|    Jul 19 Thu, 2018 5:28 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രണ്ടു വര്‍ഷംകൊണ്ട് മോദിയുടെ വരുമാനത്തില്‍ 42 ശതമാനം വര്‍ധന

Published : 24th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരുമാനത്തില്‍ വന്‍ വര്‍ധന. രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മോദിയുടെ വരുമാനത്തില്‍ 42 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. 2014-15 സാമ്പത്തികവര്‍ഷത്തില്‍ 1.41 കോടി ആയിരുന്നു മോദി വെളിപ്പെടുത്തിയ ആസ്തി. എന്നാല്‍, 2015-17 സാമ്പത്തികവര്‍ഷത്തില്‍ ഇത് രണ്ടു കോടിയായി വര്‍ധിച്ചു. 32 ഇരട്ടിയുടെ വളര്‍ച്ചാനിരക്കാണ് കൈവശമുള്ള പണത്തിലുണ്ടായിരിക്കുന്നത്. ഭാര്യയായി യശോധബെന്നിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവരുടെ കൈവശമുള്ള പണത്തിന്റെ കണക്ക് അറിയില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം 45 ഗ്രാം തൂക്കമുള്ള നാലു മോതിരമാണ് പ്രധാനമന്ത്രിയുടെ കൈവശമുള്ളത്. ഇതിന് 1,28,273 രൂപ വിലവരുമെന്നും പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ വ്യക്തമാക്കുന്നു. എല്‍ഐസിയില്‍ 1,59,281 രൂപയും പോസ്‌റ്റോ—ഫിസിലെ നാഷനല്‍ സേവിങ്‌സ് അക്കൗണ്ടില്‍ 3,96,505 രൂപയും നിക്ഷേപിച്ചിട്ടുണ്ട്. മന്ത്രിസഭാംഗങ്ങള്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മോദിയുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവന്നത്. മന്ത്രിസഭാംഗങ്ങള്‍ എല്ലാ വര്‍ഷവും ആഗസ്ത് 31നു മുമ്പ് ആസ്തി വിവരം വെളിപ്പെടുത്തണമെന്നാണു പ്രധാനമന്ത്രിയുടെ നിര്‍ദേശം. എന്നാല്‍, ഇക്കുറി മോദിയുടെ നിര്‍ദേശം അനുസരിച്ചത് 15 മന്ത്രിമാര്‍ മാത്രമാണ്. 92 മന്ത്രിമാരില്‍ മോദി അടക്കം 16 പേര്‍ മാത്രമാണു സമയത്തിനു മുമ്പേ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഈ വിവരം വെളിപ്പെടുത്തിയിട്ടുള്ളത്. മോദി മന്ത്രിസഭയിലെ പ്രമുഖരായ രാജ്‌നാഥ് സിങ് മുതല്‍ പിയൂഷ് ഗോയല്‍, സ്മൃതി ഇറാനി, മേനക ഗാന്ധി, രവിശങ്കര്‍ പ്രസാദ്, കിരണ്‍ റിജിജു വരെയുള്ളവരൊന്നും ഇതുവരെയും തങ്ങളുടെ സ്വത്തുവിവരങ്ങളുടെ കണക്കു നല്‍കാത്തവരുടെ പട്ടികയിലാണുള്ളത്. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും വിദേശകാര്യമന്ത്രി സുഷമ സ്വരാജും മാത്രമാണ് കണക്കു നല്‍കിയവരുടെ കൂട്ടത്തിലുള്ള പ്രമുഖര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss