|    Nov 25 Sat, 2017 11:01 am
FLASH NEWS
Home   >  Sports  >  Cricket  >  

രവീന്ദ്ര ജഡേജ: നമ്പര്‍ 1 ടെസ്റ്റ് ബൗളര്‍, നമ്പര്‍ 1 ടെസ്റ്റ് ഓള്‍ റൗണ്ടര്‍

Published : 8th August 2017 | Posted By: ev sports


കൊളംബോ: ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യയുടെ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ബൗളര്‍മാരുടെ പട്ടികയിലും ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയിലും ഒന്നാം സ്ഥാനത്ത്. നേരത്തെ തന്നെ ബൗളര്‍മാരില്‍ ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും  ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയില്‍ നടന്ന രണ്ടാം ടെസ്റ്റിലെ ഓള്‍ റൗണ്ടര്‍ പ്രകടനം ജഡേജയെ ഓള്‍ റൗണ്ടര്‍മാരിലും ഒന്നാം സ്ഥാനത്തേക്കെത്തിക്കുകയായിരുന്നു. ബംഗ്ലാദേശിന്റെ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഷക്കീബ് അല്‍ഹസനെ പിന്തള്ളിയാണ് ജഡേജയുടെ മുന്നേറ്റം. മോശം പെരുമാറ്റത്തിനെത്തുടര്‍ന്ന് ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് കളിക്കുന്നതില്‍ നിന്ന് ജഡേജയെ ഐസിസി വിലക്കിയെങ്കിലും പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്താണ് ജഡേജയുള്ളത്. 28.76 ശരാശരിയില്‍ 13 വിക്കറ്റുകളാണ് ജഡേജ അക്കൗണ്ടിലാക്കിയത്.
ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളിലും സെഞ്ച്വറി നേടിയതോടെ ചേതേശ്വര്‍ പുജാര ബാറ്റിങില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.  അജിന്‍ക്യ രഹാനെ അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ആറാം സ്ഥാനത്തേക്കുയര്‍ന്നു. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളില്‍നിന്നായി 212 റണ്‍സ് അടിച്ചെടുത്തതാണ് രഹാനെയുടെ മുന്നേറ്റത്തിന് വഴിവച്ചത്.ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഏഴാം സ്ഥാനവും സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഇംഗ്ലണ്ട് താരം മോയിന്‍ അലി ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയിലെ നാലാം സ്ഥാനം നിലനിര്‍ത്തി. ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ മൂന്ന് സ്ഥാം മെച്ചപ്പെടുത്തി 21ാം സ്ഥാനവും അലി കരസ്ഥമാക്കി. ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ബൗളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. പരിക്കിനെത്തുടര്‍ന്ന് നീണ്ട നാളുകള്‍ വിശ്രമത്തിലായിരുന്ന ആന്‍ഡേഴ്‌സണ്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ 20 വിക്കറ്റുകളാണ് നേടിയെടുത്തത്. ഇന്ത്യയുടെ രവിചന്ദ്ര അശ്വിനാണ് മൂന്നാം സ്ഥാനത്തുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക