|    Oct 17 Wed, 2018 1:24 pm
FLASH NEWS

രത്‌നവേലു ചെട്ടിയാരുടെ രക്തസാക്ഷിത്വത്തിന് 136 വയസ്സ്

Published : 28th September 2017 | Posted By: fsq

 

അബ്ദുല്‍ ഹക്കീം കല്‍മണ്ഡപം

ഒലവക്കോട്: പാലക്കാടന്‍ കോട്ടക്കിപ്പുറം നഗരസഭാ മന്ദിരത്തിനും ജില്ലാ ആശുപത്രിക്കും നടുവില്‍ പ്രകാശനംപരത്തി നില്‍ക്കുന്ന അഞ്ചുവിളക്ക് പുതിയ തലമുറക്ക് ഒരു കൗതുക കാഴ്ചയാണിന്ന്. എന്നാല്‍, ഭൂതകാലങ്ങളില്‍ പ്രകാശം ചൊരിഞ്ഞ അഞ്ചുവിളക്കിന് കാലമെത്ര കഴിഞ്ഞാലും ചോരയുണങ്ങാത്തൊരുകഥ പറയാനുണ്ട്. 19ാം നൂറ്റാണ്ടില്‍ ബ്രീട്ടീഷ് ഭരണകാലത്ത് വരേണ്യവര്‍ഗത്തില്‍പ്പെട്ട കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് ഹസ്തദാനം നല്‍കിയതിന്റെ പേരില്‍ ജീവത്യാഗം ചെയ്യേണ്ടി വന്ന പുലിക്കോട്ട് രത്‌നവേലു ചെട്ടിയാരുടെ രക്തസാക്ഷിമണ്ഡപം കൂടിയാണ് അഞ്ചുവിളക്ക്. മദ്രാസ് പ്രസിഡന്‍സിയുടെ ഏറ്റവും വലിയ രണ്ടാമത്തെ മുനിസിപ്പാലിറ്റിയായ പാലക്കാട് നഗരസഭയുടെ 15ാം വാര്‍ഷിക ദിനമായ 1881 സപ്തംബര്‍ 28നാണ് വൈസ് ചെയര്‍മാനായ പുലിക്കോട്ട് രത്‌നവേലൂ ചെട്ടിയാര്‍ ജീവത്യാഗം ചെയ്തത്. അന്ന് മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട്ടെ ബ്രീട്ടീഷുകാരനായ ജില്ലാ കലക്ടറും ചടങ്ങിനെത്തിയിരുന്നു. വി എ ബ്രാസിക്കായിരുന്നു മുനിസിപ്പില്‍ ചെയര്‍മാന്‍. പുലിക്കാട്ട് എസ് രത്‌നവേല്‍ ചെട്ടിയാരായിരുന്നു വൈസ് ചെയര്‍മാന്‍. ചടങ്ങിനെത്തിയ ആരും സായ്പ്പിന് ഹസ്തദാനം ചെയ്യാന്‍ ധൈര്യപ്പെട്ടില്ല. എന്നാല്‍ രത്‌നവേലു ചെട്ടിയാര്‍ കലക്ടര്‍ക്ക് ഷേക്ക് ഹാന്റ് നല്‍കി. സദസ് കാണ്‍കെ ചെട്ടിയാര്‍ തൊട്ട കൈ സായിപ്പ് സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കി.  ചെട്ടിയാരുടെ മനസ്സില്‍ മായ്ക്കാനാവാത്ത അപമാനമായി അതുമാറി. അഭിമാനക്ഷതമേറ്റ ചെട്ടിയാര്‍ അന്നത്തെ സായാഹ്നത്തില്‍  മുനിസിപ്പല്‍ ഓഫിസില്‍ ആത്മഹത്യ ചെയ്തു. വൈദേശികാധിപത്യത്തിനെതിരെയുള്ള ധീരരക്തസാക്ഷിത്വമായിട്ടാണ് ചെട്ടിയാരുടെ ജീവത്യാഗം രാജ്യം കണ്ടത്. ഒന്നാം വാര്‍ഷികത്തില്‍ മുനി ചെയര്‍മാന്റെ അനുവാദമില്ലാതെ തീര്‍ത്ത സ്മാരകം ജില്ലാ കലക്ടര്‍ പൊളിച്ചു മാറ്റാനുത്തരവിട്ടെങ്കിലും പിന്നീട് ജനവികാരം മാനിച്ച് മദ്രാസ് ഗവര്‍ണര്‍ സര്‍ ജോര്‍ജ്ജ് സ്റ്റാന്‍ലി കുടീരത്തിന്റെ സ്ഥാനത്ത് യുറോപ്യന്‍ ശൈലിയിലുള്ള അഞ്ചുവിളക്ക് സ്ഥാപിച്ചു. ശതാബ്ദങ്ങള്‍ക്കിപ്പുറവും വര്‍ണ-വര്‍ഗ വൈജാത്യങ്ങളുടെ പ്രതീകമായി അഞ്ചുവിളക്ക് നിലകൊള്ളുന്നു.അഞ്ചുവിളക്ക് പറയുന്ന കഥ എന്ന പേരില്‍ അരങ്ങേറുന്ന നാടകത്തിന്റെ റിഹേഴ്‌സല്‍ ഇന്ന് രാവിലെ 10ന് അഞ്ചുവിളക്കിന് മുന്നില്‍ നടക്കും. രവി തൈക്കാട്ടാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss