|    Apr 21 Sat, 2018 3:42 am
FLASH NEWS
Home   >  Todays Paper  >  page 12  >  

രവിശങ്കറിന്റെ പരിപാടിക്ക് സൈന്യത്തിന്റെ സേവനം: സര്‍ക്കാരിനെതിരേ പ്രതിപക്ഷം

Published : 10th March 2016 | Posted By: SMR

ന്യൂഡല്‍ഹി: ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ഡല്‍ഹിയില്‍ നടത്താനിരിക്കുന്ന ‘ലോക സാംസ്‌കാരികോത്സവം’ പരിപാടിക്കുവേണ്ടി സൈന്യത്തിന്റെ സേവനം ലഭ്യമാക്കുന്നതിനെതിരേ പ്രതിപക്ഷം. ശൂന്യവേളയില്‍ കോണ്‍ഗ്രസ്, ജെഡിയു, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ വിഷയമുന്നയിച്ചു. ഒരു സ്വകാര്യ പരിപാടിക്കുവേണ്ടി സൈന്യത്തിന്റെ സേവനം ലഭ്യമാക്കുന്നത് തികഞ്ഞ ക്രമക്കേടാണെന്ന് സിപിഎം എംപി സിതാറാം യെച്ചൂരി പറഞ്ഞു.
ചരിത്രത്തില്‍ മുമ്പില്ലാത്ത വിധമുള്ള പ്രശ്‌നങ്ങളാണ് പരിപാടിയുമായി ബന്ധപ്പെട്ട് യമുനയുടെ തീരത്ത് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാവുകയെന്ന് ജെഡിയു നേതാവ് ശരദ് യാദവ് പറഞ്ഞു. ഒരു വ്യക്തിക്കുവേണ്ടി താല്‍ക്കാലിക പാലം പണിയാന്‍ ഇന്ത്യന്‍ സേനയെ വിന്യസിക്കാന്‍ മാത്രം സര്‍ക്കാരിന് മേലുണ്ടായ സമ്മര്‍ദ്ദമെന്താണെന്നും ജെഡിയു അധ്യക്ഷന്‍ ചോദിച്ചു. രവിശങ്കറിന്റെ പരിപാടിയുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട യാദവ,് അയാള്‍ (രവിശങ്കര്‍) എന്ത് നാടകമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും വിമര്‍ശനരൂപേണ ചോദിച്ചു. എന്നാല്‍, സഭയില്‍ വരാന്‍ കഴിയാത്ത ഒരാള്‍ക്കെതിരേ വ്യക്തിപരമായ വിമര്‍ശനങ്ങളുന്നയിക്കരുതെന്ന് സഭാധ്യക്ഷന്‍ പി ജെ കുര്യന്‍ അംഗങ്ങളെ ഉണര്‍ത്തി.
പരിപാടിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സുരക്ഷാ ആശങ്കകളും പാര്‍ലമെന്റില്‍ ചര്‍ച്ചയായി. ഡല്‍ഹി പോലിസ്തന്നെ ഇക്കാര്യം ഉയര്‍ത്തിയ സാഹചര്യത്തില്‍ തനിക്കും ആശങ്കയുണ്ടെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. നിലവില്‍ ട്രൈബ്യൂണലിന്റെ പരിഗണനയിലുള്ള ഒരു വിഷയം സഭയില്‍ ഉന്നയിക്കരുതെന്നായിരുന്നു സഭാ ലീഡറും ധനകാര്യമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ വാദം.
സൈന്യത്തെ പരിപാടിക്കായി ഉപയോഗിക്കുന്നത് സുരക്ഷാ കാരണങ്ങളാലാണെന്നായിരുന്നു പാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ വിശദീകരണം. പരിപാടി യമുനാനദിയെയും തീരത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ആരോപണം ഹരിത ട്രൈബ്യൂണല്‍ പരിശോധിച്ചു വരികയാണെന്ന് പറഞ്ഞ നഖ്‌വി അന്തരീക്ഷ സംരക്ഷണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു. പരിപാടി നിയമവിധേയമായാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭരണപക്ഷത്തിന്റെ വാദങ്ങളില്‍ തൃപ്തരാവാത്ത പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും തുടര്‍ന്ന് സഭാനടപടികള്‍ കുറച്ചു നേരത്തേക്ക് നിര്‍ത്തിവയ്ക്കുകയും ചെയ്തു.
35 ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പരിപാടി പ്രദേശത്തെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നുമടക്കമുളള ആരോപണങ്ങളുയര്‍ന്നിരിക്കവെയാണ് പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുന്നത്. നാളെ മുതല്‍ മൂന്ന് ദിവസത്തേക്കാണ് പരിപാടി തീരുമാനിച്ചിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss