|    Apr 25 Wed, 2018 6:34 am
FLASH NEWS
Home   >  Editpage  >  Lead Article  >  

രണ്ടാമന്റെ തിരോധാനം: ഇനിയെന്ത്?

Published : 22nd October 2016 | Posted By: SMR

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

വ്യവസായമന്ത്രി ഇ പി ജയരാജന്റെ രാജി അനിവാര്യമാക്കി ബന്ധുനിയമന വിവാദമെന്നത് ഒന്നിലേറെ കാരണങ്ങളാല്‍ സുപ്രധാനമാണ്. സാഹചര്യ സമ്മര്‍ദങ്ങള്‍ മുഖ്യമന്ത്രി പിണറായിയെയും സിപിഎം സംസ്ഥാന നേതൃത്വത്തെയും ആ തീരുമാനത്തില്‍ എത്തിച്ചതാണെങ്കിലും അഴിമതിക്കെതിരായ പോരാട്ടം മുന്നോട്ടുകൊണ്ടുപോവാന്‍ ഈ സംഭവവികാസം വഴിവയ്ക്കും. ജനങ്ങളാണ് തിരുത്തല്‍ശക്തിയെന്നും ജനങ്ങളുടെ കോടതിയാണ് അവസാനത്തേതെന്നും രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരിച്ചറിയുന്നു. അഴിമതി നടത്തുന്ന ബ്യൂറോക്രസിക്കും ഈ നടപടി മുന്നറിയിപ്പും സന്ദേശവുമാണ്.
വേറിട്ട പാര്‍ട്ടിയെന്നും പക്വതയാര്‍ന്നവരെന്നും സിപിഎം നേതൃത്വം സ്വയം അവകാശപ്പെടുന്നുണ്ടെങ്കിലും പാര്‍ട്ടി തീരുമാനമല്ല അവസാനത്തേത് എന്ന് അവരും തിരിച്ചറിഞ്ഞു. മാധ്യമങ്ങളും, വിശേഷിച്ച് സമൂഹമാധ്യമങ്ങളും പാര്‍ട്ടി അണികളും പ്രതിഷേധക്കടലായി ഇരമ്പുന്നതാണ് ഈ വിഷയത്തില്‍ കണ്ടത്. വലിയവരായാലും തെറ്റുചെയ്തവരെ വെറുതെ വിടില്ല, ഇതു പാര്‍ട്ടി വേറെയാണ് എന്ന നിലപാടും ഒപ്പം മുഴങ്ങിയിരുന്നു.
ജയരാജനെ പ്രതിരോധിക്കാന്‍ പാര്‍ട്ടിയില്‍ ആരും തയ്യാറായതുമില്ല. എന്നിട്ടും ജയരാജനെ വകുപ്പു മാറ്റി മന്ത്രിസഭയില്‍ നിലനിര്‍ത്തുമെന്ന വാര്‍ത്തയാണ് സെക്രട്ടേറിയറ്റിന്റെ നിര്‍ണായക യോഗതീരുമാനം വരും മുമ്പ് നിറഞ്ഞുനിന്നത്.
ബന്ധുനിയമനം അഴിമതിയാണെന്നും അതു ശിക്ഷാര്‍ഹമാക്കാന്‍ നിയമഭേദഗതികള്‍ വേണമെന്നും 2011 മുതല്‍ സിപിഎം ആവശ്യപ്പെടുന്നു. അധികാരത്തില്‍ വന്നാല്‍ ഈ നിയമഭേദഗതികള്‍ കൊണ്ടുവരാന്‍ കമ്മീഷനെ നിയോഗിക്കുമെന്ന് തിരഞ്ഞെടുപ്പു മാനിഫെസ്‌റ്റോയില്‍ എഴുതിവച്ചിരുന്നു. അതും ജയരാജന്‍ അറിഞ്ഞില്ലെന്നാണോ? ഇഎംഎസ് ഗവണ്‍മെന്റില്‍ ടി വി തോമസും നായനാര്‍ മന്ത്രിസഭകളില്‍ കെ ആര്‍ ഗൗരിയമ്മയും സുശീലാ ഗോപാലനും കൈയാളിയ വകുപ്പിന്റെ മന്ത്രിയായാണ് ജയരാജനെ മുഖ്യമന്ത്രി തിരഞ്ഞെടുത്തത്.
നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുള്ള വ്യവസായ വകുപ്പില്‍ മാനേജിങ് ഡയറക്ടര്‍മാരായി ഉന്നത വിദ്യാഭ്യാസയോഗ്യതയും ഒന്നരപ്പതിറ്റാണ്ടെങ്കിലും ഉന്നത തസ്തികയില്‍ പരിചയവുമുള്ളവരുടെ അപേക്ഷ ജയരാജന്‍ മന്ത്രി തന്നെയാണ് ഇക്കഴിഞ്ഞ ജൂലൈയില്‍ ക്ഷണിച്ചിരുന്നത്. നേരിട്ടുള്ള നിയമനമായാലും ഡെപ്യൂട്ടേഷനായാലും പ്രമോഷന്‍പോലുമായാലും അപേക്ഷകനെ സംബന്ധിച്ച് വിജിലന്‍സ് പരിശോധിക്കണം. അതിനുശേഷം ആ തീരുമാനം മുഖ്യമന്ത്രി പരിശോധിച്ച് അനുമതി നല്‍കണം. എന്നാല്‍ മാത്രമേ വ്യവസായ വകുപ്പിന് നിയമിക്കാനാവൂ. എന്നിട്ടും ജയരാജന്‍ വ്യവസ്ഥകള്‍ മറന്ന് ബന്ധുവിനെ നിയമിച്ചു.
വിഷയം സംബന്ധിച്ചു നിയമോപദേശം തേടിയ വിജിലന്‍സ് ഡയറക്ടര്‍ ജയരാജനെതിരേ മാത്രമല്ല, വ്യവസായ വകുപ്പ് സെക്രട്ടറിക്കും മന്ത്രിയുടെ പേഴ്‌സനല്‍ സെക്രട്ടറിക്കുമെതിരേ അന്വേഷണം നടത്തേണ്ടിവരുമെന്ന് അറിയിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി കെ ബാബുവിനെയും കെ എം മാണിയെയും വിശുദ്ധരാക്കിയതുപോലെ ജയരാജനെയും വിശുദ്ധനാക്കാന്‍ ആഗ്രഹിച്ചാല്‍ പോലും സാധ്യമല്ലായിരുന്നു. ഈ നിയമനത്തിന്റെ എല്ലാ പ്രത്യാഘാതങ്ങളും വിജിലന്‍സ് ഡയറക്ടര്‍ പറയുന്നതിനു മുമ്പുതന്നെ    മനസ്സിലാക്കാനുള്ള പ്രായോഗികബുദ്ധി മുഖ്യമന്ത്രിക്കുണ്ട്. വേറിട്ടൊരു പ്രതിച്ഛായ സൃഷ്ടിച്ചെടുക്കേണ്ടത് അദ്ദേഹത്തിന്റെയും ഈ ഗവണ്‍മെന്റിന്റെയും അടിയന്തര ആവശ്യമാണ്. ഒരു നിയമനപ്രശ്‌നം മാത്രമല്ല ഇതോടൊപ്പം പുറത്തുവന്നിരിക്കുന്നത്. ആ മാലിന്യങ്ങളാകെ പരിശോധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിസഭായോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന കമ്മിറ്റി അംഗങ്ങളും മുഖ്യമന്ത്രിതന്നെയും ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് പൊതു സമൂഹത്തിനു മുമ്പില്‍ മാത്രമല്ല, വിജിലന്‍സിനു മുമ്പിലേക്കും പരാതിയായി എത്തുകയാണ്. മെയ് 25ന് സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് നാലുമാസംകൊണ്ട് അഴിമതിയുടെ ചിതലരിച്ച ഒരു ഗവണ്‍മെന്റായിത്തീര്‍ന്നു എന്നതാണ് ജനങ്ങളുടെ മുമ്പിലുള്ള ചിത്രം. പാര്‍ട്ടിക്കകത്ത് സെക്രട്ടറി അവസാനവാക്കായതുപോലെ ഗവണ്‍മെന്റിനെ നയിക്കുന്ന മുഖ്യമന്ത്രി നിയമലംഘനങ്ങളുണ്ടായാല്‍ അവസാന വാക്കല്ല. അക്കാര്യം ഈ ദിവസങ്ങളില്‍ സിപിഎം അനുഭവിച്ചറിഞ്ഞു എന്നതാണ് മറ്റൊരു പാഠം.
അഴിമതി പ്രശ്‌നത്തില്‍ ഗവണ്‍മെന്റ് കുരുങ്ങിയതില്‍നിന്നുള്ള രക്ഷാമാര്‍ഗം തേടുക മാത്രമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചെയ്തത്. ഇതു സൃഷ്ടിക്കുന്നതില്‍ ആരൊക്കെ ഉത്തരവാദികളായി എന്നത് സംഘടനാതലത്തില്‍ ചര്‍ച്ച നടത്തി അവര്‍ക്കെതിരേ നടപടി സ്വീകരിക്കേണ്ട വലിയ ഉത്തരവാദിത്തത്തിലേക്ക് പാര്‍ട്ടി കടന്നിട്ടില്ല.  പ്രാഥമിക ചര്‍ച്ചയും ശുപാര്‍ശയും ഇവിടെ നടത്താം. ചര്‍ച്ചയും നടപടിയും വരേണ്ടത് കേന്ദ്ര കമ്മിറ്റിയില്‍ നിന്നാണ്. അതിനു സമയമെടുക്കുമെങ്കിലും ഡെമോക്ലസിന്റെ വാള്‍ നേതാക്കളുടെ തലയ്ക്കു മുകളില്‍ തൂങ്ങുക തന്നെയാണ്.
തെറ്റുതിരുത്തി എന്ന് അഭിമാനിക്കുകയല്ല തെറ്റ് വരുത്താതെ നോക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഘടകകക്ഷികളും ചെയ്യേണ്ടത്. മുന്‍കാല ഗവണ്‍മെന്റുകള്‍ ചെയ്ത അഴിമതിയും ദുര്‍ഭരണവും തുടരാനല്ല ജനങ്ങള്‍ അധികാരത്തിലിരുത്തിയിട്ടുള്ളത്. ഇത് അഴിമതിപ്രശ്‌നം മാത്രമാണെന്ന് മുഖ്യമന്ത്രിയും സഹപ്രവര്‍ത്തകരും ധരിക്കുന്നതും തെറ്റാണ്.
കണ്ണൂര്‍ ജില്ലയില്‍ ദാരുണമായ എട്ടു കൊലപാതകങ്ങള്‍ ഇതിനകം നടന്നുകഴിഞ്ഞു. പ്രതിച്ഛായയെപ്പറ്റി അവകാശവാദം മുഴക്കുന്നവര്‍ ഇതു കണ്ടില്ലെന്നു നടിക്കരുത്. ഈ മനുഷ്യക്കുരുതിയില്‍ ആര്‍എസ്എസിന്റെ പങ്ക് തള്ളിക്കളയുകയല്ല. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ബാധ്യത ഗവണ്‍മെന്റിന്റേതാണ്. കേന്ദ്ര പിന്തുണയുള്ള ബിജെപിയുടെയും സംസ്ഥാന ഗവണ്‍മെന്റിനെ നയിക്കുന്ന സിപിഎമ്മിന്റെയും ഇടയില്‍ ക്രമസമാധാനം പാലിക്കാന്‍ പോലിസിനാവുന്നില്ലെന്ന് കണ്ണൂര്‍ ഐജി പറയുന്നു. ഇത് മുഖ്യമന്ത്രിയുടെയും ഗവണ്‍മെന്റിന്റെയും സിപിഎമ്മിന്റെയും പ്രതിച്ഛായ എവിടെ എത്തിച്ചിരിക്കുന്നു എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്.
അഴിമതി ഇല്ലാതാക്കുന്നതിനേക്കാള്‍ അടിയന്തര മുന്‍ഗണന ക്രമസമാധാനപാലനത്തിനുണ്ട്. അതിന് രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. കണ്ണൂരില്‍നിന്നുള്ള മുഖ്യമന്ത്രി അതിനു മുന്‍കൈയെടുക്കണം. പകരത്തിനു പകരം, വരമ്പത്ത് കൂലി എന്നത് മുഖ്യമന്ത്രിയുടെ നയമായിക്കൂടാ. ഇരുപക്ഷത്തും നെഞ്ചുപൊട്ടിക്കരയുന്ന അമ്മമാരും പുറത്തുപോയ പുരുഷന്മാര്‍ ജീവനോടെ തിരിച്ചെത്തുമോയെന്ന് ആശങ്കപ്പെടുന്ന വീട്ടുകാരുമുള്ള ഒരു നാടാണ് ഇന്ന് കണ്ണൂര്‍. പോയവഴിയെ വീട്ടിലേക്കു മടങ്ങാന്‍ ഭയപ്പെടുന്നവര്‍. ഈ അവസ്ഥ നിലനിര്‍ത്തി എന്തു പ്രതിച്ഛായയാണ് സാധിക്കുകയെന്ന് ആലോചിക്കാന്‍ സിപിഎമ്മിന് ബാധ്യതയുണ്ട്.
ജയരാജന്റെ രാജിയോടെ സിപിഎമ്മിനകത്ത് അപകടകരമായ ചില പ്രവണതകള്‍ രൂക്ഷമാകും. പിണറായി വിജയന്റെ വിശ്വസ്തനും കണ്ണൂര്‍ പാര്‍ട്ടിയിലെ കരുത്തനുമെന്നാണ് ജയരാജനെ വിശേഷിപ്പിച്ചിരുന്നത്. അതില്‍നിന്നുള്ള പതനം പാര്‍ട്ടിക്കകത്ത് പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുത്തും. സിപിഎമ്മിന് ഗുണവും ദോഷവും ഒരുപോലെ സൃഷ്ടിക്കാന്‍ സാധ്യതയുള്ള നീക്കങ്ങള്‍ കണ്ണൂര്‍ ജില്ലയിലും സംസ്ഥാന വ്യാപകമായും ശക്തിപ്പെടാന്‍ പോവുന്നു.

(കടപ്പാട്: വള്ളിക്കുന്ന് ഓണ്‍ലൈന്‍.)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss