|    Jan 23 Mon, 2017 10:14 am
FLASH NEWS

രണ്ടു വര്‍ഷത്തിനുള്ളില്‍ 5500 നിര്‍ധനര്‍ക്ക് തൊഴില്‍; കുടുംബശ്രീ മാതൃകയാവുന്നു

Published : 27th September 2016 | Posted By: SMR

തിരുവനന്തപുരം: ഗ്രാമീണമേഖലയിലെ നിര്‍ധനരായ 5,500 യുവതീയുവാക്കള്‍ക്ക് സൗജന്യ പരിശീലനത്തോടൊപ്പം തൊഴിലും നല്‍കി കുടുംബശ്രീ മാതൃകയാവുന്നു. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃതപദ്ധതി ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന(ഡിഡിയു-ജികെവൈ)യിലൂടെ രണ്ടു വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷിയുള്ളവര്‍ക്കും സൗജന്യ തൊഴില്‍ പരിശീലനം നല്‍കാന്‍ കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്.
ഗ്രാമീണമേഖലയിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള നിര്‍ധന യുവതീയുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്ന പദ്ധതിയാണ് ഡിഡിയു-ജികെവൈ. 2014ലാണ് പദ്ധതിയുടെ തുടക്കം. കുടുംബശ്രീ മുഖേന നടത്തുന്ന വിവരശേഖരണം, ബിപിഎല്‍ ലിസ്റ്റ് എന്നിവയില്‍നിന്ന് ഉദ്യോഗാര്‍ഥികളെ കണ്ടെത്തി കുടുംബശ്രീയുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുള്ള മികച്ച സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കും. വിദ്യാഭ്യാസയോഗ്യത അനുസരിച്ച് മൂന്നുമാസം മുതല്‍ ഒരുവര്‍ഷം വരെയാണ് പരിശീലന കാലാവധി. ഇതുവരെ 15,000 പേര്‍ക്ക് വിവിധ തൊഴില്‍മേഖലകളില്‍ സൗജന്യ പരിശീലനം നല്‍കിയിട്ടുണ്ട്. പരിശീലനം പൂര്‍ത്തിയാവുന്ന മുറയ്ക്ക് അനുയോജ്യമായ മേഖലകളില്‍ തൊഴില്‍ ഉറപ്പാക്കുന്നതിന്റെ ചുമതല പരിശീലന ഏജന്‍സികള്‍ക്കാണ്. കുടുംബശ്രീ വഴിയാണ് ഇതിന്റെ മേല്‍നോട്ടം.
സാമ്പത്തികപ്രയാസങ്ങള്‍ മൂലം തൊഴില്‍പഠനം മുടങ്ങിയവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതിയുടെ ആവിഷ്‌കാരം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സാമ്പത്തിക പിന്തുണയോടെ ദേശീയ ഗ്രാമീണ ഉപജീവന മിഷനില്‍ ഉള്‍പ്പെടുത്തിയാണു പദ്ധതിപ്രവര്‍ത്തനങ്ങള്‍. ഗുണഭോക്താക്കളുടെ അഭിരുചിക്കനുസരച്ച് വിവിധ മേഖലകളില്‍ തൊഴില്‍പരിശീലനം നല്‍കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 75 ശതമാനം ജോലി ഉറപ്പാക്കിയിട്ടുണ്ട്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷനല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷനല്‍ ട്രെയിനിങ്, സെക്റ്റര്‍ സ്‌കില്‍ കൗണ്‍സില്‍ എന്നീ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് നല്‍കും.
18നും 35നും ഇടയില്‍ പ്രായമുള്ള ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ കഴിയുക. ഭിന്നശേഷിയുള്ളവര്‍, പ്രാക്തന ഗോത്രവര്‍ഗക്കാര്‍ എന്നിവര്‍ക്ക് 45 വയസ്സു വരെ ഇളവുണ്ട്. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്താന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിവിധ തൊഴില്‍ദാതാക്കളെ പങ്കെടുപ്പിച്ച് ജോബ് ഫെയറുകളും സംഘടിപ്പിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക