|    Jun 18 Mon, 2018 1:07 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

രവി ‘ശസ്ത്രക്രിയ’ മാറ്റുമോ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിസന്ധി ?

Published : 14th July 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തേക്ക് രവി ശാസ്ത്രി എത്തുമ്പോള്‍ ക്രിക്കറ്റ് ലോകത്ത് ഉയരുന്ന ആകുലതകളും ആശങ്കകളും ഏറെയാണ്. അതില്‍ പ്രധാനം ബിസിസിഐ ഉപദേശക സമിതി അംഗത്തിലെ പ്രധാനിയും ഇന്ത്യയുടെ മുന്‍ നായകനുമായ സൗരവ് ഗാംഗുലിയും രവി ശാസ്ത്രിയും തമ്മിലുള്ള ഉടക്കു തന്നെയാണ്. പരിശീലകനായുള്ള അഭിമുഖത്തില്‍ സചിന്‍ ടെണ്ടുല്‍ക്കറും വി വി എസ് ലക്ഷ്മണനും രവി ശാസ്ത്രിക്ക് പിന്തുണ അറിയിച്ചപ്പോള്‍ ഗാംഗുലി മാത്രം ഉടക്കി നിന്നു. ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പ്രിയ തോഴനായ രവി ശാസ്ത്രിക്കായി താരം കടുംപിടുത്തം പിടിച്ചപ്പോള്‍ ഗാംഗുലിക്കും വഴങ്ങേണ്ടി വന്നു. എന്നാല്‍ സപ്പോര്‍ട്ടിങ് സ്റ്റാഫിനെ തിരഞ്ഞെടുക്കുന്നതിനുള്ള സമയത്ത് വീണ്ടും ഗാംഗുലിയും രവി ശാസ്ത്രിയും തമ്മില്‍ ഉടക്കി. സഹീര്‍ ഖാനെ ബൗളിങ് പരിശീലകനായി നിയമിക്കാന്‍ ഗംാഗുലി നിര്‍ദേശിച്ചപ്പോള്‍ ശാസ്ത്രി വീണ്ടും ഉടക്കിട്ടു. ഭാരതി അരുണിനെ ബൗളിങ് പരിശീലകനാക്കാനായിരുന്നു ശാസ്ത്രിയുടെ ലക്ഷ്യം. ഒടുവില്‍, ഇരുവരും അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ചപ്പോള്‍ സഹീര്‍ ഖാന്‍ ബൗളിങ് പരിശീലകസ്ഥാനത്തേക്കെത്തി. പക്ഷേ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല. തന്നിഷ്ടം അനുവദിച്ച് നല്‍കില്ലെന്ന് സൗരവ് ഗാംഗുലി പ്രസ്താവിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും ഒരു പൊട്ടിത്തെറിക്കുള്ള അഗ്നിപര്‍വതം പുകഞ്ഞു തുടങ്ങി. രവി ശാസ്ത്രിക്ക് മൂക്കുകയറിടാന്‍ വേണ്ടിയാണ് രാഹുല്‍ ദ്രാവിഡിനെ ഇന്ത്യയുടെ വിദേശ പര്യടനത്തില്‍ ബാറ്റിങ് കണ്‍സള്‍ട്ടന്റായി ഗാംഗുലി നിയമിച്ചത്. സാധാരണഗതിയില്‍ മുഖ്യ പരിശീലകന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാവും സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ എത്തുക. ഗ്രഗ് ചാപ്പലും ഗാരി കേസ്റ്റണും ഡെങ്കന്‍ ഫ്‌ളെച്ചറും പരിശീലകരായപ്പോള്‍ അവരുടെ പ്രിയപ്പെട്ടവരും ഒപ്പമുണ്ടായിരുന്നു. ചാപ്പലിനൊപ്പം ഫ്രെയ്‌സറാണുണ്ടായിരുന്നതെങ്കില്‍ കേസ്റ്റണിന്റെ കൂടെ പാഡി അപ്ടണും എറിക് സിംസണും ഉണ്ടായിരുന്നു. ഡങ്കന്‍ ഫ്്‌ളെച്ചറുടെ ഉടപെടലാണ് ട്രവര്‍ പെന്നിയെ ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകസ്ഥാനത്തേക്കെത്തിച്ചത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരവസരം ആദ്യ ഘട്ടത്തില്‍ രവി ശാസ്്ത്രിക്ക് ലഭിച്ചില്ലെങ്കിലും പന്തിപ്പോള്‍ രവി ശാസ്ത്രിയുടെ കോര്‍ട്ടിലാണ്. കോഹ്‌ലിക്കൊപ്പം ശാസ്ത്രി ഗാംഗുലിക്കെതിരെ പടനയിച്ചാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടുമൊരു കലഹത്തിനുള്ള ദൂരം വിദൂരമല്ല.ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍ പ്രകാരം രവി ശാസ്ത്രി ഭാരതി അരുണിനെ സഹ ബൗളിങ് പരിശീലകനാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ ഗാംഗുലിക്ക് ഇതില്‍ നല്ല എതിര്‍പ്പുണ്ട്്. സഹീര്‍ ഖാന്റെ കരാര്‍ കാലയളവോ വരുമാന തുകയോ ഇതുവരെ പുറത്ത് വിട്ടിട്ടുമില്ല. ആയതിനാല്‍ തന്നെ ഭാരതി അരുണിനെ ബൗളിങ് പരിശീലകനാക്കാന്‍ രവി ശാസ്ത്രി ശക്തമായി തന്നെ ഇടപെടുന്നുണ്ട്. അതുപോലെ ആസ്‌ത്രേലിയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ജേസണ്‍ ഗില്ലസ്പിയേയും സപ്പോര്‍ട്ടിങ് സ്റ്റാഫിലേക്കെത്തിക്കാന്‍ രവി ശാസ്ത്രി ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ പെപ്പ്വെ ന്യൂ ഗ്വുനിയയുമായി ഗില്ലസ്പി കരാര്‍ ഒപ്പിട്ടതിനാല്‍ ആ ശ്രമം പാളി. ഉപദേശക സമിതിയും ബിസിസിഐയും വെങ്കിടേഷ് പ്രസാദിനെ പരിഗണിച്ചെങ്കിലും രവി ശാസ്ത്രിയുടെ അപ്രീതി പ്രസാദിനെ തഴയാന്‍ കാരണമായി.കുംബ്ലെയും താനും തമ്മിലുള്ള വ്യത്യാസം എന്താണെന്ന കാര്യം പരിശീലകസ്ഥാനം ലഭിച്ച ഉടന്‍ രവി ശാസ്ത്രി വ്യക്തമാക്കി. കളിക്കാരോട് ഒരു അധ്യാപകനെപ്പോലെ പെരുമാറാന്‍ താന്‍ ഒരുക്കമല്ല. കളിക്കാര്‍ക്ക് അവരുടേതായ ശൈലിയുണ്ട്. അതിനെ പ്രോല്‍സാഹിപ്പിക്കുക. മാനസികമായി ആത്മവിശ്വാസം നല്‍കുക. അതാണ് തന്റെ രീതി- രവി ശാസ്ത്രി പറഞ്ഞു. കളിക്കാരോട് എന്തുചെയ്യണം എന്തുചെയ്യാതിരിക്കണം എന്നു പറഞ്ഞ് പഠിപ്പിച്ച് കൊടുക്കേണ്ട ആവശ്യമില്ല. ഏറ്റവും ആവശ്യം പരിശീലകരും കളിക്കാരും തമ്മില്‍ നല്ല ആശയവിനിമയം നടത്തുകയും നല്ല ബന്ധം സ്ഥാപിച്ചെടുക്കയുമാണ് വേണ്ടത്. രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. 2014 മുതല്‍ 2016 വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടറായിരുന്ന രവി ശാസ്ത്രിക്ക് അന്നത്തെപ്പോലെ എളുപ്പമാവില്ല ഇത്തവണ കാര്യങ്ങള്‍. ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനോടേറ്റ നാണംകെട്ട തോല്‍വിക്ക് പിന്നാലെ വിന്‍ഡീസ് പര്യടനം കളിച്ച ഇന്ത്യ ഏകദിന പരമ്പര നേടിയെങ്കിലും ഏക ട്വന്റി മല്‍സരം പരാജയപ്പെട്ടു. ഇനി ശാസ്ത്രീയ തന്ത്രങ്ങളുമായി രവി ശാസ്ത്രിയുടെ ശിക്ഷണത്തില്‍ ഇന്ത്യ കളിക്കുന്നത് ശ്രീലങ്കയ്‌ക്കെതിരെയാണ്. ശ്രീലങ്ക ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തില്ലെന്ന് പ്രത്യാശിച്ചാലും 2019ലെ ഏകദിന ലോകകപ്പ് എന്ന വലിയ ചോദ്യം ശാസ്ത്രിക്ക് മുകളില്‍ ഉയര്‍ന്ന് നില്‍ക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss