|    Nov 15 Thu, 2018 4:24 pm
FLASH NEWS

രണ്ടു വര്‍ഷത്തിനുള്ളില്‍ 500 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി: മന്ത്രി

Published : 30th August 2016 | Posted By: SMR

പടിഞ്ഞാറത്തറ: സംസ്ഥാനത്ത് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 500 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി ഉല്‍പാദിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബാണാസുരസാഗറില്‍ 400 കിലോവാട്ട് ഡാം ടോപ്പ് സൗരോര്‍ജ വൈദ്യുതി നിലയം കമ്മീഷന്‍ ചെയ്യുകയായിരുന്നു അദ്ദേഹം.
വൈദ്യുതി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയെന്നതാണ് ലക്ഷ്യം. ഒരു കാലത്ത് മിച്ച വൈദ്യുതി സംസ്ഥാനമായിരുന്ന കേരളം ഇന്നു മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വൈദ്യുതി വാങ്ങുകയാണ്. ഇവിടെ ആവശ്യമുള്ളതിന്റെ 65 ശതമാനവും പുറമെ നിന്നു വാങ്ങേണ്ടി വരുന്നു. ഈ അവസ്ഥയില്‍ മാറ്റമുണ്ടാവണം. ഉപഭോക്താക്കള്‍ തന്നെ ഉല്‍പാദകരാവുന്ന രീതിയാണ് വൈദ്യുതിയുടെ കാര്യത്തില്‍ മറ്റു രാജ്യങ്ങള്‍ ചിന്തിക്കുന്നത്. ഈ ശീലമാണ് കേരളവും പിന്തുടരേണ്ടത്. ഏറ്റവും ചെറിയ വൈദ്യുത ഉല്‍പാദന യൂനിറ്റ് മുതല്‍ വലിയ പദ്ധതിക്കു വരെയും സര്‍ക്കാര്‍ സഹായം നല്‍കും. സൗരോര്‍ജത്തിനു പുറമെ കാറ്റ്, തിരമാല എന്നിവയില്‍ നിന്നെല്ലാം വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതികള്‍ മുന്നേറുന്നുണ്ട്.
അഞ്ചു വര്‍ഷത്തിനുള്ളില്‍ വൈദ്യുതി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയെന്നതാണ് ലക്ഷ്യം. സൗരോര്‍ജ വൈദ്യുതി ഉല്‍പാദനം കേരളത്തിന് മുല്‍ക്കൂട്ടാണ്. മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ആവശ്യമുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന തരത്തിലേക്ക് താമസിയാതെ സര്‍ക്കാര്‍ ഓഫിസുകള്‍ മാറും.
കൂടുതല്‍ സ്ഥലം വേണമെന്നതാണ് സൗരോര്‍ജ വൈദ്യുതി ഉല്‍പാദനത്തിന്റെ ന്യൂനത. കാസര്‍കോട് 200 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ 1,000 ഏക്കര്‍ സ്ഥലമാണ് വേണ്ടിവന്നത്. അണക്കെട്ടുകളിലെ ഉപരതലത്തില്‍ സോളാര്‍ പാനല്‍ വിരിക്കുന്ന പദ്ധതി ഇതുകൊണ്ടു തന്നെ ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെഎസ്ഇബി ഡയറക്ടര്‍ വി ശിവദാസന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, എഡിഎം കെ എം രാജു, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി ജി സജേഷ്, തരിയോട് പഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍, ജില്ലാ പഞ്ചായത്ത് അംഗം കെ ബി നസീമ, ജില്‍സി സണ്ണി, ഈന്തന്‍ ആലി, ശാന്തിനി ഷാജി, കെഎസ്ഇബി ഡിസ്ട്രീബ്യൂഷന്‍ സേഫ്റ്റി ഡയറക്ടര്‍ എന്‍ വേണുഗോപാല്‍, വി ബ്രിജ്‌ലാല്‍ സംസാരിച്ചു. ചീഫ് എന്‍ജിനീയര്‍ ആര്‍ സുകു റിപോര്‍ട്ട് അവതരിപ്പിച്ചു.
400 കിലോവാട്ട് ശേഷിയുള്ള പദ്ധതിയില്‍ പ്രതിവര്‍ഷം ശരാശരി അഞ്ചു ലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവും. ഇതിനായി 250 വാട്ട് ശേഷിയുള്ള 1,760 സോളാര്‍ പാനലുകളും ഡിസി, എസിയാക്കുന്ന 50 കിലോവാട്ട് ശേഷിയുള്ള ഒമ്പത് ഇന്‍വര്‍ട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്. 685 മീറ്റര്‍ നീളമുള്ള ഡാം പാത്ത് വേയില്‍ 285 മീറ്ററിലാണ് ഇപ്പോള്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തില്‍ 400 മീറ്ററില്‍ കൂടി പാനലുകള്‍ സ്ഥാപിക്കും. ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി പടിഞ്ഞാറത്തറ 33 കെവി സബ് സ്റ്റേഷനിലേക്കാണ് പ്രവഹിക്കുക. 4.293 കോടി രൂപ ചെലവില്‍ കെല്‍ട്രോണാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss