|    Oct 17 Wed, 2018 10:55 am
FLASH NEWS

രണ്ടുനാള്‍കൊണ്ട് വയനാട്ടുകാര്‍ കുടിച്ചത് മൂന്നരക്കോടിയുടെ മദ്യം

Published : 6th September 2017 | Posted By: fsq

 

മാനന്തവാടി: മദ്യത്തിന്റെ പേരില്‍ മന്ത്രിസഭയില്‍ പോലും വിവാദങ്ങള്‍ കൊഴുക്കുമ്പോഴും ഉപഭോഗത്തിന്റെ കാര്യത്തില്‍ തങ്ങളും ഒട്ടു പിന്നിലെന്ന് തെളിയിക്കുകയാണ് ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിറ്റഴിച്ച മദ്യത്തിന്റെ കണക്ക്. മൂന്നര കോടിയോളം രൂപയുടെ മദ്യമാണ് ഓണനാളുകളില്‍ കുടിച്ച് തീര്‍ത്തത്. അടച്ചുപൂട്ടിയ മദ്യവില്‍പനശാലകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്തതോടെ ആദിവാസി കോളനികളുള്‍പ്പടെ മദ്യത്തില്‍ മുങ്ങി. ഉത്രാടത്തിന് രണ്ട് കോടി ഇരുപത്തിമൂന്ന് ലക്ഷത്തിന്റെയും തിരുവോണ നാളില്‍ ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷത്തിന്റെയും കച്ചവടം നടന്നു. ഇത് ബീവറേജസ് ഔട്ട് ലെറ്റുകളിലെ കണക്ക് മാത്രം ജില്ലയിലെ രണ്ട് ബാറുകളിലും നിരവധി കള്ളുഷാപ്പുകളിലും മോശമല്ലാത്ത കച്ചവടം നടന്നതായാണ് വിവരം. കൂട്ടി കിഴിച്ച് നോക്കിയാല്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കച്ചവടം ഏറെ മുന്നോട്ട് തന്നെ. ഉത്രാടം നാളില്‍ ജില്ലയിലെ ആറ് ബീവറേജസ് ഔട്ട് ലെറ്റുകളില്‍ രണ്ട് കോടി ഇരുപത്തിമൂന്ന് ലക്ഷത്തി എണ്‍പത്തി എട്ടായിരം രൂപയുടെയും തിരുവോണ നാളില്‍ ഒരു കോടി ഇരുപത്തി മൂന്ന് ലക്ഷത്തി ഏഴായിരത്തിന്റെയും കച്ചവടം നടന്നതായാണ് വിവരം. ഇതില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് മാനന്തവാടി ബീവറേജസ് ഔട്ട് ലെറ്റില്‍.  ഇവിടെ ഉത്രാടത്തിന് അന്‍പത്തിയൊന്ന് ലക്ഷത്തി എണ്‍പതിനായിരത്തിന്റെയും ഓണത്തിന് ഇരുപത്തിയെട്ട് ലക്ഷത്തിന്റെയും കച്ചവടം നടന്നു. കുറവ് വില്‍പ്പന നടന്നത് പനമരത്തും. ഇവിടെ ഉത്രാടത്തിന്  ഇരുപത്തി എട്ട് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരത്തിന്റെയും തിരുവോണ നാളില്‍ പതിനാല് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരത്തിന്റെയും വില്‍പ്പനയാണുണ്ടായത്. കല്‍പ്പറ്റ ബീവറേജസില്‍ ഉത്രാടത്തിന് മുപ്പത്തിരണ്ട് ലക്ഷത്തി അമ്പതിനായിരത്തിന്റെയും തിരുവോണത്തിന് പത്തൊമ്പത് ലക്ഷത്തിന്റെയും കച്ചവടം നടന്നപ്പോള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ഉത്രാടത്തിന് നാല്‍പ്പത്തി ഒമ്പത് ലക്ഷത്തി അറുപത്തിരണ്ടായിരം രൂപയുടെ വില്‍പ്പന നടന്നു. പുല്‍പ്പള്ളിയില്‍ ഉത്രാടത്തിന് മുപ്പത്തിരണ്ട് ലക്ഷത്തിന്റെയും തിരുവോണത്തിന് പതിനേഴ് ലക്ഷത്തിന്റെയും കച്ചവടം നടന്നപ്പോള്‍ അമ്പലവയലില്‍ ഉത്രാടത്തിന് മുപ്പത്തിരണ്ട് ലക്ഷത്തിന്റെയും തിരുവോണത്തിന് പതിനേഴ് ലക്ഷത്തിന്റെയും കച്ചവടം നടന്നു. ഇത് ബീവറേജസ് ഔട്ട് ലെറ്റുകളിലെ കണക്ക് മാത്രം, ഇതിനു പുറമെ ജില്ലയിലെ രണ്ട് ബാറുകളിലും മോശമല്ലാത്ത കച്ചവടം  നടന്നു. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വില്‍പന കഴിഞ്ഞ തവണത്തെക്കാളും ഉയര്‍ന്നു. ജില്ലയില്‍ തന്നെ യഥേഷ്ടം മദ്യവില്‍പ്പനശാലകള്‍ തുറന്നതോടെ ആദിവാസികോളനികളിലുള്‍പ്പടെ ഒണത്തിന് മദ്യമൊഴുകി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss