|    Dec 19 Wed, 2018 11:25 am
FLASH NEWS
Home   >  Editpage  >  Lead Article  >  

രണ്ടു സഖാക്കള്‍ ; രണ്ടു ദര്‍ശനങ്ങള്‍

Published : 19th May 2017 | Posted By: fsq

 

എന്‍  എം  പിയേഴ്‌സണ്‍

രണ്ടു വ്യക്തികളെ താരതമ്യം ചെയ്തുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയം വിലയിരുത്തുന്നതില്‍ ചിലപ്പോള്‍ സൈദ്ധാന്തിക പാളിച്ചകളുണ്ടാവാം. എങ്കിലും അതിന്റെ സമകാലിക പ്രാധാന്യം ഇല്ലാതാവുന്നില്ല. രാഷ്ട്രീയം എല്ലാ ഘട്ടങ്ങളിലും സൈദ്ധാന്തികമായി മാത്രം നിലനില്‍ക്കുന്ന പ്രതിഭാസമല്ല. അതു പലപ്പോഴും പ്രായോഗികമായ സാധ്യതകളിലാണ് വ്യവഹരിക്കുന്നത്. അതുകൊണ്ടു തന്നെ പ്രയോഗപരമായ അതിന്റെ ഫലങ്ങളിലാണ് മനുഷ്യസമൂഹം അതിനെ തിരിച്ചറിയുന്നത്. സഖാവ് കെ എന്‍ രവീന്ദ്രനാഥും സഖാവ് എം എം മണിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്തിയെടുത്ത രണ്ട് സ്‌പെസിമനുകളാണ്. ഒന്ന്, വരേണ്യവര്‍ഗത്തില്‍ നിന്ന് താഴോട്ടിറങ്ങി തൊഴിലാളിവര്‍ഗത്തിന്റെ സംഘാടകനും താത്ത്വികനുമായി മാറിയ പ്രതിഭ. മറ്റൊരാള്‍ അടിസ്ഥാന തൊഴിലാളിവര്‍ഗത്തില്‍ നിന്ന് വളര്‍ന്നുവന്ന് കഷ്ടതകളും യാതനകളും അനുഭവിച്ച് മന്ത്രിപദത്തിലെത്തിയ തികച്ചും സാധാരണക്കാരനായ പച്ചമനുഷ്യന്‍. പക്ഷേ, ഇവര്‍ രണ്ടുപേരും രണ്ടുതരം സന്ദേശങ്ങളാണ് ലോകത്തിനു നല്‍കിയത്. ട്രേഡ് യൂനിയന്‍ പ്രസ്ഥാനം കരുത്തുനേടിയ കേരളത്തില്‍ അതിന്റെ കേന്ദ്രസ്ഥാനത്തു മാര്‍ഗദര്‍ശിയായി നിലകൊണ്ട നേതാവാണ് രവീന്ദ്രനാഥ്. ട്രേഡ് യൂനിയന്‍ സംവിധാനം ഗുണ്ടായിസത്തിലേക്ക് കൂപ്പുകുത്തിയപ്പോഴും അതിനെതിരേ ജാഗ്രത പാലിക്കുകയും ട്രേഡ് യൂനിയന്‍ സൃഷ്ടിച്ച മാടമ്പിത്തരത്തില്‍ നിന്നും അതു ചാലൊഴുക്കിയ അഴിമതിയില്‍ നിന്നും സ്വയം വിമോചിതനായി ജീവിതത്തിലുടനീളം സംശുദ്ധി കാത്തുസൂക്ഷിക്കാന്‍ കഴിയുകയും ചെയ്ത അപൂര്‍വം നേതാക്കളില്‍ ഒരാളായി ജീവിക്കാന്‍ കഴിഞ്ഞതാണ് രവീന്ദ്രനാഥിന്റെ ജീവിതവിജയവും അദ്ദേഹം സമൂഹത്തിനും രാഷ്ട്രീയത്തിനും നല്‍കിയ സന്ദേശവും. എന്നാല്‍, സഖാവ് എം എം മണി ചെറ്റക്കുടിലില്‍ പിറന്നുവീണ് ഇടുക്കിപോലുള്ള പിന്നാക്കപ്രദേശത്ത് തോട്ടംമുതലാളിമാരുടെയും കങ്കാണിമാരുടെയും മാടമ്പിത്തരം അനുഭവിച്ചും അതിനെതിരേ പോരാടിയും തോട്ടംതൊഴിലാളികളുടെ മാനവും ജീവിതവും കൈപിടിച്ചുയര്‍ത്തുന്നതില്‍ അടിയും ഇടിയും കൊണ്ടും കൊടുത്തും വളരുകയും ചെയ്ത നേതാവാണ്. പിന്നീട് അദ്ദേഹം ഭൂമികൈയേറ്റക്കാരുടെയും ക്വാറി മാഫിയകളുടെയും സംരക്ഷകനായി മാറുന്നതു കണ്ട് കേരളം ഞെട്ടുകയായിരുന്നു. സ്വന്തം ജീവിതത്തില്‍ എം എം മണി അഴിമതിക്കാരനല്ല. അദ്ദേഹം താമസിക്കുന്നതിനു ചുറ്റുമുള്ള പ്രദേശങ്ങള്‍ അദ്ദേഹത്തിനു വളച്ചുകെട്ടി എടുക്കാമായിരുന്നു. നൂറുകണക്കിന് ഏക്കര്‍ സ്വന്തമാക്കിയാലും പിടിച്ചുനില്‍ക്കാന്‍ കഴിയുമായിരുന്നു. 20 വര്‍ഷം ഇടുക്കി ജില്ലയില്‍ സിപിഎമ്മിന്റെ സെക്രട്ടറിയായിരുന്ന ഒരാള്‍ക്ക് പലതും സമ്പാദിക്കാമായിരുന്നു. പക്ഷേ, അതൊന്നും സഖാവ് ചെയ്തില്ല. അദ്ദേഹത്തിന്റെ മക്കള്‍ ഇപ്പോഴും തികച്ചും സാധാരണക്കാരായാണു ജീവിക്കുന്നത്. പക്ഷേ, അതുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതം ധന്യമാക്കപ്പെട്ടില്ല. കാരണം, അദ്ദേഹം ഇപ്പോള്‍ നില്‍ക്കുന്നത് ഭൂമികൈയേറ്റക്കാര്‍ക്കു വേണ്ടിയാണ്; അഴിമതിയും അക്രമവും നടത്തുന്നവരെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. സ്ത്രീവിരുദ്ധ പ്രസ്താവനയും കൊലവെറി പ്രസംഗങ്ങളും നടത്തി സമൂഹത്തിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അവമതിപ്പുണ്ടാക്കുകയാണ്. ഒരു ഗുണ്ടാനേതാവിന്റെ പരിവേഷമണിയുന്നതില്‍ ആഹ്ലാദിക്കുന്ന മനുഷ്യനായി അദ്ദേഹം മാറി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചീത്തവിളിക്കാനും ഭയപ്പെടുത്താനും അദ്ദേഹം ആവേശം കാട്ടി. മുമ്പ് മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ കൈ വെട്ടുമെന്ന് പ്രഖ്യാപിച്ചു. സ്ത്രീകള്‍ സമരത്തിനിറങ്ങുന്നത് മറ്റേ പണിക്കാണെന്നു പറയുന്ന തരത്തിലുള്ള മ്ലേച്ഛതയുടെ അതിര്‍വരമ്പ് കടക്കാനും അദ്ദേഹത്തിനു മടിയില്ലാതായി. ഇതിനെയെല്ലാം പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയും സിപിഎം നേതാവും നാട്ടുശൈലിയായി വ്യാഖ്യാനിച്ച് ന്യായീകരിച്ചു. അവിടെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം മരിച്ചു. അതുകൊണ്ടാണ് സഖാവ് രവീന്ദ്രനാഥ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെയും തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെയും സല്‍പേര് നിര്‍മാതാവായി നിലയുറപ്പിച്ചപ്പോള്‍ സഖാവ് എം എം മണി കമ്മ്യൂണിസ്റ്റ് സംസ്‌കാരത്തിന്റെയും തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെയും കശാപ്പുകാരനായി വാളോങ്ങിനില്‍ക്കുന്നത്. രവീന്ദ്രനാഥ് ഒരു ഘട്ടത്തില്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാവും എന്നു കരുതപ്പെട്ടിരുന്നതാണ്. എന്നാല്‍, സിപിഎമ്മിലെ കടുത്ത വിഭാഗീയതയുടെ ഇരയായി വി എസ് അച്യുതാനന്ദന്‍ വിഭാഗത്തിന്റെ വെട്ടിമാറ്റലില്‍ പാര്‍ട്ടിയില്‍ ഘടകംപോലും നഷ്ടപ്പെട്ട അവസ്ഥയിലെത്തുകയായിരുന്നു അദ്ദേഹം. സിപിഎം വിഭാഗീയത കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ജീര്‍ണതയുടെ അടിത്തട്ടിലെത്തിക്കുകയായിരുന്നു. തൊഴിലാളിവര്‍ഗ സംസ്‌കാരം സമ്പൂര്‍ണമായി തകര്‍ന്നു. അതിനു പ്രധാന കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തന അജണ്ടയില്‍ സാംസ്‌കാരിക നിര്‍മിതി പ്രധാന അജണ്ടയായിരുന്നില്ല എന്നതാണ്. സാമ്പത്തികമാത്ര വാദം നിറഞ്ഞ അവകാശസമരങ്ങള്‍ക്കാണ് സിഐടിയു നേതൃത്വം നല്‍കിയ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനം പ്രാധാന്യം നല്‍കിയത്. അതുകൊണ്ട് ഏംഗല്‍സിന്റെ കുടുംബത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ക്ക് പാര്‍ട്ടിയില്‍ ഇടംകിട്ടിയില്ല. ഏംഗല്‍സിന്റെ “കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടത്തിന്റെ ഉദ്ഭവം’ എന്ന പുസ്തകം വായിക്കുകയും ചര്‍ച്ചചെയ്യുകയും എന്നത് സിപിഎമ്മിന്റെ അജണ്ടയില്‍ ഒരുകാലത്തും വരാത്ത കാര്യമാണ്. അതുകൊണ്ടു തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന സമയത്തുപോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ കുടുംബത്തില്‍ ജനാധിപത്യവല്‍ക്കരണം നടന്നില്ല. പല സഖാക്കളും മൃഗശിക്ഷകരെപ്പോലെയാണ് സ്വന്തം കുടുംബത്തില്‍ പ്രവര്‍ത്തിച്ചത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പുരുഷമേധാവിത്വ സ്വരൂപങ്ങളാണ്. ആണ്‍ ആധിപത്യം മാത്രമല്ല അതിനെ നയിക്കുന്നത്, സ്വേച്ഛാധിപത്യം കൂടിയാണ്. ഒരു ഫാഷിസ്റ്റ് സംഘടനയുടെ പ്രവര്‍ത്തന ചട്ടക്കൂടിലേക്ക് ഒതുങ്ങിപ്പോയ പ്രസ്ഥാനം അതുകൊണ്ടു തന്നെ എളുപ്പത്തില്‍ പൊളിഞ്ഞുവീഴുന്ന മണല്‍ക്കൂനയായി മാറി. പശ്ചിമബംഗാളില്‍ സിപിഎം തകര്‍ന്നുപോയതിന്റെ അടിസ്ഥാന കാരണം സംഘടനയുടെ ഫാഷിസ്റ്റ്‌വല്‍ക്കരണമായിരുന്നു. ജനാധിപത്യ ചട്ടക്കൂട് തകര്‍ന്നുകഴിഞ്ഞാല്‍ പിന്നീട് സംഭവിക്കുന്നത് അണികളില്ലാത്ത സംവിധാനമായി പാര്‍ട്ടി മാറലാണ്. അങ്ങനെ മാറിയാലും പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ജയിച്ചുകൊണ്ടിരിക്കും. പക്ഷേ, പെട്ടെന്ന് ഭരണകൂടം ജനവിരുദ്ധമാണെന്ന തിരിച്ചറിവുണ്ടാവുകയും  അതിനെ വെല്ലുവിളിക്കാന്‍ ബദല്‍ശക്തികള്‍ ഉയര്‍ന്നുവരുകയും ചെയ്താല്‍ ഫാഷിസ്റ്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെ ജനങ്ങള്‍ ഉപേക്ഷിക്കും. പിന്നീട് തോല്‍വിയുടെ ഘോഷയാത്രയായിരിക്കും പാര്‍ട്ടിയെ കാത്തിരിക്കുന്നത്. ബംഗാളില്‍ ഈ യാഥാര്‍ഥ്യം സിപിഎമ്മിലേക്ക് അരിച്ചിറങ്ങി. അതുകൊണ്ടാണ് അവിടെ സിപിഎം ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് മാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കേരളവും ആ വഴിക്കാണ് സഞ്ചരിക്കുന്നത്. മൂന്നാര്‍ കൈയേറ്റത്തിന്റെ പേരില്‍ 10 സെന്റ് കൈയേറിയ ഒരാള്‍ സാമൂഹിക മാധ്യമങ്ങളില്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍ വന്‍കിട കൈയേറ്റക്കാര്‍ വിചാരണ ചെയ്യപ്പെടുന്നില്ല. പത്രമുതലാളിമാരും ആശുപത്രി മുതലാളിമാരും വിമാനത്താവള മുതലാളിമാരും നടത്തുന്ന കൈയേറ്റങ്ങള്‍ ചര്‍ച്ചയില്‍ വരുന്നില്ല. മാധ്യമങ്ങള്‍ക്ക് സങ്കുചിതമായ താല്‍പര്യങ്ങള്‍ മാത്രമാണുള്ളത്. അന്നന്നത്തെ കച്ചവടത്തിന് ആവശ്യമായ വിവാദം എന്നതാണ് അവരുടെ അജണ്ട. അതിനാല്‍ കൈയേറ്റ ചര്‍ച്ച വരുമ്പോള്‍ അതൊരിക്കലും സമഗ്രമാവില്ല. പലരും രക്ഷപ്പെടും. ഒട്ടുമിക്കപ്പോഴും മുഴുത്ത മീനുകളാണ് രക്ഷപ്പെടുന്നത്. നത്തോലികള്‍ വലയില്‍ കുടുങ്ങും. അവരെക്കുറിച്ചു മാത്രം ചര്‍ച്ച. അടുത്തകാലത്ത് സിപിഎം എടുക്കുന്ന നിലപാടുകള്‍ ഏതാണ്ട് എല്ലാംതന്നെ ഇടതുപക്ഷവിരുദ്ധവും മനുഷ്യവിരുദ്ധവുമായി മാറിക്കൊണ്ടിരിക്കയാണ്. മാവോവാദി വേട്ടയുടെ പേരില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകം, വിവരാവകാശ നിയമത്തിന്റെ സാക്ഷാല്‍ക്കാരം സംബന്ധിച്ച തര്‍ക്കം, നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത സംഘടനകള്‍ പറയുന്നത് കേള്‍ക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ തീരുമാനം, മഹിജയുടെ സമരത്തിലെടുത്ത നിലപാട്, ഷാജര്‍ഖാനെയും ഷാജഹാനെയും സമരസഹായികളായതിന്റെ പേരില്‍ തുറുങ്കിലടയ്ക്കല്‍, മൂന്നാര്‍ കൈയേറ്റം, കുരിശുകൃഷിയോടുള്ള സമീപനം- ഇക്കാര്യങ്ങളിലെല്ലാം സിപിഎം എടുത്ത നിലപാട് ഇടതുപക്ഷ വിരുദ്ധവും പൊതുജന സ്വീകാര്യമല്ലാത്തതുമാണ്. ഇതിനെ വിമര്‍ശിക്കാനുള്ള ശക്തി സിപിഎമ്മിനകത്തില്ല എന്നതാണ് ആ സംഘടനയുടെ ദൗര്‍ബല്യം. ആന്തരികമായി ദ്രവിച്ച പ്രസ്ഥാനത്തിന് അതിജീവനശേഷി ഉണ്ടാവില്ല. അതുകൊണ്ടാണ് സിപിഎമ്മിനകത്ത് വിമതനീക്കം ഇല്ലാതെ പോവുന്നത്.    (കടപ്പാട്: ജനശക്തി, 2017 മെയ് 1-15)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss