|    May 25 Thu, 2017 4:16 pm
FLASH NEWS

രണ്ടാം ഹജ്ജിനും ഉംറയ്ക്കും ചെലവേറും

Published : 9th October 2016 | Posted By: SMR

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: ഇനി മുതല്‍ ഒന്നിലേറെ തവണ ഹജ്ജ് ചെയ്യുന്നവര്‍ക്കും ഉംറ ചെയ്യുന്നവര്‍ക്കും ചെലവേറും. സൗദി ഗവണ്‍മെന്റ് കൊണ്ടുവന്ന പുതിയ നിയമപ്രകാരം രണ്ടാംതവണ ഹജ്ജും ഉംറയും ചെയ്യുന്നവര്‍ വിസയ്ക്ക് 2000 റിയാല്‍ നല്‍കണം. ഈ നവംബര്‍ മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഇപ്പോഴത്തെ നിരക്കനുസരിച്ച് 36,000 രൂപ തീര്‍ത്ഥാടകര്‍ അധികമായി നല്‍കേണ്ടി വരും.
2017 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിനും അടുത്തമാസം മുതലുള്ള ഉംറ തീര്‍ത്ഥാടനത്തിനും നിയമം ബാധകമായിരിക്കുമെന്നാണ് സൗദി വിദേശകാര്യമന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കിയത്. സ്വകാര്യ സംഘങ്ങള്‍ വഴി മാത്രമേ രണ്ടാം തവണത്തെ ഹജ്ജിന് അവസരം ലഭിക്കാറുള്ളൂ. അതിനാല്‍ തന്നെ 2000 റിയാലിനു പുറമെ ഹജ്ജ് ഗ്രൂപ്പിലെ അമീറന്മാരുടെയും സഹായികളുടെയും പണവും തീര്‍ത്ഥാടകര്‍ നല്‍കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ഓരോ തീര്‍ത്ഥാടകനും അരലക്ഷം രൂപയെങ്കിലും അധികമായി നല്‍കേണ്ടി വരും. നിലവിലുള്ള സ്വകാര്യ ഗ്രൂപ്പുകളുടെ ഹജ്ജ് നിരക്ക് ഇക്കഴിഞ്ഞ തവണ മൂന്നുലക്ഷം മുതല്‍ 3,75,000 രൂപ വരെയായിരുന്നു. അത് അടുത്ത വര്‍ഷം മൂന്നരലക്ഷം മുത ല്‍ നാലേകാല്‍ ലക്ഷം വരെയായി ഉയര്‍ന്നേക്കുമെന്നാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുമായി ബന്ധമുള്ളവര്‍ പറയുന്നത്. എന്നാല്‍, സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിനു പോവുന്നവര്‍ക്ക് നിരക്കുവര്‍ധന ബാധിക്കാനിടയില്ലെന്നാണ് ഹജ്ജ് കമ്മിറ്റി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഉംറയ്ക്ക് ഒന്നിലേറെ തവണ പോവുന്നത് സാധാരണമാണ്. ഈ രംഗത്തെ നിയമമാണ് വിശ്വാസികളെ സാരമായി ബാധിക്കുക. രണ്ടാംതവണ മുതല്‍ ഓരോ തവണ ഉംറയ്ക്കു പോവുമ്പോഴും ഇനി മുതല്‍ അധികമായി 2000 റിയാല്‍ നല്‍കേണ്ടി വരും. നിലവില്‍ ഉംറയ്ക്ക് ഏജന്‍സികള്‍ പരമാവധി 60,000 രൂപയാണ് ഈടാക്കുന്നത്. ഇത് ലക്ഷം രൂപയായി വര്‍ധിക്കാനാണ് സാധ്യത. പുതിയതായി ഉംറ വിസ തേടിയെത്തുന്നവരോട് ഏജ ന്‍സികള്‍ നിരക്ക് വിസ അടിച്ചതിനുശേഷം മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂവെന്നാണ് വിശദീകരിക്കുന്നത്.
ചെലവേറിയതോടെ ഉംറയ്ക്ക് പോവുന്നവരുടെ എണ്ണത്തി ല്‍ സാരമായ കുറവുണ്ടാവും. ബുക്ക് ചെയ്ത ഉംറ തീര്‍ത്ഥാടക ര്‍ പണം അധികം നല്‍കേണ്ടി വരുമെന്നായതോടെ പിന്‍വലിയുന്നുണ്ട്. ഒന്നിലേറെ ഹജ്ജും ഉംറയും നിര്‍വഹിക്കുന്നത് നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് സൗദി സര്‍ക്കാര്‍ പുതിയ വിസ ഫീസ് ഏര്‍പ്പെടുത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day