|    Jun 22 Fri, 2018 5:34 am
FLASH NEWS

രണ്ട് കുടുംബങ്ങള്‍ക്ക് സ്‌നേഹഭവനം ഒരുക്കാന്‍ വിദ്യാര്‍ഥികള്‍ രംഗത്ത്

Published : 22nd July 2016 | Posted By: SMR

പറവൂര്‍: കാന്‍സര്‍ രോഗിയായ പുഷ്പന്‍ ചേട്ടനും കിടപ്പാടമില്ലാത്ത സഹപാഠി രമ്യയ്ക്കും സ്‌നേഹഭവനമൊരുക്കാന്‍ മാല്യങ്കര എസ്എന്‍എം കോളജ് വിദ്യാര്‍ഥികള്‍ രംഗത്ത്.
മണ്ണില്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് കുത്തിമേഞ്ഞ് മേല്‍ക്കൂരയും പ്ലാസ്റ്റിക് കൊണ്ട് മേഞ്ഞ് ദുരിതപൂര്‍ണമായ ജീവിതം തള്ളിനീക്കുന്ന മല്‍സ്യത്തൊഴിലാളിയായ മാല്യങ്കര തൈക്കൂട്ടത്തില്‍ പുഷ്പന്‍ (56), ഭാര്യ രമ, മക്കളായ അമലും വിമലും താമസിക്കുന്ന പ്ലാസ്റ്റിക് കൂര കണ്ടാല്‍ ഏതു കഠിനഹൃദയരുടേയും കരളലിയും.
മാല്യങ്കര കോളജ് കാംപസില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന ദൂരത്തിലാണ് വീട്. വീടിനകത്തേക്ക് കുനിഞ്ഞു കയറിയാല്‍ത്തന്നെ നിവര്‍ന്നുനില്‍ക്കാന്‍ പറ്റില്ല. മഴവന്നാല്‍ ചോര്‍ന്നൊലിക്കും.
ഫിഷിങ് ബോട്ട് തൊഴിലാളിയായ പുഷ്പന്‍ ഒരുദിവസം ജോലികഴിഞ്ഞു മഴനനഞ്ഞെത്തിയത് കടുത്ത തലവേദനയും പനിയുമായിട്ടായിരുന്നു. അസ്വസ്ഥനായി തളര്‍ന്നുവീണ പുഷ്പനെ അയല്‍വാസികള്‍ പറവൂര്‍ ഗവ. ആശുപത്രിയിലെത്തിച്ചു.
വിശദമായ പരിശോധനയും സ്‌കാനിങും നടത്തിയപ്പോഴാണ് പുഷ്പനെ ബാധിച്ചിരിക്കുന്നത് കാന്‍സറാണെന്ന് മനസ്സിലായത്. ശരീരത്തിനകത്തുനിന്നും കാന്‍സര്‍ തലച്ചോറിലേക്ക് വ്യാപിച്ചിരിക്കുന്ന സ്ഥിതിയിലായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പത്ത് കീമോയ്ക്കുശേഷം താലൂക്ക് ആശുപത്രിയിലേക്കുവന്ന പുഷ്പനെ ചോര്‍ന്നൊലിക്കുന്ന വീട്ടിലേക്കു പറഞ്ഞുവിടാതെ പറവൂര്‍ ഗവ.ആശുപത്രിയില്‍ കിടത്തിയിരിക്കുകയാണ്.
അരികിലെത്തുന്നവരോട് ഒന്നും പറയാനാവാതെ വിങ്ങിപ്പൊട്ടുന്ന രമ മരുന്നുവാങ്ങാന്‍ വക കണ്ടെത്തുന്നത് അടുത്ത വീടുകളില്‍ അടുക്കള ജോലിക്കു പോയിട്ടാണ്. കഷ്ടപ്പാടുമൂലം മൂത്തമകന്‍ പത്താംക്ലാസില്‍ പഠനം നിര്‍ത്തി. ഇളയമകനാവട്ടെ ആറാംക്ലാസ് വിദ്യാര്‍ഥിയുമാണ്.
മാല്യങ്കര എസ്എന്‍എം കോളജില്‍ ബിഎസ്‌സി മാത്‌സിനു പഠിക്കുന്ന രമ്യ ഒരേ ബഞ്ചിലിരിക്കുന്ന കൂട്ടുകാരോടു പോലും തന്റെ കദനകഥ ഒരിക്കല്‍പോലും പങ്കുവച്ചിരുന്നില്ല. തീരെ സുരക്ഷിതത്വമില്ലാത്ത നായരമ്പലം നെടുങ്ങാട് കായല്‍ പുറമ്പോക്കിലെ ചീനവല തട്ടിലെ പ്ലാസ്റ്റിക് കൂരയില്‍ അന്തിയുറങ്ങിയിരുന്ന അമ്മയുടേയും രണ്ടു പെണ്‍മക്കളുടേയും ദുരിതപൂര്‍ണമായ ജീവിതം വാര്‍ത്താമാധ്യമങ്ങളില്‍ വന്നതോടെയാണ് അധ്യാപകരും സഹപാഠികളും അറിയുന്നത്. അമ്മ സുമയും വിവാഹപ്രായമെത്തിയ മകള്‍ സൂര്യയും ചെമ്മീന്‍ കിള്ളല്‍ കേന്ദ്രത്തില്‍ ജോലി ചെയ്തുകിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കഴിയുന്നതും രമ്യയെ പഠിപ്പിക്കുന്നതും.
കനിവുതോന്നിയ ഒരാള്‍ നല്‍കിയ പെട്രോമാക്‌സിന്റെ വെളിച്ചത്തിലാണ് രമ്യയുടെ പഠനം.
പുഷ്പന്റെയും രമ്യയുടേയും കുടുംബങ്ങളെ സഹായിക്കാന്‍ എസ്എന്‍എം കോളജിലേയും എസ്എന്‍എം ഐഎംടിയിലേയും വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. 20 ലക്ഷത്തോളം രൂപ വീടുനിര്‍മാണത്തിന് വേണ്ടിവരും.
പറവൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ സി രാജീവ് രക്ഷാധികാരിയും കോളജ് യൂനിയന്‍ ചെയര്‍മാന്‍ സച്ചിന്‍ കെ ബാബു ചെയര്‍മാനായും യൂനിയന്‍ ജനറല്‍ സെക്രട്ടറി അമല്‍ദേവ് കണ്‍വീനറായും സംഘാടകസമിതി പ്രവര്‍ത്തിച്ചുവരുന്നു.
സഹായിക്കാന്‍ സന്മനസ്സുള്ളവര്‍ ബാങ്ക് ഓഫ് ഇന്ത്യ മൂത്തകുന്നം ബ്രാഞ്ചില്‍ 856010110014797 എന്ന നമ്പറില്‍ പണം അയക്കണം. ഐഎഫ്എസ്‌സി-ബികെഐഡി-0008560.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss