|    Jan 20 Fri, 2017 7:26 am
FLASH NEWS

രണ്ടുവര്‍ഷത്തിനിടെ മയക്കുമരുന്ന് ഉപയോഗം ഇരട്ടിയിലേറെ വര്‍ധിച്ചെന്ന് കണക്കുകള്‍

Published : 7th October 2016 | Posted By: SMR

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മയക്കുമരുന്ന് ഉപയോഗം ഇരട്ടിയിലേറെ വര്‍ധിച്ചെന്ന് കണക്കുകള്‍. മദ്യലഭ്യതയില്‍ കുറവുവന്നതോടെയാണ് മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചതെന്ന് എക്‌സൈസ് വകുപ്പ് നല്‍കുന്ന റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 1430 മയക്കുമരുന്നു കേസുകള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷം ആഗസ്ത് വരെ ലഭ്യമായ കണക്കുകള്‍പ്രകാരം 1,789 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
2013ലും 2014ലും ആയിരത്തില്‍ താഴെ കേസുകള്‍ റിപോര്‍ട്ട് ചെയ്തപ്പോഴാണ് രണ്ടുവര്‍ഷത്തിനുള്ളില്‍ മയക്കുമരുന്ന് ഉപഭോഗം വര്‍ധിച്ചിരിക്കുന്നതെന്നും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയില്‍ രേഖാമൂലം സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള നാലുമാസക്കാലയളവില്‍ സ്‌കൂള്‍ പരിസരത്തു നിന്നു മാത്രം 231 മയക്കുമരുന്നു കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇതില്‍ വ്യക്തമാണ്. പുതിയ മദ്യനയം നിലവില്‍വന്നശേഷമാണ് ഇത്രയേറെ മയക്കുമരുന്നു കേസുകള്‍ വര്‍ധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ നാലുമാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ സപ്തംബര്‍ 22 വരെ കഞ്ചാവ്കടത്തുമായി ബന്ധപ്പെട്ട് മാത്രം 947 കേസുകളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. പാന്‍മസാല വില്‍പ്പനയുടെ തോതും വര്‍ധിച്ചിട്ടുണ്ട്. നാലുമാസത്തിനുള്ളില്‍ പാന്‍മസാല കടത്തും വില്‍പ്പനയുമായി ബന്ധപ്പെട്ട് 3,448 കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്പാ ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇതും മയക്കുമരുന്ന് ഉപയോഗത്തിന്റെ പരിധിയില്‍ വരുന്നതാണ്. വിദ്യാര്‍ഥികളാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലും വിപണനം ചെയ്യുന്നവരിലും മുന്നിലെന്ന് പോലിസ് നടത്തിവരുന്ന പരിശോധനയിലും വ്യക്തമാണ്. എക്‌സൈസ്, പോലിസ് വകുപ്പുകളും സ്‌കൂള്‍ പിടിഎയുമായി സഹകരിച്ച് ബോധവല്‍ക്കരണം നടത്തുന്നുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ പ്രതികളാകുന്ന മയക്കുമരുന്ന് കേസുകള്‍ വര്‍ധിക്കുന്നുണ്ടെന്നും റിപോര്‍ട്ടുകളില്‍ പറയുന്നു. എക്‌സൈസ് വകുപ്പ് സംസ്ഥാനത്തുടനീളം 1,735 സ്‌കൂളുകളില്‍ ലഹരിവിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിച്ച് ബോധവല്‍ക്കരണം നടത്തുന്നുണ്ട്. സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ വന്‍തോതില്‍ മയക്കുമരുന്ന് റെയ്ഡ് നടക്കുന്നുണ്ടെങ്കിലും വിദ്യാര്‍ഥികളിലെ ഉപയോഗം കൂടിവരുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, നിലവിലെ മദ്യനയം കൊണ്ട് മദ്യോപയോഗത്തില്‍ കുറവുവന്നതായി പഠനങ്ങള്‍ പുറത്തുവന്നിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില്‍പ്പനയില്‍ നേരിയ കുറവുണ്ടായെങ്കിലും ബിയര്‍ വില്‍പ്പനയില്‍ വന്‍തോതില്‍ വര്‍ധനയും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 2014-15 വര്‍ഷം 201.75 ലക്ഷം കെയ്‌സ് മദ്യം വിറ്റപ്പോള്‍ 95.59 കെയ്‌സ് ബിയറാണ് വില്‍പ്പന നടത്തിയത്. എന്നാല്‍, ഈ വര്‍ഷം ആഗസ്ത് വരെ 88.39 കെയ്‌സ് മദ്യവും 64.88 കെയ്‌സ് ബിയറുമാണ് വിറ്റത്. കഴിഞ്ഞവര്‍ഷം ആഗസ്ത് വരെ മദ്യം 85.1ഉം ബിയര്‍ 63.86ഉം കെയ്‌സുകള്‍ വിറ്റഴിഞ്ഞു. ഇവ താരതമ്യം ചെയ്യുമ്പോള്‍ മദ്യോപഭോഗത്തില്‍ കാര്യമായ വ്യത്യാസമില്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക