|    Nov 19 Sun, 2017 3:48 pm
FLASH NEWS

രത്നങ്ങള്‍ തട്ടിയെടുത്തെന്ന് പരാതി; ജ്യോല്‍സ്യന്റെ വീട്ടില്‍ റെയ്ഡ്

Published : 13th August 2017 | Posted By: fsq

 

കണ്ണപുരം: പുരാതന തറവാട്ടില്‍ സ്വര്‍ണ പ്രശ്‌നത്തിനെത്തിയ ജ്യോല്‍സ്യര്‍ പ്രശ്‌നവിധി പറഞ്ഞ് വീട്ടുകാരെ കബളിപ്പിച്ച് തറവാട്ടിലെ അമൂല്യ രത്‌നങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ ജ്യോല്‍സ്യരുടെ വീട്ടില്‍ പോലിസ് റെയ്ഡ്. കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന് ഇടക്കേപ്പുറം സ്വദേശി പോള ജയരാജന്‍ നല്‍കിയ പരാതിയിലാണ് ഇന്ന് രാവിലെ എട്ടോടെ കണ്ണപുരം റെയില്‍വെ സ്റ്റേഷന് സമീപം താമസിക്കുന്ന സുഭാഷ് ജ്യോല്‍സ്യരുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. വളപട്ടണം സിഐ എം കൃഷ്ണന്റെ നിര്‍ദേശ പ്രകാരം കണ്ണപുരം എസ്‌ഐ ധനജ്ഞയദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. ജയരാജന്റെ സഹോദരി മീനാക്ഷിയുടെ മകന്‍ ശ്രീവല്‍സന്റെ അകാല നിര്യാണത്തെ തുടര്‍ന്ന് പോള തറവാട്ടില്‍ 2008 ജൂലൈ 17, 18, 19 തിയ്യതികളില്‍ സുഭാഷ് ജ്യോല്‍സ്യരുടെ നേതൃത്വത്തില്‍ സ്വര്‍ണ പ്രശ്‌നം നടത്തിയിരുന്നു. ദോഷ പരിഹാരമായി ജ്യോല്‍സ്യര്‍ എഴുതി നല്‍കിയ ചാര്‍ട്ടില്‍ ജയരാജന് പരമ്പരാഗതമായി ലഭിച്ച രണ്ട് രത്‌നങ്ങളും സ്വര്‍ണാഭരണങ്ങളും തറവാട്ടുവീട്ടില്‍ സൂക്ഷിക്കുന്നതാണ് ദുര്‍നിമിത്തങ്ങള്‍ക്കു കാരണമെന്നാണു വിശ്വസിപ്പിച്ചത്. അതിനാല്‍ പ്രശ്‌നപരിഹാരത്തിന് രത്‌നങ്ങളും സ്വര്‍ണാഭരണങ്ങളും കണ്ണപുരം തൃക്കോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ തൃപ്പടിയില്‍ സമര്‍പ്പിക്കണമെന്നു നിര്‍ദേശിച്ചു. ക്ഷേത്രം ഭാരവാഹി കൂടിയായ സുഭാഷ് ജ്യോല്‍സ്യന്റെ നിര്‍ദേശ പ്രകാരം 2008 ആഗസ്ത് 21ന് രാവിലെ ഏഴിനു ജയരാജന്‍ മഞ്ഞപ്പട്ടില്‍ പൊതിഞ്ഞ് രണ്ട് രത്്‌നങ്ങളും സ്വര്‍ണാഭരണങ്ങളും ക്ഷേത്ര തൃപ്പടിയില്‍ സൂക്ഷിച്ചു. ഈ സമയം സുഭാഷ് ജ്യോല്‍സ്യരും ഡ്രൈവറും ക്ഷേത്രമുറ്റത്തുണ്ടായിരുന്നു. ജയരാജനും കുടുംബാങ്ങളും ക്ഷേത്രത്തില്‍ നിന്ന് പോയ ഉടന്‍ സുഭാഷ് ജ്യോല്‍സ്യര്‍ രത്‌നങ്ങള്‍ കൈക്കലാക്കിയെന്നാണു പരാതി. രത്‌നങ്ങളിലൊന്ന് അപൂര്‍വ നാഗമാണിക്യമാണെന്ന് പറഞ്ഞ് ചക്കരക്കല്‍ ഗോകുലം ഓഡിറ്റോറിയം ഉടമ ആര്‍ വി മെട്ടയിലെ ലക്ഷ്മണന് 20 ലക്ഷം രൂപയ്ക്കു വിറ്റതായും പരാതിയിലുണ്ട്. മറ്റൊരെണ്ണം ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചതായാണു നിഗമനം. ഇതു കണ്ടെത്താനാണ് ഇന്നലെ പോലിസ് പരിശോധന നടത്തിയത്. എന്നാല്‍ കണ്ടെത്താനായിട്ടില്ല. രത്‌നം മറ്റെവിടേക്കെങ്കിലും കടത്തിയതായും സംശയമുയര്‍ന്നിട്ടുണ്ട്. പോലിസ് കേസെടുത്തതോടെ നാട്ടില്‍ നിന്നു മുങ്ങിയ ജ്യോല്‍സ്യരുടെ വീട്ടില്‍ പോലിസെത്തുമ്പോള്‍ ബന്ധുക്കള്‍ മാത്രമാണുണ്ടായിരുന്നത്. റെയ്ഡില്‍ ഇതു സംബന്ധിച്ച രേഖകള്‍ കണ്ടെടുത്തതായാണു പോലിസ് നല്‍കുന്ന സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക