|    Aug 18 Sat, 2018 10:45 am

രണ്ടുമാസത്തിനിടെ രണ്ട് ഉരുള്‍പൊട്ടല്‍; ദുരിതമൊഴിയാതെ മതില്‍മൂല കോളനിവാസികള്‍

Published : 11th August 2018 | Posted By: kasim kzm

നിലമ്പൂര്‍: രണ്ടുമാസത്തിനിടയില്‍ രണ്ടു ഉരുള്‍പൊട്ടലിന്റെ ഞെട്ടല്‍ മാറാതെ ചാലിയാര്‍ പഞ്ചായത്തിലെ മതില്‍മൂല കോളനി നിവാസികള്‍. കോളനിയിലെ 57 കുടുംബങ്ങളിലെ 186 അംഗങ്ങളെ പെരുമ്പത്തൂര്‍ ഗവണ്‍മന്റ് യുപി സ്‌കൂളിലെയും എരുമമുണ്ട നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരുതാശ്വാസ ക്യാമ്പിലേക്കു മാറ്റി. ബുധനാഴ്ച രാത്രിയോടെ ആഢ്യന്‍പാറ മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപാച്ചിലില്‍ കോളനിയിലെ സംരക്ഷണ ഭിത്തിയും മറികടന്നാണ് മലവെള്ളപ്പാച്ചിലുണ്ടായത്.
വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടികൂടി രക്ഷാപ്രവര്‍ത്തനം തുടങ്ങി. കയറുകളും മറ്റും ഇട്ടുകൊടുത്താണ് പ്രദേശവാസികളെ കരക്കെത്തിച്ചത്. ഫയര്‍ഫോഴ്‌സ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പിടി ഉസ്മാന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും അടക്കമുള്ളവരും ചേര്‍ന്നാണ് വ്യാഴാഴ്ച ഉച്ചക്കു 12 മണിയോടെ മുഴുവന്‍ കുടുംബങ്ങളെയും രക്ഷപ്പെടുത്തിയത്.
തുടര്‍ന്നു പെരുമ്പത്തൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ ക്യാമ്പിലേക്കു മാറ്റുകയായിരുന്നു. വൈകീട്ടോടെ കുറച്ച് കുടുംബങ്ങളെ എരുമമുണ്ട നിര്‍മല സ്‌കൂളിലെ ക്യാമ്പിലേക്കും മാറ്റി.
ഇക്കഴിഞ്ഞ ജൂണില്‍ പെയ്ത കനത്ത മഴയില്‍ ആഢ്യന്‍പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും സംരക്ഷണ ഭിത്തി മറികടന്നു കോളനിയില്‍ വെള്ളം കയറുകയുളം ചെയ്തതോടെ മൂന്നു ദിവസത്തോളം ഇവര്‍ പെരുമ്പത്തൂര്‍ സ്‌കൂളിലെ താല്‍കാലിക ക്യാമ്പിലായിരുന്നു. കോളനിയില്‍ മടങ്ങിയെത്തി ആദ്യത്തെ ഉരുള്‍പൊട്ടലിന്റെ നടുക്കം മാറും മുമ്പാണ് വീണ്ടും ഇവര്‍ ഉരുള്‍പൊട്ടലിനു സാക്ഷ്യം വഹിച്ചത്. രാത്രിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അപ്രതീക്ഷിതമായി വെള്ളം കോളനിയിലേക്കു ഒഴുകിയെത്തിയതോടെ കോളനി നിവാസികള്‍ അലമുറയിട്ടതോടെയാണ് പ്രദേശവാസികളും മറ്റും ഓടിയെത്തിയത്. മഞ്ചേരിയില്‍ നിന്നാണ് ചുങ്കത്തറ വഴി ഫയര്‍ഫോഴ്‌സ് ഇവിടേക്കെത്തിയത്. രാത്രിയായതിനാല്‍ രക്ഷപ്പെട്ടത് ആരെന്നോ കുടുങ്ങി കിടക്കുന്നത് ആരെന്നോ അറിയാതെ പലരും ഭീതിയിലായിരുന്നു. രക്ഷാപ്രവര്‍ത്തകരും വെളിച്ചവുമൊന്നുമില്ലാതെ നട്ടം തിരിഞ്ഞു. ജീവന്‍ പണയം വച്ചാണ് കുത്തിയൊഴുകുന്ന മലവെള്ളപാച്ചിലില്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തകരായത്. മണിക്കൂറുകളോളം ഇവര്‍ രക്ഷാ പ്രവര്‍ത്തനം തുടര്‍ന്നു. വീട്ടുപകരണങ്ങളടക്കം മലവെള്ളപാച്ചിലില്‍ ഒലിച്ചുപോയതോടെ ഏറെ നിരാലംബരായിരിക്കുകയാണ് ഈ കുടുംബങ്ങള്‍. ഇവര്‍ക്ക് ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കള്‍ ഗ്രാമപഞ്ചായത്തിന്റെയും റവന്യൂ വകുപ്പിന്റെയും നേതൃത്വത്തില്‍ നല്‍കുന്നുണ്ട്. മഴ തുടരുന്നതിനാല്‍ കോളനിയിലേക്കു മടങ്ങുന്നത് പലരെയും ആശങ്കപ്പെടുത്തുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss