|    Jan 17 Tue, 2017 2:30 pm
FLASH NEWS

രണ്ടാം സെമി ഫൈനല്‍ ആദ്യപാദം: റയലിനെ മാഞ്ചസ്റ്റര്‍ സിറ്റി പിടിച്ചുനിര്‍ത്തി

Published : 28th April 2016 | Posted By: SMR

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യ ഗ്ലാമര്‍ സെമി ഫൈനലില്‍ 10 തവണ ജേതാക്കളായ റയല്‍ മാഡ്രിഡിനു സമനിലക്കുരുക്ക്. കന്നി സെമി കളിച്ച ഇംഗ്ലീഷ് ടീം മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഹോംഗ്രൗണ്ടായ ഇത്തിഹാദില്‍ റയലിനെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടിയത്. ഇതോടെ അടുത്ത മാസം നാലിന് റയലിന്റെ മൈതാനത്തു നടക്കാനിരിക്കുന്ന രണ്ടാംപാദ സെമി ഇരുടീമിനും ഒരുപോലെ നിര്‍ണായകമായി മാറി.
ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനാല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെയാണ് റയല്‍ സിറ്റിക്കെതിരേ കളത്തിലിറങ്ങിയത്. അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കുന്ന ക്രിസ്റ്റിയുടെ അഭാവം റയല്‍ നിരയില്‍ നിഴലിക്കുകയും ചെയ്തു.
ഈ സീസണിലെ ചാംപ്യന്‍സ് ലീഗില്‍ റയലിനെ ഗോളടിപ്പിക്കാതെ തളയ്ക്കുന്ന മൂന്നാമത്തെ ടീമാണ് സിറ്റി.
കാണികളെ നിരാശപ്പെടുത്തി ആദ്യപകുതി
ആക്രമണാത്മക ഫുട്‌ബോളിന്റെ വക്താക്കളായ റയലും സിറ്റിയും തമ്മിലുള്ള പോരാട്ടം തീപാറുമെന്ന് കരുതിയെങ്കിലും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. ഗോള്‍മഴ പ്രതീക്ഷിച്ചെത്തിയ കാണികളെ ഇരുടീമും നിരാശരാക്കി. ഗോള്‍ നേടാന്‍ പരിശ്രമിക്കാതെ കൂടുതല്‍ സമയം പന്ത് കൈവശം വയ്ക്കാനാണ് റയലും സിറ്റിയും ശ്രമിച്ചത്. ഇതോടെ ആദ്യപകുതിയില്‍ മികച്ച ഗോളവസരങ്ങളൊന്നും പിറന്നില്ല.
ആദ്യപകുതിയില്‍ നേരിയ മുന്‍തൂക്കം സിറ്റിക്കായിരുന്നു. സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ജീ സസ് നവാസാണ് സിറ്റി നിരയി ല്‍ മികച്ചുനിന്നത്. വലതുവിങിലൂടെയുള്ള നവാസിന്റെ തുടര്‍ച്ചയായ നീക്കങ്ങള്‍ റയലിനെ സമ്മര്‍ദ്ദത്തിലാക്കി.
ആദ്യ അരമണിക്കൂറില്‍ മികച്ച ഒരു ഗോള്‍നീക്കം പോലും റയലിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഇതിനിടെ കെവിന്‍ ഡി ബ്രൂയിന്റെ ഫ്രീകിക്കില്‍ നിന്ന് ഹെഡ്ഡറിലൂടെ ഗോള്‍ നേടാനുള്ള അവസരങ്ങള്‍ സിറ്റി താരങ്ങളായ നികോളാസ് ഒട്ടാമെന്‍ഡിയും വിന്‍സെന്റ് കൊംപനി യും പാഴാക്കി.
ഒന്നാംപകുതിക്കു തൊട്ടുമുമ്പ് ഗോള്‍ നേടാനുള്ള സിറ്റിയുടെ പ്രതീക്ഷകള്‍ക്കു തിരിച്ചടി നേരിട്ടു. സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ഡേവിഡ് സില്‍വയെ പരിക്കുമൂലം കോച്ച് മാന്വല്‍ പെല്ലെഗ്രിനിക്കു പിന്‍വലിക്കേണ്ടിവരികയായിരുന്നു. പകരക്കാരനായി യുവ സ്‌ട്രൈക്കര്‍ കെലെച്ചി ഇഹിയനാച്ചോയാണ് ടീമിലെത്തിയത്.

സിറ്റിയുടെ രക്ഷകനായി ഹര്‍ട്ട്
ആദ്യപകുതിയിലെ റയലിനെയല്ല രണ്ടാംപകുതിയില്‍ കണ്ടത്. പ്രത്യേകിച്ചും അവസാന 25 മിനിറ്റില്‍ റയല്‍ കൈമെയ് മറന്നു കളിച്ചു. എന്നാല്‍ സിറ്റി ഗോള്‍കീപ്പര്‍ ജോ ഹര്‍ട്ട് ഗോള്‍മുഖത്ത് പാറപോലെ ഉറച്ചുനിന്നതോടെ എവേ ഗോളെന്ന റയലിന്റെ മോഹം പൊലിഞ്ഞു.
71ാം മിനിറ്റില്‍ റയല്‍ താരം ജെസ്സിയുടെ ഗോളെന്നുറച്ച ഹെഡ്ഡര്‍ ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു. 75ാം മിനിറ്റില്‍ സൂപ്പര്‍ താരം ഗരെത് ബേലിന്റെ ഷോട്ട് ഇഞ്ചുകള്‍ വ്യത്യാസത്തിലാണ് പുറത്തുപോയത്.
79ാം മിനിറ്റിലാണ് ഹര്‍ട്ട് ആദ്യമായി സിറ്റിയുടെ രക്ഷയ്‌ക്കെത്തിയത്. കോര്‍ണറിനൊടുവി ല്‍ കസേമിറോയുടെ ക്ലോസ്‌റേഞ്ച് ഹെഡ്ഡര്‍ ഹര്‍ട്ട് കാല്‍ കൊണ്ട് തട്ടിയകറ്റി.
82ാം മിനിറ്റില്‍ റയലിന്റെ മറ്റൊരു നീക്കം കൂടി ഹര്‍ട്ട് വിഫലമാക്കി. കോര്‍ണറിനൊടുവില്‍ ബേല്‍ ഹെഡ്ഡ് ചെയ്ത പന്ത് ലഭിച്ചത് പെപെയ്ക്ക്. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന പെപെയുടെ ക്ലോസ്‌റേഞ്ച് ഷോട്ട് ഹര്‍ട്ട് ബ്ലോക്ക് ചെയ്യുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 103 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക