|    Jan 21 Sat, 2017 11:15 pm
FLASH NEWS

രണ്ടിടത്ത് വാഹനാപകടം; അഞ്ചു മരണം

Published : 27th May 2016 | Posted By: SMR

കണ്ണൂര്‍/വടകര/കാളികാവ്: അന്തര്‍സംസ്ഥാന പാതയിലും മലപ്പുറം കാളികാവിലും ഇന്നലെയുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍സംസ്ഥാന പാതയിലെ പെരുമ്പാടി ചെക്‌പോസ്റ്റിന് സമീപം ഇന്നലെ പുലര്‍ച്ചെ 3.30ഓടെയായിരുന്നു മൂന്നുപേര്‍ മരിച്ച ആദ്യ അപകടം.
കര്‍ണാടകയിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ഷെവര്‍ലേ ടവേര കാറിനു മുകളിലേക്കു ലോറി മറിയുകയായിരുന്നു. വടകര എംഎച്ച്ഇഎസ് കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥി ഇരിങ്ങത്ത് പുത്തന്‍പുരയില്‍ മുഹമ്മദ് യാസീന്‍ (19), മേമുണ്ട ചല്ലിവയല്‍ ചാത്തന്‍ പുളിഞ്ഞോളി മുഹമ്മദ് മിന്‍ഹാജ്(20), പതിയാരക്കര താഴെ പാറേമ്മല്‍ ആഷിഖ്(19) എന്നിവരാണു മരിച്ചത്. സാരമായി പരിക്കേറ്റ എംഎച്ച്ഇഎസ് കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളായ വടകര കസ്റ്റംസ് റോഡ് റഹ്മയില്‍ ഷഹബാസ്(20), ചെമ്മരത്തൂര്‍ ആര്യന്നൂര്‍ കിഴക്കെ പറമ്പത്ത് ഷാജഹാന്‍(19) എന്നിവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംഎച്ച്ഇഎസ് കോളജിലെ തന്നെ വിദ്യാര്‍ഥികളായ മേമുണ്ട പാലോത്ത് ജൗഹര്‍, പാലോത്ത് സുഫൈദ്, മൂരാട് സ്വദേശി സഫീര്‍ എന്നിവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ്. തിക്കോടി സ്വദേശി നാദിര്‍, ആയഞ്ചേരി പൈങ്ങോട്ടായി സ്വദേശി ബിലാല്‍ എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീരാജ്‌പേട്ടയില്‍ നിന്നു ചരക്കുകയറ്റി ഇരിട്ടി ഭാഗത്തേക്കു വരികയായിരുന്ന ലോറിയെ പെരുമ്പാടി ചെക്‌പോസ്റ്റില്‍ കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. 100 മീറ്റര്‍ പിന്നിട്ടതോടെ നിയന്ത്രണംവിട്ട് രണ്ടു ലോറികളില്‍ ഇടിച്ചശേഷം കാറിനു മുകളിലേക്കു മറിയുകയായിരുന്നു.
നാസറാണു മുഹമ്മദ് യാസീനിന്റെ പിതാവ്. മാതാവ് സീന. സഹോദരന്‍: ഷാഹിന്‍. അബ്ദുല്‍ കരീം-ഹാജറ ദമ്പതികളുടെ മകനാണ് മുഹമ്മദ് മിന്‍ഹാജ്. സഹോദരങ്ങള്‍: നാദിയ, അജ്മല, നജ്മ ഷെറിന്‍. അബ്ദുറഹ്മാന്‍ ആണ് ആഷിഖിന്റെ പിതാവ്. മാതാവ്: റഷീദ. സഹോദരങ്ങള്‍: ജന്നത്തൂര്‍ ഫര്‍ദ്ദിന്‍, മുനവ്വിര്‍.
കാളികാവ് അങ്ങാടിയില്‍ രാവിലെ 11ഓടെയാണു രണ്ടാമത്തെ അപകടം. നിയന്ത്രണംവിട്ട സ്വകാര്യബസ് ബൈക്കുകളില്‍ പാഞ്ഞുകയറി വാണിയമ്പലം മാടശ്ശേരി മുണ്ടേക്കാടന്‍ ബഷീറിന്റെ മകന്‍ നിഷാദ് ബാബു(33), ചുങ്കത്തറ പള്ളിക്കുത്ത് ചീരക്കുഴിയില്‍ വെള്ളാട്ടേത്ത് വി പി തോമസിന്റെ മകന്‍ ബിനു(32) എന്നിവരാണു മരിച്ചത്. സ്റ്റാന്‍ഡില്‍ നിന്നു കരുവാരക്കുണ്ട് ഭാഗത്തേക്കു പോവുകയായിരുന്ന ബസ് ആദ്യം ബിനു സഞ്ചരിച്ച ബൈക്കിലിടിച്ചു.
അപകടം കണ്ട് തൊട്ടടുത്ത ബൈക്കിലുണ്ടായിരുന്ന നിഷാദ് ഒച്ചവയ്ക്കുന്നതിനിടെ ബസ് നിഷാദിനെയും ഇടിച്ചു. ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിനു പൂക്കോട്ടുംപാടത്ത് ഇന്‍ഡസ്ട്രിയല്‍ ജീവനക്കാരനും നിഷാദ് ജിദ്ദയിലെ ബ്ലൂസ്റ്റാര്‍ കമ്പനിയിലെ എസി മെക്കാനിക്കുമാണ്. ജമീലയാണു നിഷാദിന്റെ മാതാവ്. മകന്‍: മുഹമ്മദ് നിഹാദ്. സുനിതയാണു ബിനുവിന്റെ ഭാര്യ. ഒരു കുട്ടിയുണ്ട്. മാതാവ്: അന്നമ്മ. സഹോദരങ്ങള്‍: ജെസി, മിനി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക