|    Dec 10 Mon, 2018 10:05 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങിനു താല്‍ക്കാലിക സ്‌റ്റേ

Published : 8th December 2018 | Posted By: kasim kzm

ചെന്നൈ: തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ ബൃഹദീശ്വര ക്ഷേത്രത്തില്‍ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ പരിപാടിക്ക് മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ച് താല്‍ക്കാലിക സ്‌റ്റേ അനുവദിച്ചു. ക്ഷേത്രത്തില്‍ പരിപാടി സംഘടിപ്പിക്കുന്നതിനെതിരേ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഇത്തരത്തിലുള്ള പരിപാടി ക്ഷേത്രത്തിന്റെ പവിത്രതയെ ബാധിക്കുമെന്നും ഹരജിയില്‍ പറഞ്ഞു. 2016ല്‍ ഡല്‍ഹിയിലെ യമുനാ നദിയുടെ തീരത്ത് ഇവര്‍ സംഘടിപ്പിച്ച പരിപാടിയില്‍ വലിയ നാശനഷ്ടമുണ്ടാക്കിയിരുന്നതായും പരാതിക്കാര്‍ പറയുന്നു.
യുനെസ്‌കോ പൈതൃക സ്മാരക പട്ടികയിലുള്ള ക്ഷേത്രത്തില്‍ പരിപാടി സംഘടിപ്പിക്കുന്നതിന് പുരാവസ്തു ഗവേഷണ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. സംഘടനയ്ക്ക് അനുമതി നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാരും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കോടതി ഉത്തരവിനെ തുടര്‍ന്ന് പരിപാടിയുടെ വേദി സ്വകാര്യ സ്ഥലത്തേക്ക് മാറ്റിയതായി ആര്‍ട്ട് ഓഫ് ലിവിങ് പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ പ്രദീപ് കുമാര്‍ പറഞ്ഞു. പരിപാടിയുടെ ഷെഡ്യൂളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പരിപാടി രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നതെന്ന് സംഘടനയുടെ മാധ്യമ കോ-ഓര്‍ഡിനേറ്റര്‍ രാജി സ്വാമിനാഥന്‍ പറഞ്ഞു. ശ്രീശ്രീ രവിശങ്കര്‍ അരാഷ്ട്രീയവാദിയാണ്. ഒരു കാരണവുമില്ലാതെ അദ്ദേഹത്തെ ബിജെപിയുമായി ബന്ധപ്പെടുത്തുന്നുവെന്ന് രാജി സ്വാമിനാഥന്‍ പറഞ്ഞു.
അതേസമയം, പരിപാടി നടത്തുന്നതിനെതിരേ വെള്ളിയാഴ്ച തമിഴ് ദേശീയ പാദുകാപ്പ് യെക്കാം സംഘടനയിലെ 30 അംഗങ്ങള്‍ ക്ഷേത്രത്തിനു പുറത്തു പ്രതിഷേധം സംഘടിപ്പിച്ചു. പരിപാടി നടത്തുന്നതുമായി ബന്ധപ്പെട്ട വിവരം ആദ്യം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. മധുര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ ആര്‍ മെയ്യാമി ക്ഷേത്രം സന്ദര്‍ശിക്കുകയും പരിപാടിയെ സംബന്ധിച്ച് ട്വീറ്റ് ചെയ്യുകയുമായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss