|    Jun 24 Sat, 2017 7:27 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

രണ്ടാം റൗണ്ട് യൂറോപ്യന്‍ പോരിന് നാളെ കിക്കോഫ്

Published : 11th November 2016 | Posted By: SMR

ലണ്ടന്‍/ബെര്‍ലിന്‍: 2018 റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിനായുള്ള യൂറോപ്യന്‍ ക്വാളിഫയര്‍മാര്‍ക്കുള്ള തീപാറും പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. നാളെ നടക്കുന്ന മല്‍സരങ്ങളില്‍ പ്രമുഖ ടീമുകളായ ഇംഗ്ലണ്ടും ജര്‍മനിയും പോളണ്ടും ഫ്രാന്‍സും ഡെന്‍മാര്‍ക്കുമെല്ലാം പോരാട്ടത്തിനായി കളത്തിലിറങ്ങും.
യോഗ്യതാ മല്‍സരത്തില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍ സ്വീഡനാണ്. ആദ്യ റൗണ്ട് മല്‍സരങ്ങളില്‍ മികച്ച പ്രകടനം തന്നെയാണ് ഫ്രാന്‍സ് പുറത്തെടുത്തത്. ഗ്രൂപ്പ് എ വിഭാഗത്തില്‍ മൂന്ന് മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ വിജയം നേടിയ ഫ്രാന്‍സ് ഒരു മല്‍സരത്തില്‍ സമനിലയും സ്വന്തമാക്കി. ഏഴുപോയിന്റുകളുമായി ഗ്രൂപ്പില്‍ ഒന്നാമതായാണ് ഫ്രാന്‍സിന്റെ സ്ഥാനം. മൂന്ന് മല്‍സരങ്ങളില്‍ നിന്ന് രണ്ടു ജയവും ഒരു സമനിലയും നേടിയ സ്വീഡനാണ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുള്ളത്. യോഗ്യതാ റൗണ്ടിലെ ആദ്യ മല്‍സരത്തില്‍ ബെലേറസിനുമുന്നില്‍ ഗോള്‍രഹിത സമനില വഴങ്ങിയ ഫ്രാന്‍സ് രണ്ടാം മല്‍സരത്തില്‍ ബള്‍ഗേറിയയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു തകര്‍ത്തു. മൂന്നാംമല്‍സരത്തില്‍ ശക്തരായ നെതര്‍ലന്‍ഡ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനും തോല്‍പ്പിച്ചാണ് ഫ്രാന്‍സ് തങ്ങളുടെ രണ്ടാം റൗണ്ട് മല്‍സരങ്ങള്‍ക്കിറങ്ങുന്നത്.
സ്വീഡനും മികച്ച പ്രകടനമാണ് യോഗ്യതാ മല്‍സരങ്ങളില്‍ പുറത്തെടുത്തത്. നെതര്‍ലന്‍ഡ്‌സിനോട് 1-1 സമനില വഴങ്ങിയ സ്വീഡന്‍ ലക്‌സംബര്‍ഗിനെ എതിരില്ലാത്ത ഒരു ഗോളിനു തകര്‍ത്തു. മൂന്നാം മല്‍സരത്തില്‍ ബള്‍ഗേറിയയെ 3-0 ന് തകര്‍ത്ത ആത്മവിശ്വാസവുമായാണ് സ്വീഡന്‍ ഫ്രാന്‍സിനെ നേരിടാനൊരുങ്ങുന്നത്.
ഡെന്‍മാര്‍ക്കിന് എതിരാളി കസാക്കിസ്ഥാന്‍
യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ഇയില്‍ നാലാം സ്ഥാനത്താണ് ഡെന്‍മാര്‍ക്കുള്ളത്. മൂന്ന് മല്‍സരങ്ങളില്‍നിന്ന് അഞ്ച് പോയിന്റുകളാണ് ആദ്യ റൗണ്ടില്‍ ഡെന്‍മാര്‍ക്കിന്റെ സമ്പാദ്യം. മൂന്ന് മല്‍സരങ്ങളില്‍നിന്ന് രണ്ട് പോയിന്റുകളുമായി ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് കസാക്കിസ്ഥാനുള്ളത്. ഇതിന് മുമ്പ് ഇരു ടീമുകളും രണ്ടു വട്ടം പോരടിച്ചപ്പോള്‍ വിജയം ഡെന്‍മാര്‍ക്കിനൊപ്പമായിരുന്നു. ആദ്യ മല്‍സരത്തില്‍ 2-1നും രണ്ടാം മല്‍സരത്തില്‍ 3-0നുമാണ് ഡെന്‍മാര്‍ക്ക് കസാക്കിസ്ഥാനെ കീഴടക്കിയത്.
ചാംപ്യന്‍മാര്‍ സാന്‍ മറീനയ്‌ക്കെതിരേ
കഴിഞ്ഞ തവണത്തെ ലോകകപ്പ് ചാംപ്യന്‍മാരായ ജര്‍മനി യോഗ്യതാ റൗണ്ടില്‍ സാന്‍ മറീനയെ നേരിടും. മൂന്ന് മല്‍സരങ്ങളില്‍നിന്നായി ഒമ്പത് പോയിന്റുകളുമായി ഗ്രൂപ്പ് സിയില്‍ ഒന്നാംസ്ഥാനത്താണ് ജര്‍മനിയുള്ളത്. എന്നാല്‍ മൂന്ന് മല്‍സരങ്ങളിലും ദയനീയ പരാജയം ഏറ്റുവാങ്ങിയ സാന്‍ മറീന ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണുള്ളത്.
തോമസ് മുള്ളറും ജോഷ്വാ കിമ്മിച്ചും സമി ഖദീരയും അണിനിരക്കുന്ന ജര്‍മനിയെ അട്ടിമറിക്കാനുള്ള കെല്‍പ്പ് സാന്‍ മറീനയ്ക്ക് കുറവാണ്. ഇതിന് മുമ്പ് രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ഗോള്‍മഴ പെയ്യിച്ചാണ് ജര്‍മനി ജയിച്ചത്. ആദ്യ മല്‍സരത്തില്‍ 6-0 ന് ജയിച്ച ജര്‍മനി രണ്ടാം മല്‍സരത്തില്‍ എതിരില്ലാത്ത 13 ഗോളുകള്‍ക്കാണ് സാന്‍ മറീനയെ മുക്കിയത്.
പോളണ്ടിന് എതിരാളി റുമാനിയ
പോളണ്ട് -റുമാനിയ  മല്‍സരം കടുത്തതാവാനാണ് സാധ്യത. മൂന്ന് മല്‍സരങ്ങളില്‍നിന്ന് ഏഴു പോയിന്റുകളുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് പോളണ്ട്. മൂന്ന് മല്‍സരങ്ങളില്‍നിന്ന് അഞ്ച് പോയിന്റുകളുമായി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് റുമാനിയ ഉള്ളത്. ഇതുവരെ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം റുമാനിയക്കൊപ്പമായിരുന്നു. ആദ്യ മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനും രണ്ടാം മല്‍സരത്തില്‍ 2-1 നുമാണ് പോളണ്ടിനെ റുമാനിയ മുക്കിയത്.
ഇംഗ്ലണ്ട് വിയര്‍ക്കും
ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്താണ് ഇംഗ്ലണ്ടെങ്കിലും സ്‌കോട്ട്‌ലന്‍ഡിനെ കീഴടക്കല്‍ എളുപ്പമാവില്ല. സ്‌കോട്ട്‌ലന്‍ഡ് ഏതു ടീമിനെയും അട്ടിമറിക്കാന്‍ കെല്‍പ്പുള്ള യുവതാരങ്ങളുള്ള ടീമാണ്. മൂന്ന് മല്‍സരങ്ങളില്‍നിന്ന് നാലു പോയിന്റുകളുമായി ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണെങ്കിലും സ്‌കോട്ട്‌ലന്‍ഡ് അപകടകാരികളായ ടീമാണ്. ഒരു തവണ ഏറ്റുമുട്ടിയപ്പോള്‍ 3-2ന് വിജയം ഇംഗ്ലണ്ടിനൊപ്പം നിന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക