|    Feb 27 Mon, 2017 3:38 am
FLASH NEWS

രണ്ടാം ഭൂപരിഷ്‌കരണം അനിവാര്യം

Published : 1st November 2016 | Posted By: SMR

പ്രഫ. റോണി കെ ബേബി

ഇന്ത്യക്കു തന്നെ മാതൃകയാവുംവിധം ഭൂപരിഷ്‌കരണം നടപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്ന് നമ്മള്‍ അഭിമാനിക്കുന്നു. കേരള വികസന മാതൃകയെന്നു നാം കൊട്ടിഘോഷിക്കുന്ന വികസനരീതിയുടെ അടിസ്ഥാനവും വിജയകരമായി നമ്മള്‍ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന ഈ ഭൂപരിഷ്‌കരണം തന്നെ. നാം നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന ഭൂപരിഷ്‌കരണ നിയമങ്ങളുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് 1970ലെ കേരള ഭൂപരിഷ്‌കരണ നിയമവുമായി ബന്ധപ്പെട്ട് കേശവാനന്ദ ഭാരതി കേസില്‍ (146/1973) സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അടിവരയിട്ടു പറയുന്നു: ”കേരളത്തിലെ ഭൂരഹിതര്‍ക്കും കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും ഭൂമി നല്‍കുന്നതിനാണ് ഭൂപരിഷ്‌കരണം നടപ്പാക്കിയത്.”
1971ല്‍ കേരള നിയമസഭ പാസാക്കിയ കണ്ണന്‍ ദേവന്‍ ഹില്‍സ് ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ സാധുതയെ പിന്തുണച്ച സുപ്രിംകോടതി എടുത്തുപറഞ്ഞത്, നിയമത്തിന്റെ ലക്ഷ്യമായ ”ഏറ്റെടുക്കുന്ന ഭൂമി കൃഷിക്കാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കുമിടയില്‍ വിതരണം ചെയ്യും” എന്ന പ്രഖ്യാപനമാണ്. രാജ് ആനന്ദും ഉത്തര്‍പ്രദേശ് സര്‍ക്കാരും തമ്മിലുള്ള കേസിലും സുപ്രിംകോടതി പ്രഖ്യാപിക്കുന്നത് ”സര്‍ക്കാരുകളുടെ ഭൂപരിഷ്‌കരണ നടപടികളുടെ ആത്യന്തിക ലക്ഷ്യം കൃഷിക്കാര്‍ക്ക് ഭൂമി നല്‍കുക എന്നതിനപ്പുറം മിച്ചഭൂമി ഭൂരഹിതരുടെ പക്കലെത്തുക എന്നതാണെന്നാണ്.”
ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ നാം എത്രമാത്രം മുമ്പോട്ടുപോയി എന്നതിന്റെ അടിസ്ഥാനത്തില്‍ വേണം 1957, 1963, 1969 വര്‍ഷങ്ങളില്‍ കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമങ്ങളുടെ വിജയപരാജയങ്ങള്‍ വിലയിരുത്തേണ്ടത്. ഈ നിയമങ്ങളിലൂടെ മധ്യവര്‍ത്തികളുടെ ഒഴിവാക്കല്‍, കുടികിടപ്പവകാശം നേടിയെടുക്കല്‍, കൈവശഭൂമിക്ക് പരിധി നിശ്ചയിക്കല്‍ തുടങ്ങിയവ വിജയകരമായി നടപ്പാക്കിയെങ്കിലും ഭൂരഹിതരിലേക്ക്, പ്രത്യേകിച്ചും ആദിവാസികളും ദലിതരും ഉള്‍പ്പെടുന്ന വലിയൊരു വിഭാഗത്തിന്റെ കൈകളിലേക്ക്, ഒരു തുണ്ട് ഭൂമിയുടെ അവകാശം എത്തിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നത് സത്യമാണ്. ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് കേരളത്തില്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമങ്ങളുടെയെല്ലാം കേന്ദ്രബിന്ദു ‘പാട്ടക്കുടിയാന്‍’ ആയിരുന്നു, അതല്ലാതെ കര്‍ഷകത്തൊഴിലാളി ആയിരുന്നില്ല എന്നതാണ്.
1969ലെ ഭൂപരിഷ്‌കരണ നിയമത്തിലെ പ്രധാന പ്രഖ്യാപനം 1970 ജനുവരി ഒന്നിന് ജന്‍മിസമ്പ്രദായം അവസാനിക്കുമെന്നും എല്ലാ കുടിയാന്‍മാര്‍ക്കും സ്വന്തം ഭൂമിയില്‍ അവകാശം സിദ്ധിക്കും എന്നതുമായിരുന്നു. ഈ നിയമങ്ങളിലൂടെയെല്ലാം ചെറുകിട കര്‍ഷകനായ പാട്ടക്കുടിയാന് അവന്‍ കൃഷി ചെയ്തിരുന്ന പാട്ടഭൂമിയില്‍ അവകാശം സിദ്ധിച്ചു എന്നതല്ലാതെ ആദിവാസികളും ദലിതരും അടങ്ങുന്ന ‘കര്‍ഷകത്തൊഴിലാളികള്‍’ എന്ന വലിയ വിഭാഗത്തിലേക്ക് ഭൂമിയുടെ അവകാശം എത്തുന്നതിനുള്ള നിര്‍ദേശങ്ങളില്ല എന്നതാണ്. ‘നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ’ എന്നു പറഞ്ഞുകൊണ്ട് ജന്‍മിത്തത്തെ വെല്ലുവിളിച്ച്, ജന്‍മിയുടെ ഭൂമി മുഴുവന്‍ പാട്ടക്കാരന്റെയും പാട്ടക്കുടിയാന്റെയും കൈകളില്‍ എത്തിക്കുന്നതില്‍ നാം വിജയിച്ചുവെങ്കിലും കൊയ്യാനും മെതിക്കാനും മാത്രം വിധിക്കപ്പെട്ട പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വലിയൊരു വിഭാഗത്തിന്റെ കൈകളിലേക്ക് ഭൂമിയുടെ അവകാശം എത്തിക്കുന്നതില്‍ പരാജയപ്പെട്ടു. കേവലം കുടികിടപ്പവകാശം എന്നതിനപ്പുറം മിച്ചഭൂമിയുടെ കൈമാറ്റത്തിലൂടെ ആദിവാസികളും ദലിതരും ഉള്‍പ്പെടുന്ന വലിയൊരു വിഭാഗത്തിന്റെ കൈകളിലേക്ക് ഭൂമിയുടെ അവകാശം എത്തിയിരുന്നുവെങ്കില്‍ മുത്തങ്ങയും ആറളവും ചെങ്ങറയും അരിപ്പയും മുണ്ടക്കയം ടി ആര്‍ ആന്റ് ടിയും പോലെയുള്ള ഭൂസമരങ്ങളും ആദിവാസി ദലിത് മുന്നേറ്റങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ടാവുമായിരുന്നില്ല.
കേരളത്തില്‍ ഭൂമിയുടെ വിതരണവുമായി ബന്ധപ്പെട്ട ചില കണക്കുകള്‍ ശ്രദ്ധിച്ചാല്‍ നാം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാവും. ശവസംസ്‌കാരത്തിനുപോലും വീടിന്റെ അടുക്കള പൊളിക്കേണ്ട അവസ്ഥയിലാണ് ആദിവാസികളും ദലിതരും ഉള്‍പ്പെടുന്ന വലിയൊരു ജനവിഭാഗം.
കേരളത്തിലെ 30 ലക്ഷത്തോളം പട്ടികജാതി കുടുംബങ്ങളില്‍ കേവലം മൂന്നുശതമാനത്തിനു മാത്രമാണ് സ്വന്തമായി കൃഷിഭൂമിയുള്ളത്. ഉള്ളതുതന്നെ ശരാശരി 25 സെന്റാണ്. സര്‍ക്കാരിന്റെ കണക്കുപ്രകാരം കേരളത്തില്‍ 2,43,920 കുടുംബങ്ങള്‍ ഭൂരഹിതരാണ്. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത 22,679 തോട്ടംതൊഴിലാളി കുടുംബങ്ങള്‍ കേരളത്തിലുണ്ടെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. ഇപ്പോഴും പ്രാഥമിക സൗകര്യങ്ങള്‍ ഇല്ലാതെയാണ് വന്‍കിട തോട്ടങ്ങളില്‍ തൊഴിലാളികള്‍ ജീവിക്കുന്നത്.
സര്‍ക്കാരിന്റെ കണക്കില്‍ വയനാട് ജില്ലയില്‍ മാത്രം 7878 ആദിവാസി കുടുംബങ്ങള്‍ ഭൂരഹിതരാണ്. വൈത്തിരി താലൂക്കില്‍ 4172, മാനന്തവാടിയില്‍ 2105, സുല്‍ത്താന്‍ ബത്തേരിയില്‍ 1601 എന്നിങ്ങനെയാണ് വിശദമായ കണക്ക്. വൈത്തിരി ലാന്‍ഡ് ബോര്‍ഡില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് നല്‍കിയ കണക്കുകള്‍പ്രകാരം വയനാട് ജില്ലയില്‍ മാത്രം കമ്പനിയുടെ കൈവശം 22,526 ഏക്കര്‍ സ്ഥലമുണ്ട്. ഇതു മുഴുവന്‍ സര്‍ക്കാര്‍ ഭൂമിയാണെന്ന് കേരള സര്‍ക്കാര്‍ വിവിധ കാലങ്ങളില്‍ നിയോഗിച്ചിരുന്ന നിവേദിത പി ഹരന്‍, ജസ്റ്റിസ് എല്‍ മനോഹരന്‍, സജിത്ത് ബാബു എന്നിവരുടെ കമ്മീഷനുകളും സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ. എം ജി രാജമാണിക്യവും കണ്ടെത്തിയിട്ടുള്ളതാണ്. കേരളത്തില്‍ തങ്ങള്‍ക്കു ഭൂമിയില്ലെന്ന് ഹാരിസണ്‍ മലയാളം കമ്പനി 2015-16 വാര്‍ഷിക റിപോര്‍ട്ടില്‍ സമ്മതിച്ചിട്ടുള്ളതുമാണ്. ഇതില്‍ ആയിരം ഏക്കര്‍ മാത്രം പിടിച്ചെടുത്താല്‍ മതി വയനാട്ടിലെ ഓരോ ആദിവാസി കുടുംബത്തിനും പത്തുസെന്റ് ഭൂമി വീതം നല്‍കാന്‍.
1992-93ലെ ദേശീയ കുടുംബ ആരോഗ്യ സര്‍വേ (എന്‍എഫ്എച്ച്എസ്) കണക്കുകള്‍ പ്രകാരം കേരളത്തിലെ 63 ശതമാനം ഗ്രാമീണ തൊഴിലാളി കുടുംബങ്ങള്‍ക്കും കൃഷി ചെയ്യുന്നതിന് ഭൂമിയില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആന്ധ്രപ്രദേശില്‍ ഇത് 45 ശതമാനവും ബിഹാറില്‍ 41 ശതമാനവും ഹരിയാനയില്‍ 43 ശതമാനവുമാണ് എന്നു മനസ്സിലാക്കുമ്പോഴാണ് നമ്മുടെ ഭൂപരിഷ്‌കരണ നിയമങ്ങളുടെ അപര്യാപ്തത  തിരിച്ചറിയുന്നത്. 1999-2001ലെ ദേശീയ സാംപിള്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഗ്രാമീണ തൊഴിലാളി കുടുംബങ്ങളില്‍ 46.1 ശതമാനവും ഭൂരഹിതരായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഗ്രാമങ്ങളില്‍ ഇതാണ് അവസ്ഥയെങ്കില്‍ നഗരങ്ങളിലെ കാര്യങ്ങള്‍ ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്.
കേരളത്തിലെ ഗ്രാമീണ തൊഴിലാളി കുടുംബങ്ങളിലെ ഭൂരഹിതരുടെയും സ്വന്തമായി കൃഷിഭൂമി ഇല്ലാത്തവരുടെയും കണക്കുകള്‍ ഒന്നിച്ചു പരിശോധിച്ചാല്‍ 90.9 ശതമാനം കുടുംബങ്ങള്‍ക്കും ആവശ്യത്തിന് ഭൂമിയില്ലെന്നു മനസ്സിലാവും. ഇന്ത്യയുടെ മുഴുവന്‍ ശരാശരി കണക്ക് 76.5 ശതമാനമാണ് എന്നു മനസ്സിലാക്കുമ്പോഴാണ് ഇക്കാര്യത്തിലുള്ള നമ്മുടെ പരാജയം വ്യക്തമാവുന്നത്. കേവലം മൂന്നുസെന്റ് ഭൂമിയുടെ ഉടമാവകാശത്തിന്റെ അടിസ്ഥാനത്തില്‍ ഭൂരഹിതനെ നിര്‍വചിക്കുന്ന കേരളത്തില്‍ അനൗദ്യോഗിക കണക്കുകള്‍പ്രകാരം മൂന്നുലക്ഷത്തില്‍പ്പരം കുടുംബങ്ങളിലായി പതിനഞ്ചുലക്ഷത്തോളം പേര്‍ ഇപ്പോഴും ഭൂരഹിതരായി അവശേഷിക്കുന്നുവെന്നത് നമ്മുടെ ഭൂപരിഷ്‌കരണ ശ്രമങ്ങളുടെ ഏറ്റവും ഗുരുതരമായ വീഴ്ചയാണ്.
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ഉത്തരം വളരെ വ്യക്തമാണ്. ഭൂരഹിതര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ ഭൂമി നല്‍കണമെന്ന് സര്‍ക്കാരുകള്‍ക്ക് ആഗ്രഹമുണ്ടെങ്കിലും അവര്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന്റെ കൈവശം ഭൂമിയില്ല. ഭൂപരിഷ്‌കരണത്തിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി മുഴുവന്‍ തന്നെ ചെറുകിട കൃഷിക്കാരായ കുടിയാന്‍മാരുടെ അവകാശത്തിലേക്ക് നല്‍കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടുണ്ട്.
1967ല്‍ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇകണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ ഭൂപരിഷ്‌കരണ സര്‍വേയില്‍ കേരളത്തിലെ തോട്ടങ്ങള്‍ ഒഴികെയുള്ള സ്വകാര്യ കൃഷിഭൂമിയുടെ 42.5 ശതമാനം (19.21 ലക്ഷം ഏക്കര്‍) സ്ഥലം പാട്ടവ്യവസ്ഥയില്‍ കുടിയാന്‍മാരായ ചെറുകിട കൃഷിക്കാരുടെ കൈകളിലായിരുന്നുവെന്നു പറയുന്നു.
1970ല്‍ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയതിനു ശേഷം 1992 വരെ ഇതില്‍ 14.50 ലക്ഷം ഏക്കര്‍ സ്ഥലം 28.42 ലക്ഷം ആളുകള്‍ക്ക് കുടിയായ്മാ അവകാശമായി നല്‍കപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ള സ്വകാര്യ ഭൂമി സീലിങ് പരിധിക്കുള്ളില്‍ ആയതുകൊണ്ട് മുന്‍ ജന്‍മിമാരുടെ കൈവശാവകാശമായും കര്‍ഷകത്തൊഴിലാളികള്‍ക്ക് കുടികിടപ്പ് അവകാശമായും നല്‍കപ്പെട്ടിട്ടുണ്ട്. ഇതില്‍ നിന്നു മനസ്സിലാകുന്ന വസ്തുത, അവശേഷിക്കുന്ന മൂന്നു ലക്ഷത്തോളം ഭൂരഹിതരായ കുടുംബങ്ങള്‍ക്കും സര്‍ക്കാരിന്റെ വികസന ആവശ്യങ്ങള്‍ക്കും നല്‍കുന്നതിനുവേണ്ടി സര്‍ക്കാരിന്റെ കൈവശം ഭൂമിയില്ല എന്നതുതന്നെയാണ്.
ഈ യാഥാര്‍ഥ്യങ്ങളുടെ വെളിച്ചത്തിലാണ് തിരു-കൊച്ചി സംസ്ഥാനത്തും പിന്നീട് കേരളത്തിലും കൊണ്ടുവരുകയോ നടപ്പാക്കപ്പെടുകയോ ചെയ്ത ഭൂപരിഷ്‌കരണ നിയമങ്ങളില്‍ സ്വാതന്ത്ര്യത്തിനു മുമ്പ് വിദേശ കമ്പനികള്‍ കൈവശം വച്ചിരുന്ന ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി ഉള്‍പ്പെടെയുള്ള സ്വകാര്യ തോട്ടം മേഖലയോടുള്ള വിവിധ സര്‍ക്കാരുകളുടെ നിലപാടുകള്‍ പരിശോധിക്കേണ്ടത്.
1954ല്‍ തിരു-കൊച്ചി സംസ്ഥാനത്ത് പട്ടം താണുപിള്ളയുടെ പിഎസ്പി സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ 25 ഏക്കറിനു മുകളിലുള്ള തോട്ടങ്ങളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കിയെങ്കില്‍ 1955ലെ പനമ്പിള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ ബില്ല് പിന്‍വലിക്കുകയാണ് ഉണ്ടായത്. 1955ല്‍ തന്നെ കൊണ്ടുവന്ന ഇടവകാവകാശം ഏറ്റെടുക്കല്‍ നിയമം വഴി തിരുവിതാംകൂറിലെ നാലു സാമന്തരാജ്യങ്ങള്‍ക്ക് ഇടവകാവകാശമായി സ്വതന്ത്രമായി കൈവശം വയ്ക്കാന്‍ അനുവദിച്ചിരുന്ന, തിരുവിതാംകൂറിലെ പത്തു താലൂക്കുകളിലായി വ്യാപിച്ചുകിടന്നിരുന്ന 1,20,239 ഏക്കര്‍ സ്ഥലം 20 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നല്‍കി സര്‍ക്കാര്‍ ഏറ്റെടുത്തുവെങ്കിലും സ്വകാര്യ തോട്ടമുടമകളുടെ കൈവശമിരുന്ന സ്ഥലങ്ങളില്‍ ഒരു ഏക്കര്‍ പോലും സര്‍ക്കാരില്‍ നിക്ഷിപ്തമായില്ല.
ഇതില്‍ അദ്ഭുതപ്പെടുത്തുന്ന കാര്യം, ഈ ഭൂമിയുടെ ബഹുഭൂരിപക്ഷവും കൈവശം വച്ചിരുന്നത് തദ്ദേശീയരായ തിരുവിതാംകൂറുകാര്‍ ആയിരുന്നില്ല, മറിച്ച്, ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും രജിസ്റ്റര്‍ ചെയ്തിരുന്ന ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനികള്‍ ആയിരുന്നു. ഹാരിസണ്‍ മലയാളം കമ്പനി കേരളത്തില്‍ കൈവശം വച്ചിരുന്ന 59,659 ഏക്കര്‍ സ്ഥലത്തിന്റെ ഉടമാവകാശം ഇപ്പോഴും ഇംഗ്ലണ്ടിലെ ചാനല്‍ ഐലന്‍ഡ് എന്ന സ്ഥലത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആംപിള്‍ഡൗണ്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ പേരിലാെണന്ന ഞെട്ടിക്കുന്ന വിവരം ഈയിടെ പുറത്തുവന്നിരുന്നു.
1957ലെ ഇഎംഎസ് ഗവണ്‍മെന്റ് 25 ഏക്കര്‍ എന്ന 1957ലെ ബില്ലിലെ വ്യവസ്ഥ എടുത്തുകളഞ്ഞ് എല്ലാ തോട്ടമുടമകളെയും ഭൂപരിഷ്‌കരണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. എങ്കിലും 1958ലെ കേരള ഭൂസംരക്ഷണ നിയമപ്രകാരം കേരളത്തിലെ മുഴുവന്‍ ഭൂമിയുടെയും ഉടമാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയത് വളരെ ചരിത്രപ്രധാനമായ നടപടിയാണ്. 1963ല്‍ ആര്‍ ശങ്കറിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് കൊണ്ടുവന്ന കേരള ഭൂപരിഷ്‌കരണ നിയമത്തിലും 1969ല്‍ ഇഎംഎസ് സര്‍ക്കാര്‍ കൊണ്ടുവന്ന കേരള ഭൂപരിഷ്‌കരണ (ഭേദഗതി) നിയമത്തിലും തോട്ടം ഭൂമിയുടെ പരിധി 30 ഏക്കറായി നിജപ്പെടുത്താനും ബാക്കിയുള്ള കൃഷിഭൂമിയില്‍ തോട്ടമുടമയ്ക്ക് ‘കൈവശ കൃഷിക്കാരന്‍’ എന്ന അവകാശം നല്‍കാനും കൃഷിയില്ലാത്ത ഭൂമി മിച്ചഭൂമിയായി സര്‍ക്കാര്‍ തിരിച്ചുപിടിക്കാനും തീരുമാനിച്ചു.
പക്ഷേ, ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, കൈവശ കൃഷിക്കാരന്‍ എന്ന അവകാശം ഉപയോഗിച്ചുകൊണ്ട് വിദേശ കമ്പനികള്‍ തുടര്‍ന്നും തങ്ങളുടെ നിയന്ത്രണത്തിലുള്ള ഭൂമിയില്‍ ആധിപത്യം തുടര്‍ന്നു. തങ്ങള്‍ക്കെതിരേയുള്ള കേസുകളില്‍ ഹാരിസണ്‍ മലയാളം കമ്പനി സുപ്രിംകോടതിയില്‍ വാദിച്ചത് തങ്ങള്‍ കേരള സര്‍ക്കാരിന്റെ കൈവശ കൃഷിക്കാരനാണ് എന്നാണ്. എന്നാല്‍, വിദേശ കമ്പനികള്‍ക്ക് കേരള ഭൂസംരക്ഷണ നിയമത്തിലെ ആനുകൂല്യങ്ങള്‍ ബാധകമല്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കുകയാണ് സുപ്രിംകോടതി ചെയ്തത്.
ഇതുപോലെ മൂന്നാറിലെ കണ്ണന്‍ ദേവന്‍ മലകളില്‍ വിദേശ കമ്പനിയായ ഫിന്‍ലെ മുയിര്‍ ആന്റ് കമ്പനി നിയന്ത്രിച്ചിരുന്ന 1,27,905 ഏക്കര്‍ സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കുന്നതിനായി കണ്ണന്‍ ദേവന്‍ ഹില്‍സ് (ഭൂമി ഏറ്റെടുക്കല്‍) നിയമം 1971 ജനുവരി 21ന് പാസാക്കിയെങ്കിലും ഇതുവരെ ഒരു ഏക്കര്‍ സ്ഥലം പോലും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വന്നിട്ടില്ല. വീണ്ടും കണ്ണന്‍ ദേവന്‍ മലകളില്‍ ടാറ്റയുടെ കൈവശമുള്ള അനധികൃത ഭൂമിയുടെ കുറച്ചു ഭാഗങ്ങള്‍ ടൂറിസം ആവശ്യത്തിനു വേണ്ടി ഏറ്റെടുക്കാന്‍ 2010 ജൂണ്‍ 12നു കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു.
1976ലാണ് കണ്ണന്‍ ദേവന്‍ ഹില്‍ പ്രൊഡ്യൂസ് കമ്പനിയില്‍ നിന്നു ടാറ്റാ ഫിന്‍ലെ കമ്പനിയിലേക്ക് വസ്തു കൈമാറ്റം നടക്കുന്നത്. ഈ കൈമാറ്റം ബ്രിട്ടിഷ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നാണ് ടാറ്റ കേരള ഹൈക്കോടതിയില്‍ വാദിക്കുന്നത്. അതിനര്‍ഥം ഇന്ത്യ ഒരു പരമാധികാര രാജ്യമല്ല എന്നും നമ്മള്‍ ഇപ്പോഴും ഭരിക്കപ്പെടുന്നത് ബ്രിട്ടനിലെ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നുമല്ലേ?
ഇടുക്കി, കോട്ടയം ജില്ലകളിലായി പതിനായിരത്തില്‍പരം ഏക്കര്‍ സര്‍ക്കാര്‍ഭൂമി കൈയേറിയിരിക്കുന്ന ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ കമ്പനിക്കെതിരേ സര്‍ക്കാര്‍ നടത്തിയ അന്വേഷണം ശരിക്കും കുടത്തിനുള്ളില്‍ അടച്ചുവച്ചിരിക്കുന്ന ഭൂതത്തെ തുറന്നുവിട്ടതിനു തുല്യമാണ്. സര്‍ക്കാരിന്റെ പ്രാഥമിക നിഗമനത്തില്‍ കേരളത്തിലെ ആകെ സര്‍ക്കാര്‍ റവന്യൂ ഭൂമിയുടെ 58 ശതമാനം അതായത്, അഞ്ചു ലക്ഷത്തോളം ഏക്കര്‍ സ്ഥലം ഇപ്പോഴും വിദേശ കമ്പനികളുടെയോ അവരുടെ ബിനാമികളുടെയോ നിയന്ത്രണത്തിലാണ്. ഈ കമ്പനികള്‍ ഉടമാവകാശം തെളിയിക്കുന്നതിനായി ഹാജരാക്കുന്ന രേഖകള്‍ വ്യാജവും കൃത്രിമവുമാണ് എന്നാണ് സര്‍ക്കാരിന്റെ വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.
ഒരു തുണ്ട് ഭൂമിയുടെ അവകാശം ഇന്ന് ഒരു വലിയ മനുഷ്യാവകാശ പ്രശ്‌നമായി വളര്‍ന്നിരിക്കുകയാണ്. ശവസംസ്‌കാരത്തിനു പോലും വീടിന്റെ അടുക്കള വെട്ടിപ്പൊളിക്കേണ്ട അവസ്ഥയിലേക്കു കേരളത്തില്‍ ഭൂരഹിതരുടെ പ്രശ്‌നം വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. 1947 ആഗസ്ത് 15ന് നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും അന്നു നാടുകടത്തപ്പെട്ട വിദേശ കമ്പനികളുടെ പേരില്‍ ഇന്ത്യക്കാരായ സായിപ്പുമാര്‍ ഇന്നും നമ്മെ ഭരിക്കുകയാണ്. ഈ നാട്ടിലെ ഭൂമിക്കും പ്രകൃതിവിഭവങ്ങള്‍ക്കും യഥാര്‍ഥ അവകാശികളായ നമ്മുടെ അടിസ്ഥാന പൗരാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുകയാണ്. ഇതിനെതിരേ ശക്തമായ ബഹുജന മുന്നേറ്റങ്ങള്‍ ഉയര്‍ന്നുവരണം.
(മുണ്ടക്കയം ടിആര്‍ ആന്റ് ടി തോട്ടം ഏറ്റെടുക്കല്‍ സമരസമിതി ജനറല്‍ കണ്‍വീനറാണ് ലേഖകന്‍.)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 89 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day