|    Dec 14 Fri, 2018 3:40 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രണ്ടു വയസ്സുകാരന്റെ മൃതദേഹവുമായി പിതാവ് സഞ്ചരിച്ചത് 12 മണിക്കൂറോളം

Published : 18th November 2018 | Posted By: kasim kzm

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ആംബുലന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്ന് മരിച്ച രണ്ടുവയസ്സുകാരന്റെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞുകെട്ടി പിതാവ് സഞ്ചരിച്ചത് 12 മണിക്കൂറോളം. 230 കിലോമീറ്റര്‍ ദൂരമാണ് കിഷ്ത്വാര്‍ സ്വദേശിയായ മുഹമ്മദ് സുല്‍ത്താന്‍ മകന്റെ മൃതദേഹവുമായി ബസ്സില്‍ സഞ്ചരിച്ചത്.
രണ്ടു വയസ്സുകാരന്‍ മനാന് ന്യൂമോണിയ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച കിഷ്ത്വാറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിദഗ്ധ ചികില്‍സയ്ക്കായി ജമ്മുവിലെ ആശുപത്രിയിലേക്ക് മകനെ കൊണ്ടുപോവണമെന്ന് ആവശ്യപ്പെട്ടു. ജമ്മുവിലേക്ക് പോവാന്‍ ആംബുലന്‍സ് വിട്ടുകിട്ടാനായി കിഷ്ത്വാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അംഗ്രേസ് സിങ് റാണയെ സമീപിച്ചെങ്കിലും അവര്‍ അത് അവഗണിക്കുകയായിരുന്നുവെന്ന് സുല്‍ത്താനും ബന്ധുവായ മുസാഫര്‍ ഹുസയ്‌നും പറഞ്ഞു. തുടര്‍ന്ന് സുല്‍ത്താന്‍ അബാബീല്‍ എന്ന സന്നദ്ധ സംഘടനയുടെ സഹായം തേടി. സംഘടനാ പ്രവര്‍ത്തകര്‍ ആംബുലന്‍സ് കണ്ടെത്തി.
എന്നാല്‍, പണം നല്‍കാനില്ലാത്തതു കാരണം സംഘടനയുടെ പ്രവര്‍ത്തകര്‍ പണം സമാഹരിച്ച് എത്തിയപ്പോള്‍ വൈകിപ്പോയിരുന്നു. തുടര്‍ന്ന്, ആംബുലന്‍സില്‍ മനാനെ ജമ്മുവില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. പിന്നീട് മൃതദേഹം കിഷ്ത്വാറിലേക്ക് എത്തിക്കാനുള്ള പരിശ്രത്തിലായിരുന്നു സുല്‍ത്താന്‍. മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കാന്‍ പലരോടും അപേക്ഷിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ലെന്ന് സുല്‍ത്താന്‍ പറഞ്ഞു.
തുടര്‍ന്ന്, മകന്റെ മരവിച്ച ശരീരവുമായി അദ്ദേഹം ആറു മണിക്കൂര്‍ ജമ്മു ബസ് സ്റ്റാന്റില്‍ കാത്തിരുന്നു. ഒടുവിലാണ് മൃതശരീരം ആരും കാണാതെ പൊതിഞ്ഞ് ബസ്സില്‍ പോവാന്‍ തീരുമാനിച്ചതെന്നും സുല്‍ത്താന്‍ പറഞ്ഞു.
മൃതശരീരമാണെന്നറിഞ്ഞാല്‍ ബസ്സിലും യാത്ര നിഷേധിച്ചാലോയെന്നു ഭയന്നാണ് പുതപ്പില്‍ പൊതിയാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജമ്മുവിലെ ആശുപത്രിയില്‍ മനാനെ എത്തിച്ച ആംബുലന്‍സ് സൗകര്യമെങ്കിലും ലഭിച്ചിരുന്നെങ്കില്‍ ബസ്സില്‍ ഒളിപ്പിച്ച് മനാന്റെ ശരീരം നാട്ടിലെത്തിക്കേണ്ടി വരില്ലായിരുന്നുവെന്നും ഇയാള്‍ പറയുന്നു.
പ്രാദേശിക പ്രതിഷേധത്തെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നു തഹസില്‍ദാര്‍ ഉറപ്പു നല്‍കി. വെള്ളിയാഴ്ച രാത്രിയോടെ മനാന്റെ ശരീരം ഖബറടക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss