|    Dec 13 Thu, 2018 3:11 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

രണ്ടു തൂണുകള്‍ ഏറ്റുമുട്ടുമ്പോള്‍

Published : 6th August 2016 | Posted By: SMR

എന്‍ എം പിയേഴ്‌സണ്‍

താന്‍ ഭരിക്കുന്ന സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കേണ്ട മുഖ്യമന്ത്രി അതു നല്‍കാതെ സ്വന്തം കര്‍ത്തവ്യം നിര്‍വഹിക്കാതിരിക്കുന്ന കാഴ്ചയാണ് മുമ്പിലുള്ളത്. ജനാധിപത്യ സംവിധാനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സംവിധാനമാണ് മാധ്യമം. മാധ്യമപ്രവര്‍ത്തകര്‍ തെരുവിലും കോടതികളിലും ആക്രമിക്കപ്പെട്ടപ്പോള്‍ പരിഹാരം കാണേണ്ട മുഖ്യമന്ത്രി നിസ്സംഗത പ്രകടിപ്പിക്കുകയായിരുന്നു.
അതേസമയം, പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍ കേരള ഹൈക്കോടതി തയ്യാറായി. കേരളത്തിലെ കോടതി പൗരാവകാശസംരക്ഷണത്തിനു വേണ്ടി മുമ്പോട്ടു വന്നപ്പോള്‍ മദ്രാസ് ഹൈക്കോടതിയില്‍ വക്കീലന്മാര്‍ വന്‍സമരം നടത്തുകയായിരുന്നു. അഭിഭാഷകരുടെ പെരുമാറ്റച്ചട്ട ഭേദഗതിക്കെതിരേ അവര്‍ നടത്തിയ സമരംമൂലം ഹൈക്കോടതിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയും സമീപപ്രദേശങ്ങളിലെ റോഡുകള്‍ നിശ്ചലമാവുകയും കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയും ചെയ്തു. കോടതി ചരിത്രത്തിലെ ഏറ്റവും വലിയ അവകാശലംഘനത്തിന്റെ അധ്യായം അങ്ങനെ എഴുതപ്പെട്ടു.
കോടതിയിലേക്ക് മനുഷ്യര്‍ക്കു വരുന്നതിനും പോവുന്നതിനും സ്വതന്ത്രമായ സംവിധാനം ഉണ്ടാക്കാന്‍ പോലിസിന് ഉത്തരവാദിത്തമുണ്ടെന്നാണ് കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. അതു ഭരണഘടനാപരവും നിയമപരവുമായ ബാധ്യതയാണ്. ജനങ്ങളുടെ വിയര്‍പ്പിന്റെ വിലയാണ് കോടതി മന്ദിരം. അതു ജനങ്ങളുടെ ആശയുടെയും ആശ്വാസത്തിന്റെയും പ്രതീകമാണ്. അതിനാല്‍ ജനങ്ങളുടെ പ്രതീക്ഷകളെ കാത്തുസൂക്ഷിക്കാനുള്ള ബാധ്യത ഹൈക്കോടതിക്കുണ്ട്. ഈ ബാധ്യത നിറവേറ്റാന്‍ ഹൈക്കോടതിക്കകത്തും പരിസരങ്ങളിലും ചുറ്റുറോഡിലും 200 മീറ്റര്‍ ദൂരപരിധിയില്‍ സംഘംചേരുന്നതും അക്രമത്തിനു പദ്ധതിയിടുന്നതും കോടതി നിരോധിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം നിറവേറ്റാത്ത സാഹചര്യത്തില്‍ കോടതി ഉത്തരവിന്റെ ജനകീയ പ്രസക്തി വലുതാണ്. ജനനേതാവിന് ഇല്ലാതെപോയ മനുഷ്യപ്പറ്റ് കോടതിയിലെ ന്യായാധാപന് ഉണ്ടാവുന്നത് ഇനിയും മരിക്കാത്ത മനുഷ്യപ്രതീക്ഷയുടെ അവസാനത്തെ അത്താണിയാണ്.
ജനങ്ങളുടെ ഭരണമാണ് ജനാധിപത്യ സംവിധാനത്തില്‍ നടക്കുന്നത് എന്നത് ഒരു വിശ്വാസം മാത്രമാണ്. ഓരോ ഭരണസംവിധാനത്തിലും ശ്രേഷ്ഠ വിഭാഗമായി കണക്കാക്കപ്പെടുന്ന ധാരാളം പേര്‍ ഉണ്ടാവും. അവരാണ് സമൂഹത്തിലെ പ്രമാണിമാര്‍. അവരാണ് അധികാരം കൈയാളുന്നവര്‍. സാധാരണക്കാര്‍ ഇതെല്ലാം കാണുന്നവരാണ്.  അതായത് ഭരണത്തിലെ കാഴ്ചക്കാരാണ്. അതുകൊണ്ടാണ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ലെന്നു മുഖ്യമന്ത്രി പറഞ്ഞത്. തല്ലാനും തല്ലുകൊള്ളാനും ആരും അങ്ങോട്ട് പോവേണ്ടെന്നാണ് ഉപദേശം. ഹൈക്കോടതിയില്‍ സര്‍ക്കാരിന് ഇടപെടാന്‍ ഇടമില്ല. ഹൈക്കോടതി ഒരു സ്വതന്ത്ര ലോകമാണ്. അതിനകത്ത് ജഡ്ജിമാരും വക്കീലന്മാരും മാത്രമാണു വരുന്നത്. കക്ഷികള്‍ക്കുപോലും അവിടെ പ്രവേശനമില്ല. ഹൈക്കോടതിക്കു പുറത്ത് അക്രമം നടത്തി ഒരു അഭിഭാഷകന്‍ ഹൈക്കോടതി വളപ്പിലേക്കു കയറിയാല്‍ പോലിസിന് അയാളെ പിടിക്കാന്‍ കഴിയില്ല. ചീഫ് ജസ്റ്റിസിന്റെ അനുവാദം വാങ്ങി മാത്രമേ പോലിസിന് അതു നിര്‍വഹിക്കാന്‍ കഴിയുകയുള്ളൂ. ഈ സാഹചര്യത്തെ മുതലെടുക്കാന്‍ അഭിഭാഷകര്‍ തീരുമാനിച്ചാല്‍ ഹൈക്കോടതി സുവര്‍ണക്ഷേത്രം പോലെയാവും. കുറച്ച് അഭിഭാഷകരെങ്കിലും അവിടെ ഭിന്ദ്രന്‍വാലകളെ പോലെ പെരുമാറാം. ഈ സാഹചര്യമാണ് സമൂഹത്തെ ഭയപ്പെടുത്തേണ്ടത്.
കഴിഞ്ഞ ആഴ്ച കേരളം കണ്ടത് നിയമസംരക്ഷകരാവേണ്ട അഭിഭാഷകര്‍ നിയമം കൈയിലെടുത്ത് അക്രമം നടത്തുന്ന കാഴ്ചയായിരുന്നു. അക്രമങ്ങള്‍ ആരംഭിക്കുന്നത് നീതിനിഷേധിക്കപ്പെടുന്നു എന്ന തോന്നലില്‍ നിന്നാണ്. ചിലപ്പോള്‍ പൊതുസമൂഹത്തിനു നീതി കിട്ടിയില്ലെന്നു തോന്നുമ്പോഴാണ് അവര്‍ കലാപം നടത്തുന്നത്. ചുമട്ടുതൊഴിലാളികള്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍, ബസ് ജീവനക്കാര്‍ തുടങ്ങി ജീവിതത്തിന്റെ സമതലങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് പലപ്പോഴും നീതിനിഷേധിക്കപ്പെടാറുണ്ട്. അവര്‍ ചില ഘട്ടങ്ങളില്‍ സംഘടിത ശക്തിയായി മാറുകയും അക്രമത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. ഇപ്പോള്‍ അഭിഭാഷകര്‍ക്ക് നീതി ലഭിച്ചില്ലെന്ന തോന്നലുണ്ടായിരിക്കുന്നു. അതുകൊണ്ടവര്‍ നിയമം കൈയിലെടുത്തിരിക്കുന്നു. എത്ര പെട്ടെന്നാണ് നിയമസംരക്ഷകരുടെ ഗോപുരങ്ങള്‍ ഇടിഞ്ഞു വീഴുന്നത്. അഭിഭാഷകര്‍ക്ക് നീതി കിട്ടിയില്ലെന്നു തോന്നിയാല്‍ അവര്‍ കോടതിയെയാണ് സമീപിക്കേണ്ടത്. അതിനുപകരം അവര്‍ തെരുവിലിറങ്ങുന്നു. സ്വന്തം തൊഴിലിലും നിയമവ്യവസ്ഥയിലും വിശ്വാസമില്ലെന്ന് അവര്‍ പ്രഖ്യാപിക്കുന്നു.
നീതി നിര്‍വഹണത്തിന് കോടതിയില്‍ അവരെ സഹായിക്കുന്നവരാണ് അഭിഭാഷകര്‍. അവര്‍ ധരിക്കുന്ന കറുത്ത ഗൗണ്‍ നീതി സംരക്ഷണത്തിന്റെ പ്രതീകമായി മാറുന്നത് അങ്ങനെയാണ്. പ്രതിഷേധത്തിനും വിലാപത്തിനും സാധാരണ മനുഷ്യര്‍ കറുപ്പിനെ ഉപയോഗിക്കുമ്പോള്‍ അഭിഭാഷകര്‍ അത് വിവേകത്തിന്റെ ചിഹ്നമായി മാറ്റുന്നു. കറുപ്പ് വിശുദ്ധ നിറമായി അഭിഭാഷകരില്‍ രൂപാന്തരം പ്രാപിക്കുന്നു. നീതിയുടെ നിര്‍വചനത്തിലും നിര്‍വഹണത്തിലും കറുപ്പ് പരിശുദ്ധിയുടെ നിറമായി മാറുന്നു. ഈ മഹത്തായ ദൗത്യം അഭിഭാഷകന്‍ മറന്നാല്‍ വിശുദ്ധിയുടെ മുനമ്പില്‍ നിന്ന് അവര്‍ നിപതിക്കുന്നത് അരുതാത്ത കാര്യങ്ങളുടെ ഓടകളിലേക്കാണ്. ഹൈക്കോടതിയില്‍ പ്രക്ഷോഭകാരികളായി മാറിയ വക്കീലന്മാര്‍ വിളിച്ചത് മീഡിയ പ്രോസ്റ്റിറ്റിയൂട്ട് ഗോ ബാക്ക് എന്നായിരുന്നു. ചീത്തയും തെറിയും വിളിച്ച് ആക്രോശിച്ചു പോവുന്ന കറുത്ത പടയാളികളുടെ നിര കേരളത്തോട് എന്താണ് പറയുന്നത്.
ആരാണ് വല്ല്യേട്ടന്‍? അഭിഭാഷക സമൂഹവും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കത്തില്‍ അടിത്തട്ടിലുള്ളത് ഈ മൂപ്പിളമത്തര്‍ക്കമാണ്. ഓണത്തിനൊരു മൂലം എന്ന പ്രയോഗം പോലെ ഈഗോ ക്ലാഷ് വെളിയില്‍ വരാന്‍ കാരണമായത് ഗവണ്‍മെന്റ് പ്ലീഡര്‍ ഉള്‍പ്പെട്ട ഒരു സദാചാരക്കേസ് ആണ്. കൊച്ചിയില്‍ കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച ഗവണ്‍മെന്റ് പ്ലീഡറാണ് ധനേഷ് മാത്യു മാഞ്ഞൂരാന്‍. ഇദ്ദേഹം എറണാകുളം കോണ്‍വന്റ് റോഡിന് അരികില്‍ വച്ച് ഒരു യുവതിയെ കടന്നുപിടിച്ചതായി ആരോപണമുണ്ടായി. ഇതേ തുടര്‍ന്നു നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച് പോലിസില്‍ ഏല്‍പിക്കുകയായിരുന്നു. പോലിസ് കേസെടുക്കുകയും വാര്‍ത്ത പത്രത്തില്‍ വരുകയും ചെയ്തു. അടുത്ത ദിവസം ഗവണ്‍മെന്റ് പ്ലീഡറുടെ അമ്മയും അച്ഛനും യുവതിയെ നേരില്‍ക്കണ്ട് മാപ്പു പറഞ്ഞു. സര്‍ക്കാര്‍ പ്ലീഡര്‍ക്ക് ജാമ്യം ലഭിക്കാവുന്ന സൗകര്യമുണ്ടാക്കി. ജാമ്യത്തിലിറങ്ങി ധനേഷ് മാത്യു പോലിസിന് ആളുമാറിയാണ് തന്നെ പ്രതിയാക്കിയതെന്നു പറയുകയും പോലിസിനെ പ്രതിസ്ഥാനത്തു നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരേ അഭിഭാഷകന്‍ തിരിയുകയായിരുന്നു. മാധ്യമങ്ങള്‍ക്കെതിരേ അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ മാര്‍ച്ച് നടത്താന്‍ തീരുമാനിക്കുകയും പിന്നീട് അത് വേണ്ടെന്നുവയ്ക്കുകയും ചെയ്തു. അപ്പോള്‍ മാധ്യമങ്ങള്‍ അഡ്വക്കറ്റ്‌സ് അസോസിയേഷനില്‍ അഭിപ്രായവ്യത്യാസം എന്ന് വാര്‍ത്ത കൊടുത്തു. ഇതിനെ അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ ചോദ്യം ചെയ്തു. പത്രക്കാര്‍ അഭിഭാഷക അസോസിയേഷന്‍ നടത്താന്‍ തീരുമാനിച്ച വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കുമെന്നു ഭീഷണിപ്പെടുത്തി. മാധ്യമ-അഭിഭാഷക സംഘര്‍ഷം ആരംഭിച്ചു. പിന്നീട് നടന്നതെല്ലാം ചരിത്രം. അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു. തിരുവനന്തപുരത്ത് മാധ്യമ വാഹനങ്ങള്‍ തകര്‍ക്കുകയും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ മദ്യക്കുപ്പികള്‍ വരെ വലിച്ചെറിയുകയും ചെയ്തു. ചുരുക്കത്തില്‍ നിയമസംരക്ഷകരാവേണ്ടവര്‍ നിയമത്തെ തെരുവില്‍ തല്ലിക്കീറി. നിയമസംരക്ഷകരുടെ കരങ്ങള്‍ നിയമലംഘകരുടെ കരങ്ങളായി മാറി. സംഘടിത ശക്തിയില്‍ ഊറ്റംകൊണ്ടവര്‍ നിയമത്തെ തെരുവില്‍ വെല്ലുവിളിച്ചു. കൈയൂക്കുകൊണ്ട് കാര്യം നടത്താന്‍ ശ്രമിക്കുന്നത് നിയമസംവിധാനത്തെ വെല്ലുവിളിക്കലാണ്.

കടപ്പാട്: ജനശക്തി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss