|    Jun 20 Wed, 2018 5:15 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

രണ്ടാം മണ്ഡല്‍ പ്രക്ഷോഭത്തിന് ആഹ്വാനവുമായി പോപുലര്‍ ഫ്രണ്ട് ദേശീയ വാര്‍ഷിക സംഗമം

Published : 26th January 2016 | Posted By: SMR

മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ തൊഴിലുകളിലും പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന പ്രാതിനിധ്യ കമ്മിക്ക് പരിഹാരം കാണുന്നതിന് മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കുന്നതിനുവേണ്ടി റിപോര്‍ട്ടിന്റെ 25ാമത് വാര്‍ഷികത്തില്‍ ദേശവ്യാപകമായ പ്രക്ഷോഭത്തിന് കൈകോര്‍ക്കാന്‍ പിന്നാക്ക വിഭാഗങ്ങളോട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്തു.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം പ്രതിലോമ ശക്തികള്‍ സംവരണം എന്ന ആശയംതന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ അസംബ്ലി വാര്‍ഷിക സംഗമം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. സംവരണ വ്യവസ്ഥ പുനരവലോകനം ചെയ്യണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ആവശ്യം സംവരണം അട്ടിമറിക്കാനുള്ള വിദഗ്ധ തന്ത്രമാണ്. ഓരോ സമുദായത്തിനും ജാതിക്കും ജനസംഖ്യക്കും ആനുപാതികമായ പ്രാതിനിധ്യം ലഭ്യമാക്കുന്നതിന് സംവരണവ്യവസ്ഥ സമ്പൂര്‍ണമായും നടപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
തുല്യാവസര കമ്മീഷന്‍ ബില്‍ പാസാക്കുക, ബാബരി മസ്ജിദ് പുനസ്ഥാപിക്കുക, ആര്‍എസ്എസ് വേദികളായ മുസ്‌ലിം, ക്രൈസ്തവ രാഷ്ട്രീയ മഞ്ചുകളെക്കുറിച്ച് ജാഗ്രത പാലിക്കുക, അലിഗഡ്, ദല്‍ഹി, ജാമിഅ മില്ലിയ സര്‍വകലാശാലകളുടെ ന്യൂനപക്ഷസ്വഭാവം സംരക്ഷിക്കുക, ഡിഎന്‍എ പ്രൊഫൈലിങ് സംബന്ധമായ ബില്‍ പിന്‍വലിക്കുക, യുഎപിഎ പിന്‍വലിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ക്ഷേത്രം പണിയാനുള്ള ശ്രമങ്ങളെ സമ്മേളനം അപലപിച്ചു.
മുസ്‌ലിം വ്യക്തിനിയമങ്ങളിലും അവകാശങ്ങളിലും ഇടപെടാനുള്ള ആര്‍എസ്എസ് നീക്കത്തെക്കുറിച്ച് സമ്മേളനം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ ബോംബ് സ്‌ഫോടന പരമ്പരകളില്‍ ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ ആര്‍എസ്എസ് ദേശീയ എക്‌സിക്യൂട്ടീവ് സമിതിയംഗം ഇന്ദ്രേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ആര്‍എസ്എസ് പോഷക വിഭാഗം മുസ്ലിം രാഷ്ട്രീയ മഞ്ച് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചാണ് ഈ നീക്കം നടക്കുന്നത്. മുസ്ലിം സംഘടനകളും സമുദായ നേതാക്കളും ഇത്തരം കള്ളക്കളികളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് സമ്മേളനം മുന്നറിയിപ്പ് നല്‍കി. യുഎപിഎക്ക് എതിരായ പോരാട്ടത്തില്‍ കൈകോര്‍ക്കണമെന്ന് മനുഷ്യാവകാശ സംഘടനകളോട് സമ്മേളനം അഭ്യര്‍ഥിച്ചു.
ഭീകരവാദ – തീവ്രവാദ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്നതിന് എന്ന പേരില്‍ മുംബൈ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിയമത്തില്‍ കൂടുതല്‍ കിരാതമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത്. കേരളത്തില്‍ ആദ്യമായി സിപിഎമ്മിന്റെ ഒരു നേതാവിനെതിരേ സിബിഐ ഈ കരിനിയമ വ്യവസ്ഥ ചുമത്തിയിരിക്കുന്നു. ഈ കരിനിയമത്തെ എതിര്‍ക്കുന്ന കക്ഷികള്‍ തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ യുഎപിഎ ചുമത്താന്‍ അന്വേഷണ ഏജന്‍സികളെ അനുവദിക്കാതെ തങ്ങളുടെ സത്യസന്ധത തെളിയിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ജാമിഅ മില്ലിയ ഇസ്‌ലാമിയ എന്നിവയുടെ ന്യൂനപക്ഷ സ്വഭാവം ഇല്ലാതാക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങളില്‍ സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ ദലിത് ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യ കാമ്പസുകളില്‍ നിലനില്‍ക്കുന്ന ദലിത് വിരുദ്ധ അന്തരീക്ഷത്തിന്റെ സൂചനയാണ്. ദലിത് പീഡനത്തിന് അറുതി വരുത്തുന്നതിന് സ്ഥിരം സംവിധാനം ആവിഷ്‌കരിക്കണം. മന്ത്രിമാരായ ബന്ദാരു ദത്താത്രേയ, സ്മൃതി ഇറാനി എന്നിവരെ പുറത്താക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ആഗോള സാഹചര്യത്തെക്കുറിച്ചുള്ള പ്രമേയത്തില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്ന സംഘടനയുടെ പേരിലും ഭീകരതക്കെതിരായ യുദ്ധത്തിന്റെ പേരിലും ഓരോ ദിവസവും നടക്കുന്ന വിവേചനരഹിതമായ കൊലകളില്‍ സമ്മേളനം അതിയായ രോഷവും ഉത്കണ്ഠയും രേഖപ്പെടുത്തി. ഇസ്‌ലാമിക് സ്‌റ്റേറ്റോ, നവ കൊളോണിയല്‍ രാജ്യങ്ങളോ ആരുംതന്നെ ഇസ്‌ലാമിന്റെ അഗാധമായ മാനവതയോ പ്രാതിനിധ്യ ജനാധിപത്യമോ സഹവര്‍ത്തിത്വമോ പ്രതിനിധീകരിക്കുന്നില്ല. അവരെല്ലാം അടിസ്ഥാനപരമായി വിഭാഗീയമാണ്. സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുന്നതില്‍നിന്നും എല്ലാവരും വിട്ടുനില്‍ക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയിലെ പുത്തനത്താണി മലബാര്‍ ഹൗസില്‍ ദേശീയ പ്രസിഡന്റ് കെ എം ഷരീഫ് പതാക ഉയര്‍ത്തിയതോടെ 22നാണ് സമ്മേളനം ആരംഭിച്ചത്. ദേശീയ സെക്രട്ടറി മുഹമ്മദ് അലി ജിന്ന അവതരിപ്പിച്ച വാര്‍ഷിക റിപോര്‍ട്ടില്‍ വിശദമായ ചര്‍ച്ച നടന്നു. വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍, സെക്രട്ടറി അബ്ദുല്‍ വാഹിദ് സേട്ട്, ട്രഷറര്‍ മുഹമ്മദ് ഖാലിദ് റഷാദി എന്നിവരടങ്ങുന്ന പ്രസീഡിയം ചര്‍ച്ച നിയന്ത്രിച്ചു. കരമന അഷ്‌റഫ് മൗലവി, അനീസ് അഹ്മദ് പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി ജിന്നയുടെ സമാപന പ്രസംഗത്തോടെ മൂന്ന് ദിവസത്തെ വാര്‍ഷിക സമ്മേളനം സമാപിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുനൂറിലേറെ പ്രതിനിധികള്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss