|    Jun 22 Fri, 2018 1:47 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

രണ്ടാം മലേഗാവ് കേസില്‍ അട്ടിമറി: ആറു പ്രധാന പ്രതികള്‍ക്ക് ക്ലീന്‍ചിറ്റ്; പ്രജ്ഞാസിങിനെ ഒഴിവാക്കി

Published : 14th May 2016 | Posted By: SMR

കെ എ സലിം

ന്യൂഡല്‍ഹി: ഹിന്ദുത്വ തീവ്രവാദസംഘടനകള്‍ക്ക് ബന്ധമുള്ള 2008ലെ രണ്ടാം മലേഗാവ് സ്‌ഫോടനക്കേസില്‍ അട്ടിമറി. ആറുപേര്‍ കൊല്ലപ്പെടുകയും 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസിലെ സാധ്വി പ്രജ്ഞാസിങ് താക്കൂര്‍ ഉള്‍പ്പെടെയുള്ള ആറു പ്രധാന പ്രതികളെ ഒഴിവാക്കി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) മുംബൈ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
പ്രജ്ഞാസിങിനെ കൂടാതെ ശിവനാരായണ്‍ കല്‍സാങ്‌റ, ശ്യാം സാഹു, പ്രവീണ്‍ തക്കാല്‍കി, ലോകേശ് ശര്‍മ, ധാന്‍സിങ് ചൗധരി എന്നിവരാണ് ഒഴിവാക്കപ്പെട്ടവര്‍. ഇവര്‍ക്കെതിരേ മതിയായ തെളിവുകളില്ലെന്നും മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്റ്റ് (മോക്ക) പ്രകാരം കുറ്റംചുമത്താനാവില്ലെന്നുമാണ് എന്‍ഐഎയുടെ വാദം. കേസ് നേരത്തേ അന്വേഷിച്ച മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡ് മോക്ക പ്രകാരം രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴി നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി. ഇവര്‍ക്കെതിരേ ഇനിയുള്ള നടപടികള്‍ യുഎപിഎ പ്രകാരമായിരിക്കും.
രണ്ടാം മലേഗാവ് കേസില്‍ തങ്ങളുടെ അന്തിമ കുറ്റപത്രമാണ് ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ചത്. അതേസമയം, കേണല്‍ പുരോഹിത് ഉള്‍പ്പെടെയുള്ള മറ്റു പ്രതികളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ സ്‌ഫോടനങ്ങളില്‍ ഹിന്ദുത്വ തീവ്രവാദസംഘടനകളുടെ പങ്ക് വെളിപ്പെടുത്തിയ ആദ്യത്തെ കേസാണിത്.
മഹാരാഷ്ട്ര നാസിക് ജില്ലയിലെ മലേഗാവില്‍ 2008 സപ്തംബര്‍ 26നായിരുന്നു സ്‌ഫോടനം. കേസില്‍ ഏതാനും മുസ്‌ലിം യുവാക്കള്‍ ആദ്യം അറസ്റ്റിലായി. എന്നാല്‍, മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ തലവനായി ഹേമന്ദ് കര്‍ക്കരെ ചുമതലയേറ്റതോടെയാണ് അന്വേഷണം ഹിന്ദുത്വരിലേക്കു നീങ്ങുന്നത്. ഇതിനിടെ 2008 നവംബര്‍ 26ന് മുംബൈ ആക്രമണത്തിനിടെ ഹേമന്ദ് കര്‍ക്കരെ കൊല്ലപ്പെട്ടു. തുടര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു.
പ്രതിപ്പട്ടികയില്‍നിന്ന് ഇപ്പോള്‍ ഒഴിവാക്കപ്പെട്ടവര്‍ ഉള്‍പ്പെടെ 14 പേരെയാണ് ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നത്. കേണല്‍ പ്രസാദ് പുരോഹിത്, രമേശ് ഉപാധ്യായ, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി, രാകേശ് ദവാദേ, ജഗദീഷ് മാത്രെ, സുധാകര്‍ ദ്വിവേദി എന്ന ദയാനന്ദ് പാണ്ഡെ, അജയ് ആര്‍ രഹിര്‍കാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികള്‍. മറ്റു പ്രധാന പ്രതികളായ രാമചന്ദ്ര കല്‍സാങ്‌റ, സന്ദീപ് ദാങെ എന്നിവര്‍ ഒളിവിലാണ്. ഇരുവര്‍ക്കും 2007ലെ സംജോത എക്‌സ്പ്രസ് സ്‌ഫോടനക്കേസിലും പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
മലേഗാവ് കേസിന്റെ അന്വേഷണമാണ് അജ്മീര്‍, മക്കാമസ്ജിദ്, സംജോത തുടങ്ങിയ രാജ്യത്തെ നിരവധി സ്‌ഫോടനങ്ങളിലെ ഹിന്ദുത്വ തീവ്രവാദസംഘടനകളുടെ പങ്ക് പുറത്തുകൊണ്ടുവരാന്‍ കാരണമായത്. തുടര്‍ന്ന് 2006 സപ്തംബര്‍ എട്ടിന് മലേഗാവില്‍ നടന്ന സ്‌ഫോടനത്തിനു പിന്നിലും ഇതേ സംഘമാണു പ്രവര്‍ത്തിച്ചതെന്നു കണ്ടെത്തി. 37 പേര്‍ മരിക്കുകയും 125 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഈ സ്‌ഫോടനത്തിലും മുസ്‌ലിം യുവാക്കളാണ് ആദ്യഘട്ടത്തില്‍ അറസ്റ്റിലായിരുന്നത്.
അഞ്ചുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം ഇക്കഴിഞ്ഞ ഏപ്രില്‍ 25ന് ഒമ്പത് മുസ്‌ലിം യുവാക്കളെ മുംബൈ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. ഭീകരവിരുദ്ധ സ്‌ക്വാഡും സിബിഐയും കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികള്‍ക്ക് കേസുമായി ബന്ധമില്ലെന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍ കോടതി ശരിവയ്ക്കുകയായിരുന്നു. 2011ലാണ് രണ്ടാം മലേഗാവ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ 14 പ്രതികളെ അതേപടി നിലനിര്‍ത്തിയിരുന്നെങ്കിലും അന്വേഷണം മന്ദഗതിയിലായിരുന്നു.
ഇതിനിടെ തങ്ങള്‍ക്കെതിരേ മോക്ക ചുമത്തിയത് ചോദ്യംചെയ്ത് കേണല്‍ പുരോഹിതും പ്രജ്ഞാസിങും കോടതിയെ സമീപിച്ചത് അന്വേഷണം പിന്നെയും വൈകാന്‍ കാരണമായി. മോക്ക പിന്‍വലിച്ചാലും നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യുഎപിഎ) പ്രതികളെ വിചാരണ ചെയ്യാമെന്നാണ് എന്‍ഐഎ വാദം.
കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ രോഹിണി സാലിയന്‍ നേരത്തേ രാജിവച്ചിരുന്നു. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ സാഹചര്യത്തില്‍ പ്രതികളോട് മൃദുസമീപനം സ്വീകരിക്കാന്‍ മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥന്‍ തന്നോട് നിര്‍ദേശിച്ചതായി രോഹിണി വെളിപ്പെടുത്തുകയുണ്ടായി. ഇപ്പോള്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ ചുമതല വഹിക്കുന്ന അവിനാശ് റസല്‍ രാജിക്കൊരുങ്ങുന്നതായും റിപോര്‍ട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss