|    Mar 23 Fri, 2018 11:59 pm

രമിത്ത് വധം; പ്രതികള്‍ക്കായി വ്യാപക റെയ്ഡ്

Published : 19th October 2016 | Posted By: Abbasali tf

തലശ്ശേരി: പിണറായിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഓലയമ്പലം കൊല്ലനാണ്ടി വീട്ടില്‍ രമിത്ത് (27) കൊല്ലപ്പെട്ട കേസിലെ പ്രതികളെ പിടികൂടുന്നതിനായി വ്യാപക പോലിസ് റെയ്ഡ്. കേസുമായി ബന്ധപ്പെട്ട് ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിരുന്നു. ധര്‍മടം പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍. മൂന്നു ബൈക്കുകളിലെത്തിയ ആറംഗം സംഘമാണ് കൊല നടത്തിയതെന്ന് ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, രമിത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ മൊബൈല്‍ ഫോണിലൂടെ നല്‍കിയവരെ കൂടി ഉള്‍പ്പെടുത്തിയാണ് ഒമ്പതുപേര്‍ക്കെതിരേ ധര്‍മടം പോലിസ് കേസെടുത്തത്. കൊലപാതകം നടന്ന സ്ഥലത്തുള്ള പെട്രോള്‍പമ്പിലെ സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. ദൃശ്യങ്ങളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പോലിസിന്റെ പ്രതീക്ഷ. ഇക്കഴിഞ്ഞ 12നു രാവിലെ 9.45ഓടെയാണ് കേസിനാസ്പദമായ സംഭവം. സഹോദരിയുടെ മകള്‍ക്ക് മരുന്ന് വാങ്ങുന്നതിനായി വീട്ടില്‍നിന്നു പെട്രോള്‍ പമ്പിന് മുന്‍വശത്തെ ബസ് സ്‌റ്റോപ്പിലേക്ക് നടന്നുവരവെ ബൈക്കിലെത്തിയ മുഖംമൂടി ധാരികള്‍ രമിത്തിനെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് അമ്മ നാരായണിയും സഹോദരി രമിഷയും തൊട്ടടുത്ത വീട്ടില്‍നിന്നു ഓടിയെത്തി. മുഖത്തും കഴുത്തിനും ഇരുകൈകള്‍ക്കും മാരകമായി വെട്ടേറ്റ യുവാവ് തൊട്ടടുത്ത കുറ്റിക്കാട്ടില്‍ തളര്‍ന്നുവീണു. അരമണിക്കൂറോളം അവിടെതന്നെ കിടന്ന രമിത്തിനെ ഒടുവില്‍  സമീപത്തെ എക്‌സൈസ് ഓഫിസിലെ ഉദ്യോഗസ്ഥരാണ് അവരുടെ വാഹനത്തില്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരി ച്ചിരുന്നു. ഇതിനു രണ്ടുദിവസം മുമ്പ് സിപിഎം പടുവിലായി ലോക്കല്‍ കമ്മിറ്റിയംഗം മോഹനനെ കള്ളുഷാപ്പില്‍ ജോലിചെയ്യവെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് രമിത്തിന്റെ കൊലയെന്നാണ് പോലിസ് നിഗമനം. അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി ടി പി രഞ്ജിത്ത്, കണ്ണൂര്‍ ടൗണ്‍ സിഐ വേണുഗോപാലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss