|    Jan 17 Tue, 2017 4:50 pm
FLASH NEWS

രണ്ടു തലമുറകള്‍ ചേര്‍ന്ന് പന്തുതട്ടി; ആവേശത്തേരിലേറി കാണികള്‍

Published : 19th October 2016 | Posted By: Abbasali tf

കോഴിക്കോട്: കാല്‍നൂറ്റാണ്ട് മുമ്പ് കാല്‍പന്തുകളിയില്‍ രാജാക്കന്മാരായിരുന്ന കേരള പൊലിസിലെ മിന്നും താരങ്ങളും പോലിസിലെ തന്നെ പുതുരക്തങ്ങളും ഇടകലര്‍ന്ന് രണ്ട് ടീമുകളായി കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ കാണികള്‍ക്ക് വേറിട്ട അനുഭവമായി. കാല്‍പന്തുകളിയില്‍ കേരളത്തിന്റെ സുവര്‍ണ കാലത്തെ ഓര്‍മപ്പെടുത്തിയാണ് ഒരു കാലത്ത് ടൂര്‍ണമെന്റുകള്‍ അടക്കിവാണിരുന്ന സംസ്ഥാന പൊലിസ് ടീമിന്റെ കരുത്തര്‍ വീണ്ടും ജഴ്‌സിയണിഞ്ഞത്. തങ്ങളുടെ പോരാട്ട വീര്യം ഒട്ടും നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു സി വി പാപ്പച്ചന്‍, ഐ എം വിജയന്‍, കെ ടി ചാക്കോ, കുരികേശ് മാത്യു, യു ഷറഫലി, ഹബീബ് റഹ്മാന്‍ തുടങ്ങിയ പ്രമുഖരുടെ പ്രകടനം. മല്‍സരത്തില്‍ രാജ്യാന്തര താരം സി വി പാപ്പച്ചന്റെ നേതൃത്വത്തിലിറങ്ങിയ ‘കേരള പാന്തേഴ്‌സ്’ ടീം കുരികേശ് മാത്യുവിന്റെ നേതൃത്വത്തിലുള്ള ‘കേരളാ റോവേഴ്‌സ്’ ടീമിനെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക്കീഴടക്കി. നാളെ മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന പൊലിസ് കായിക മേളയുടെ ഭാഗമായാണ് പ്രദര്‍ശന മല്‍സരം സംഘടിപ്പിച്ചത്. കളിയുടെ ആദ്യ പകുതിയില്‍ ഏഴാം മിനിറ്റില്‍ മുന്‍ ഇന്റര്‍ നാഷനല്‍ താരം ഐ എം വിജയന്റെ മിന്നുന്ന ഹെഡിലൂടെ ഗോള്‍ വലയം കുലുക്കാന്‍ റോവേഴ്‌സിന് ആയെങ്കിലും ആ മേല്‍ക്കൈ ഏറെ നേരം നിലനിര്‍ത്താന്‍ അവര്‍ക്കായില്ല. എങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷവും തന്നിലെ ഫുട്‌ബോള്‍ പ്രതിഭ വീര്യം ചോരാതെ നിലനില്‍ക്കുന്നുണ്ടെന്ന് കാണികളെ ബോധ്യപ്പെടുത്താന്‍ ആ മനോഹരമായ ഒറ്റഗോളിലൂടെ വിജയനായി. സമാപന ചടങ്ങില്‍ ഉത്തരമേഖലാ എഡിജിപി സുദേഷ്‌കുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ മുഖ്യാതിഥിയായിരുന്നു. ഐ ജി ദിനേന്ദ്ര കശ്യപ്, സിറ്റി പോലിസ് കമ്മീഷണര്‍ ഉമ ബഹ്‌റ, കണ്ണൂര്‍ എആര്‍ ക്യാംപ് അസി. കമാന്‍ഡന്റ് വി കെ അബ്ദുല്‍ നിസാര്‍ സംസാരിച്ചു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക