|    Jan 23 Tue, 2018 11:48 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

രണ്ടു കല്യാണദിനങ്ങള്‍: ഒരു താരതമ്യം

Published : 9th November 2015 | Posted By: SMR

പി എ എം ഹനീഫ്

1981 സപ്തംബര്‍. ഒരു ഞായറാഴ്ച. വയനാട്ടിലെ നടവയലില്‍ ഒരു ലളിതമായ കല്യാണം. ജനകീയ സാംസ്‌കാരികവേദി സംസ്ഥാന സെക്രട്ടറിയുടെ. ഞാന്‍ അന്ന് സാംസ്‌കാരികവേദിയില്‍ സജീവം. കാറുകളുടെ ആധിക്യമോ സമ്പന്നതയുടെ മണികിലുക്കമോ ആ കല്യാണത്തിനുണ്ടായിരുന്നില്ല. കാട്ടിലയും വയനാടന്‍ചരിവിലെ താന്തോന്നിപൂക്കളും കോര്‍ത്തിണക്കിയ ഹാരം അണിയിച്ചാണ് വധുവിനെ സഖാവ് സ്വീകരിച്ചത്. മുദ്രാവാക്യം വിളിയുണ്ടായി. സദ്യക്കിരുന്നപ്പോള്‍- വിപുലമായ സദ്യ ഒന്നുമല്ല. രണ്ടോ മൂന്നോ കൂട്ടാനും നാടന്‍ ചോറും- ഇലകളിലൂടെ പോലിസ് ബൂട്ട് പാഞ്ഞു. ചിലര്‍ പന്തിയില്‍നിന്ന് എഴുന്നേറ്റോടി. കണ്ണൂര്‍-കാസര്‍കോട് ഭാഗത്തുനിന്നു വന്ന ചില പ്രവര്‍ത്തകരെ പോലിസ് ആ ഓട്ടപ്പാച്ചിലിനിടയില്‍ കസ്റ്റഡിയിലെടുത്തു. മഠത്തില്‍ മത്തായി എന്ന ചൂഷകനെ കൊന്ന് യുജിയില്‍ കഴിയുന്ന പ്രതികളെ തേടി പോലിസ് വന്നതാണ്. കൊലപാതകമല്ല സത്യത്തില്‍ പോലിസിനെ പ്രകോപിപ്പിച്ചത്. കൊല നടന്ന ദിവസം പോലിസ് കാവലില്‍ മഠത്തില്‍ മത്തായിയുടെ വീട്ടുമതിലിലും ചുറ്റുപാടും സഖാക്കള്‍ ‘നക്‌സല്‍ബാരി സിന്ദാബാദ്’ എഴുതിയ പോസ്റ്ററുകള്‍ പതിച്ചു. കണ്ണൂര്‍ വഴി മുപ്പതോളം പോസ്റ്റര്‍ എത്തിച്ചതിലും കാവല്‍ നിന്ന യുവാക്കളായ രണ്ടോ മൂന്നോ പോലിസുകാരുടെ നിശ്ശബ്ദ സഹായം ആ പോസ്റ്റര്‍ പതിക്കലിനുണ്ടായതും യാദൃച്ഛികമായിരുന്നില്ല. ഒട്ടും തിരുത്താതെ എഴുതട്ടെ. അന്ന് ആ പോസ്റ്ററുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച എന്റെ ഊര്‍ജം. സാഹസികത ഇന്നെവിടെ യോ എന്തോ? വിവാഹം കഴിഞ്ഞ് വധൂവരന്മാരടക്കം സഖാക്കള്‍ കൂട്ടമായി ബത്തേരി സ്‌റ്റേഷനില്‍ ചെന്ന് പോലിസിനെ ‘വിറപ്പിച്ച്’ കസ്റ്റഡിയിലായ സഖാക്കളെ മോചിപ്പിച്ചു. ഹോ! എന്തൊരാവേശമായിരുന്നു ആ കല്യാണ പകലും പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ചും. വയനാട്ടില്‍നിന്ന് സംഘം പലവഴിക്കായി പിരിഞ്ഞു. ക്യാപ്റ്റന്റെ ഓര്‍ഡര്‍ അതായിരുന്നു. ഇതെഴുതുന്ന നാളുകളില്‍ മൂകാംബിക ക്ഷേത്രം സ്ഥിതിചെയ്യുന്ന വനാതിര്‍ത്തിയില്‍ എവിടെ യോ കുറച്ചു പ്രകൃതിദത്ത വനം സമ്പാദിച്ച് ആശ്രമജീവിതം നയിക്കുന്ന എ മോഹന്‍കുമാറായിരുന്നു ക്യാപ്റ്റന്‍. ഓര്‍മകളേ… കൈവളചാര്‍ത്തി…
2015 നവംബര്‍ 7. ആ വയനാടന്‍ സംഭവത്തിലെ ഒരു പ്രധാന സഖാവിന്റെ മകളുടെ കല്യാണം. കത്തും ഫോണ്‍ സന്ദേശവും ഉണ്ടായിരുന്നു. എത്തിയപ്പോള്‍ ഞാന്‍ കോരിത്തരിച്ചുപോയി. പഴയ സഖാക്കളില്‍ നല്ലൊരു പങ്ക് അവിടെയുണ്ട്. നല്ലൊരുപറ്റം കാറുകളില്‍ വന്നവര്‍. സമ്പന്നതയുടെ ചെറിയ നാണയക്കിലുക്കങ്ങളും ആ ഹാളിലും പരിസരത്തുമുണ്ടായിരുന്നു. ബാംസൂരിയും തബലയും സൃഷ്ടിച്ച ഇമ്പമാര്‍ന്ന സംഗീതധാര. വിഷപ്പറ്റില്ലാത്ത ഓര്‍ഗാനിക് ഉല്‍പന്നങ്ങള്‍ വേവിച്ച സമൃദ്ധ ഭക്ഷണം. പശുവിന്‍ നെയ്യും പപ്പടവും പായസവും. മാമുക്കോയ മുതല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് അടക്കം സകല കലാകാരന്മാരുമുണ്ട്. ഇടയ്‌ക്കെപ്പോഴോ ഒരു പാര്‍ലമെന്റംഗവും വധൂവരന്‍മാരെ തൊഴുതു മടങ്ങുന്നതു കണ്ടു. എല്ലാ മുഖങ്ങളിലും സംതൃപ്തി. വിടര്‍ന്ന പുഞ്ചിരി. കാമറകളും വീഡിയോഗ്രാഫര്‍മാരും ഓരോ നിമിഷവും ആവേശപൂര്‍വം പകര്‍ത്തുന്നു. തൃശൂരില്‍നിന്നു വന്ന കവികളില്‍ ഒരാള്‍ വരുന്ന മാസം നടക്കുന്ന മകളുടെ വിവാഹത്തിന് ക്ഷണിച്ചു. ബാലചന്ദ്രന്‍ ചുള്ളിക്കാട് കുശലമന്വേഷിച്ചു:
”ഹനീഫ് ഇപ്പം എവിടെയാ?”
ഞങ്ങള്‍ സാംസ്‌കാരികവേദി കാലത്ത് കുറച്ചുനാള്‍ ഒന്നിച്ചലഞ്ഞിട്ടുണ്ട്. ഞാന്‍ ഹൃദയപൂര്‍വം ചിരിച്ചു.
”ശകലം വര്‍ഗീയത ഒക്കെയായി കഴിയുന്നു ബാലാ…”
കവിയും അതുകേട്ട സുഹൃത്തുക്കളും ചിരിച്ചു. അഭിനന്ദിച്ചു.
”നല്ല പ്രയോഗം.”
34 വര്‍ഷം മുമ്പ് ഒരു പുത്തന്‍ കേരളത്തെ സൃഷ്ടിക്കാന്‍ സകലതും ത്യജിച്ച് ഇറങ്ങിയ ആ വയനാടന്‍ ഞായറാഴ്ചയും ഇന്ന് ഐശ്വര്യപൂര്‍ണമായ ഈ 2015 നവംബര്‍ ഏഴും ഞാന്‍ താരതമ്യം ചെയ്തു.
നവ്യകേരളം നിര്‍മിക്കപ്പെട്ടോ. അതോ മാറ്റങ്ങളാണോ ഇന്ന് കല്യാണഹാളില്‍ ഞാന്‍ ദര്‍ശിച്ചത്. ഒരു കാറിലാണു ഞാന്‍ മടങ്ങിയത്. ഓര്‍മകളേ… കൈവളചാര്‍ത്തി വരൂ വിമൂകമീ…

*****************

തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ടിവിയില്‍ സസുഖം കണ്ടിരിക്കെ നാലാം ക്ലാസുകാരന്‍ പുത്രന്‍ ചെറിയൊരു സംശയം ഉന്നയിച്ചു:
”ആരാ ജയിച്ചതെന്നു മനസ്സിലാവുന്നില്ലല്ലോ ഉപ്പച്ചി.”
ഞാന്‍ ചാനലുകളുടെ വകതിരിവില്ലാത്ത റിസള്‍ട്ട് അവതരണമോര്‍ത്ത് ശിരസ്സു താഴ്ത്തി. അവന്‍ സംശയിച്ചത് ശരിയായിരുന്നു.
ആരും തോറ്റെന്ന് ചാനലുകള്‍ പറയുന്നില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day