|    Oct 18 Thu, 2018 10:17 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രണ്ടു ദേരാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ ; ഹണീപ്രീതിനായുള്ള തിരച്ചില്‍ തുടരുന്നു

Published : 18th September 2017 | Posted By: fsq

 

ചണ്ഡീഗഡ്: ദേരാ തലവന്‍ ഗുര്‍മീത് രാം റഹീം സിങ് ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനെന്നു വിധി വന്ന ദിവസം ദേരാ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ടു രണ്ടു ദേരാ ഭാരവാഹികളെ ഹരിയാന പോലിസ് അറസ്റ്റ് ചെയ്തു. പ്രദീപ് ഗോയല്‍ ഇന്‍സാന്‍, പ്രകാശ് എന്ന വിക്കി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രദീപ് രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്നും വിക്കി മൊഹാലിയില്‍ നിന്നുമാണു ഹരിയാന പോലിസിന്റെ പിടിയിലായത്. ശനിയാഴ്ച വിജയ് എന്നു പേരുള്ള മറ്റൊരു ദേരാ ഭാരവാഹിയെയും അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. അതേസമയം, ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത്, ദേരാ വക്താവ് ആദിത്യാ ഇന്‍സാന്‍ എന്നിവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പോലിസ് പിടിയിലായ പ്രദീപ് ഗോയല്‍ പോലിസിനു നല്‍കിയ മൊഴി പ്രകാരം ഹണീപ്രീത് നേപ്പാളിലേക്ക് കടന്നിട്ടുണ്ട്. ഇവര്‍ക്കായി പോലിസ് നേരത്തെ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഹണീപ്രീത് നേപ്പാളിലേക്ക് കടന്നെന്ന വാര്‍ത്തയില്‍ യാതൊരു സത്യവുമില്ലെന്നും അടിസ്ഥാനമില്ലാത്തതാണെന്നും പോലിസ് പറഞ്ഞു. ദേരാ പ്രവര്‍ത്തകര്‍ ആഗസ്ത് 25നു നടത്തിയ ആക്രമണങ്ങളോട് അനുബന്ധിച്ച് നിരവധി പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത മൂന്നു പേര്‍ക്കും പഞ്ച്കുലയിലെ ആക്രമണ സംഭവങ്ങളിലുള്ള പങ്ക് പരിശോധിക്കുമെന്നും ഇവര്‍ക്കെതിരേയുള്ള മറ്റ് അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും പോലിസ് പറഞ്ഞു. പഞ്ച്കുലയില്‍ നിരവധി പ്രദേശങ്ങളിലായി ദേരാ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ ശേഖരിക്കുകയാണെന്നും ഇതില്‍ നിന്ന് ആക്രമകാരികളെ തിരിച്ചറിഞ്ഞു നടപടിയെടുക്കാനാണു ശ്രമിക്കുന്നതെന്നും പോലിസ് വ്യക്തമാക്കി. ഹണീപ്രീത് നേപ്പാളിലേക്കു കടന്നെന്ന വിവരത്തെ തുടര്‍ന്നു നേപ്പാള്‍ അതിര്‍ത്തി പ്രദേശമായ ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലേക്ക് ഒരു സംഘം പോലിസുകാരെ തിരച്ചിലിനായി അയച്ചിരുന്നു. നേപ്പാളിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഹണീപ്രീതിനായുള്ള തിരച്ചില്‍ നോട്ടീസുകള്‍ പതിപ്പിച്ചതായി ഉത്തര്‍പ്രദേശ് പോലിസ് വ്യക്തമാക്കിയിരുന്നു. പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി ഗുര്‍മീത് കുറ്റക്കാരനാണെന്നു വിധി പുറപ്പെടുവിച്ച അന്നു കോടതിക്ക് പുറത്തെത്തിയ ഗുര്‍മീതിനെ പോലിസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനായി ഗൂഢാലോചന നടത്തിയെന്ന കേസിലാണു ഹണീപ്രീതിനെ പോലിസ് തിരയുന്നത്. ഗുര്‍മീതിന്റെ ഏറ്റവും അടുത്ത അനുയായികളായ ഹണീപ്രീതും ആദിത്യാ ഇന്‍സാനും രാജ്യം വിടാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് ഹരിയാന പോലിസ് ഇവര്‍ക്കെതിരേ സപ്തംബര്‍ ഒന്നിന് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss