരസ്യങ്ങള്‍ തേജസിനു ലഭിക്കുകയുണ്ടായി. എന്നാല്‍ 2010 മെയ് 16 മുതല്‍ തേജസിന് പരസ്യങ്ങള്‍ നിഷേധിച്ചു. തേജസിന് എന്തുകൊണ്ട് പരസ്യം നിഷേധിക്കുന്നുവെന്ന് അറിയിപ്പ് നല്‍കുകയോ വിശദീകരണം ആവശ്യപ്പെടുകയോ ചെയ്യാതെ പരസ്യം നല്‍കുന്നത് ഏകപക്ഷീയമായി നിര്‍ത്തലാക്കുകയാണ് അന്ന് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത്. തേജസിന് പരസ്യം നിഷേധിച്ചതിന്റെ കാരണമാരാഞ്ഞ് കരമന റസാഖ് എന്നയാള്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു. ഇതിന് 2010 ആഗസ്ത് 21ന് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഡിപാര്‍ട്ട്‌മെന്റ് (പിആര്‍ഡി) ഡെപ്യൂട്ടി ഡയറക്ടറുമായ പി എസ് സുരേഷ് പല ചോദ്യങ്ങള്‍ക്കും നല്‍കിയത് ബാധകമല്ല, വിവരം ലഭ്യമല്ല തുടങ്ങിയ മറുപടിയാണ്. തേജസിന് പരസ്യം തടഞ്ഞത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് ലഭിച്ച മറുപടി ഇങ്ങനെ വായിക്കാം: ”ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നു ലഭിച്ച ഒരു കത്തിന്റെ അടിസ്ഥാനത്തില്‍ ഈ വകുപ്പില്‍ നിന്ന് ഉദ്ഭവിച്ച ഒരു ഫയലിലെ നടപടിക്രമത്തിന്റെ ഭാഗമായാണ് തേജസ് ദിനപത്രത്തിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ താല്‍ക്കാലികമായി തടഞ്ഞിരിക്കുന്നത്.”
സര്‍ക്കാര്‍ ഭാഷയിലുള്ള ഒരു ഒഴിഞ്ഞുമാറല്‍. ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് ആര് നല്‍കിയ കത്താണെന്നോ അതിലെ ഉള്ളടക്കം എന്താണെന്നോ പോലും വ്യക്തമാക്കാന്‍ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് അന്നു തയ്യാറായില്ല. ഒരു ഫയലിലെ നടപടിക്രമങ്ങളുടെ ഭാഗമായാണ് പരസ്യം തടഞ്ഞുവച്ചത് എന്ന, പലതും മൂടിവച്ചുള്ള മറുപടിയാണ് സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നല്‍കിയത്. അവിടെ തുടങ്ങുന്നു തേജസിന് പരസ്യം നിഷേധിച്ചുകൊണ്ടുള്ള പൊറാട്ടുനാടകങ്ങളുടെ നാള്‍വഴികള്‍.

 (അവസാനിക്കുന്നില്ല)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 198 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക