|    Oct 19 Fri, 2018 1:57 am
FLASH NEWS
Home   >  Todays Paper  >  page 9  >  

രണ്ടു ലക്ഷത്തിലധികം കുട്ടികള്‍ക്ക് അടിയന്തര സഹായം വേണം: യുനി സെഫ്

Published : 14th September 2017 | Posted By: fsq

കോക്‌സ് ബസാര്‍ (ബംഗ്ലാദേശ്):  മ്യാന്‍മറിലെ സംഘര്‍ഷത്തില്‍ നിന്നും രക്ഷതേടി ബംഗ്ലാദേശിലെത്തുന്ന  റോഹിഗ്യന്‍ അഭയാര്‍ഥികളില്‍ 60 ശതമാനവും കുട്ടികള്‍. ക്യാംപുകളില്‍ കഴിയുന്ന രണ്ടു ലക്ഷത്തിലധികം കുട്ടികളുടെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ക്ക് അടിയന്തര സഹായം ആവശ്യമാണെന്നും യുനിസെഫ് അറിയിച്ചു. കുട്ടികളെയാണു സംഘര്‍ഷം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നതെന്നും യുനിസെഫ് പ്രതിനിധി ജീന്‍ ലീബി അറിയിച്ചു. മ്യാന്‍മറിലെ റാഖൈനില്‍ നിന്ന് ആയിരക്കണക്കിനു കുട്ടികള്‍ ബംഗ്ലാദേശിലെത്തിയത് മാതാപിതാക്കളുടെ കൂട്ടില്ലാതെ തനിച്ചാണെന്നും യുഎന്‍ വ്യക്തമാക്കുന്നു. ഇവരില്‍ പലരുടെയും മാതാപിതാക്കള്‍ കൊല്ലപ്പെടുകയോ കുട്ടികളില്‍നിന്ന് വേര്‍പ്പെട്ട് പോവുകയോ ചെയ്തിട്ടുണ്ട്. ഭൂരിഭാഗം കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ എവിടെയാണെന്ന് പോ ലും അറിയില്ല. മാതാപിതാക്കളുടെ സംരക്ഷണമില്ലാതെയാണ് നദിയും കുറ്റിക്കാടുകളുമായി ദുര്‍ഘടമായ പാതകള്‍ പിന്നിട്ടു അവര്‍ ബംഗ്ലാദേശിലെത്തിയത്. നാടുവിടുമ്പോള്‍ എങ്ങോട്ടാണ് തങ്ങള്‍ പോവുന്നതെന്നുപോലും അറിയാതെയാണ് ഭൂരിഭാഗവും ഇവിടെ എത്തുന്നതെന്നും യുഎന്‍ അധികൃതര്‍ അറിയിച്ചു. കുറച്ചു സ്ത്രീകള്‍ എന്നോടു ചോദിച്ചു നിന്റെ മാതാപിതാക്കള്‍ എവിടെയെന്ന്. എനിക്കറിയില്ലെന്ന് ഞാന്‍ മറുപടി നല്‍കി. അവരിലൊരാള്‍ തന്നെ കൂടെ കൂട്ടി. അങ്ങിനെയാണ് ഞാന്‍ അവരുടെ കൂടെ ഇവിടെ എത്തിയത്. ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപിലെത്തിയ 10 വയസ്സുകാരനായ റോഹിന്‍ഗ്യന്‍ ബാലന്‍ പറഞ്ഞു. 1100ല്‍ അധികം കുട്ടികള്‍ ഇത്തരത്തില്‍ തനിച്ച് ബംഗ്ലാദേശിലെത്തിയിട്ടുണ്ടെന്നാണ് യു എന്നിന്റെ കണക്ക്. ക്യാംപുകളില്‍ ഇത്തരത്തിലുള്ള ധാരാളം കുട്ടികളുണ്ടാവുമെന്നാണ്് അധികൃതരുടെ നിഗമനം. മാതാപിതാക്കളില്‍നിന്ന് വേര്‍പ്പെട്ട ഇത്തരം കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയാക്കപ്പെടാനും മനുഷ്യക്കടത്തു സംഘത്തിന്റെ പിടിയിലകപ്പെടാനും മാനസിക രോഗങ്ങള്‍ക്കടിമപ്പെടാനും സാധ്യതയുണ്ടെന്നും യുനിസെഫ് മുന്നറിയിപ്പ് നല്‍കി. ഇവരില്‍ പലരും മാതാപിതാക്കളെ മ്യാന്‍മര്‍ സൈന്യം ക്രൂരമായി കൊലപ്പെടുത്തുന്നതിന് ദൃക്‌സാക്ഷികളായവരാണ്.  പലരുടെയും ശരീരത്തില്‍ മുറിവേല്‍ക്കുകയും വെടിയുണ്ട തറയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss