|    Jun 18 Mon, 2018 5:52 am
FLASH NEWS
Home   >  Todays Paper  >  page 12  >  

രതീഷ് ചോദിക്കുന്നു, ഇവിടെയാണോ അഫ്‌സ്പ കൊണ്ടുവരേണ്ടത്

Published : 8th November 2016 | Posted By: SMR

mlp-hafsath

കെ എന്‍ നവാസ് അലി

മലപ്പുറം: ജില്ല തീവ്രവാദികളുടെ കേന്ദ്രമാണെന്നും പട്ടാളനിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിക്ക് മറുപടിയുമായി മലപ്പുറത്തെ ഓട്ടോ ഡ്രൈവര്‍മാര്‍. മലപ്പുറത്തിന്റെ മതേതര മനസ്സിന് നൂറുകണക്കിന് ഉദാഹരണങ്ങളുണ്ടെങ്കിലും ജില്ലയ്‌ക്കെതിരേ വിവാദ പ്രസ്താവന വന്നതിന്റെ അടുത്ത ദിവസം തന്നെ ഓട്ടോ ഡ്രൈവര്‍മാര്‍ നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനം ജില്ലയിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ പണിപ്പെടുന്ന വര്‍ഗീയമനസ്സുകള്‍ക്കുള്ള ശക്തമായ മറുപടിയായി.
മലപ്പുറം ടൗണിലെ ഓട്ടോ ഡ്രൈവറായ രതീഷ് ‘തമ്പുരാന്‍’ എന്ന് പേരുള്ള തന്റെ ഓട്ടോറിക്ഷയുമായി ഇന്നലെ ഓടിയത് കണ്ടുപരിചയംപോലുമില്ലാത്ത ഒരു മുസ്‌ലിം സഹോദരിയുടെ ചികില്‍സയ്ക്ക് പണം ശേഖരിക്കാനായിരുന്നു. രതീഷ് മാത്രമല്ല, രവി, അനീഷ് തുടങ്ങി മലപ്പുറം ടൗണിലെ 60 ഓട്ടോ ഡ്രൈവര്‍മാര്‍ ഇന്നലെ വിയര്‍പ്പൊഴുക്കിയത് മുണ്ടുപറമ്പ് സ്വദേശിനിയായ ഹഫ്‌സത്ത് എന്ന വീട്ടമ്മയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് പണം കണ്ടെത്താനാണ്. ‘ഇന്നത്തെ വേതനം നമ്മുടെ സഹോദരി ഹഫ്‌സത്തിന്റെ ചികില്‍സാ ഫണ്ടിലേക്ക്’ എന്നെഴുതിയ ബാനര്‍ ഓട്ടോയുടെ മുന്നില്‍ കെട്ടിയാണ് സര്‍വീസ് നടത്തിയത്. ഓട്ടോക്ക് അകത്ത് തൂക്കിയിട്ട ബക്കറ്റിലാണ് യാത്രക്കാര്‍ പണം നിക്ഷേപിച്ചത്. യാത്രക്കൂലിയില്‍ അധികമായി നല്‍കി യാത്രക്കാരും ഡ്രൈവര്‍മാരുടെ നല്ലമനസ്സിനൊപ്പം ചേര്‍ന്നു. കുന്നുമ്മല്‍ ടൗണിലെ ഓട്ടോകള്‍ മാത്രമാണ് ഇന്നലെ സഹായ സര്‍വീസ് നടത്തിയത്. അടുത്ത ദിവസം കോട്ടപ്പടിയിലെ ഓട്ടോകളും ഹഫ്‌സത്തിനു വേണ്ടി സര്‍വീസ് നടത്തും.
മുമ്പ് കാന്‍സര്‍ ബാധിച്ച യുവാവിന്റെ ചികില്‍സയ്ക്കു വേണ്ടി മലപ്പുറത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ ഇത്തരത്തില്‍ രണ്ടുലക്ഷത്തോളം രൂപ ശേഖരിച്ചിരുന്നു. ഹഫ്‌സത്തിന്റെ ചികില്‍സയ്ക്കു വേണ്ടിയുള്ള ഫണ്ട് ശേഖരണത്തിന് നേതൃത്വം ന ല്‍കുന്നത് മുസ്‌ലിം ലീഗ് എംഎല്‍എ ആയ പി ഉബൈദുല്ലയാണ്. അതേ സമയം, പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത് ഡിവൈഎഫ്‌ഐ ഭാരവാഹിയായ അനീഷും സുഹൃത്തുക്കളുമാണ്. മലപ്പുറത്തിന്റെ നല്ല മനസ്സില്‍ മതവും രാഷ്ട്രീയവും വിഭാഗീയത തീര്‍ക്കുന്നില്ല. ചികില്‍സാ സഹായനിധിയിലേക്ക് പണം കണ്ടെത്തുന്നതിന് ബസ്സുകള്‍ ഒരു ദിവസത്തെ കലക്ഷന്‍ നല്‍കിയ പല സംഭവങ്ങളും ജില്ലയുടെ പല ഭാഗങ്ങളിലും ഉണ്ടായിരുന്നു.
പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കും വൃക്കരോഗികള്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും വേണ്ടി രാജ്യത്തു തന്നെ ഏറ്റവുമധികം സഹായസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശം കൂടിയാണ് മലപ്പുറം.
ജില്ലയില്‍ പട്ടാളനിയമവും കരിനിയമങ്ങളും ഏര്‍പ്പെടുത്തി ജനങ്ങളെ ഭിന്നിപ്പിക്കാമെന്നു കരുതുന്നവര്‍ക്കു മുന്നില്‍ ഇനിയും ഞങ്ങള്‍ ഒന്നിച്ചുനില്‍ക്കുമെന്നാണ് രതീഷും സുഹൃത്തുക്കളും പറയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss