|    Oct 19 Fri, 2018 7:49 pm
FLASH NEWS

രണ്ടാം ഭാഗം പാഠ പുസ്തകമില്ലാതെ അധ്യയനം തുടങ്ങി

Published : 25th September 2017 | Posted By: fsq

 

കല്‍പ്പറ്റ: ജില്ലയില്‍ പാദ വാര്‍ഷിക പരീക്ഷക്ക് ശേഷം പഠിപ്പിക്കേണ്ട പാഠപുസ്തകമില്ലാതെ സ്‌കുളുകളില്‍ പഠനം തുടങ്ങി. രണ്ടാം ഭാഗ ടെക്സ്റ്റ് പുസ്തക വിതരണമാണ് പാതിവഴിയില്‍ മുടങ്ങിയത്. പുസ്തക വിതരണം എന്ന് പൂര്‍ത്തിയാക്കാനാവുമെന്നറിയാതെ വിദ്യാഭ്യാസ അധികാരികള്‍ കുഴങ്ങിയിരിക്കുകയാണ്. ടെക്സ്റ്റ് പുസ്തകമില്ലാതെ പഠിപ്പിക്കാന്‍ കഴിയില്ലെന്ന് അധ്യാപകരും പറയുന്നു.  ജില്ലയില്‍ 1 മുതല്‍ 10 വരെ ക്ലാസുകള്‍ക്കായി ഇംഗ്ലീഷ് – മലയാളം മീഡിയമടക്കം 128 ഇനം ടെക്സ്റ്റ് പുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടത്. പൊതുവായ 58 ഇനവും ഇംഗ്ലീഷ് – മലയാളം മീഡിയത്തിനായി 35 ഇനം വീതം പുസ്തങ്ങളുമാണുണ്ടാവുക. രണ്ടാം ഭാഗം 111 ഇനം പുസ്തകങ്ങളും മൂന്നാം ഭാഗം 33 ഇനം പുസ്തകങ്ങളുമാണ് ജില്ലക്കാവശ്യമുള്ളത്. ആദ്യപാദത്തില്‍ വൈകിയാണെങ്കിലും മുഴുവന്‍ പുസ്തകങ്ങളുടെയും വിതരണം പൂര്‍ത്തിയാക്കി. എന്നാല്‍ കലാ-കായിക-പ്രവൃത്തി പരിചയ പാഠപുസ്തക വിതരണം ജില്ലയില്‍ നടക്കാത്തതിനാല്‍ പുസ്തകം കാണാതെയാണ് കുട്ടികള്‍ ഓണപരീക്ഷയെഴുതിയത്.  പാദവാര്‍ഷിക പരീക്ഷക്ക് ശേഷം നല്‍കേണ്ട രണ്ടാം ഭാഗം പുസ്തങ്ങളാണ് കിട്ടാതെയായത്. രണ്ടാം വാല്ല്യം പുസ്തകങ്ങള്‍ 111 ഇനങ്ങളാണ് വേണ്ടത്. 74 ഇനം പുസ്തകങ്ങള്‍ വിതരണം ചെയ്തു. 37 ഇനം പുസ്തകങ്ങള്‍ വിതരണം ചെയ്യാനായിട്ടില്ല.  1 മുതല്‍ 7 വരെയുള്ള ക്ലാസുകളിലെ പുസ്തകമാണ് കിട്ടാനുള്ളതില്‍ ഏറെയും. ഉറുദു,അറബി,സംസ്‌കൃതം തുടങ്ങിയ ഭാഷാ പുസ്തകങ്ങളും ഇതിലുള്‍പ്പെടും. എല്‍.പി, യു.പി.ക്ലാസുകളിലേക്ക് 18 വീതം പുസ്തകങ്ങളും ഹൈസ്‌കുള്‍ എട്ടാം ക്ലാസിലേക്കുള്ള ഒരു പുസ്തകവുമാണിനി ലഭിക്കാനുള്ളത്. രണ്ടാം പാദ പരീക്ഷ ഡിസംബറിലാണ് നടക്കുക. ഇതിനിടയില്‍ ഉപജില്ല, ജില്ല കലാ,കായിക,പ്രവൃത്തി പരിചയ,ശാസ്ത്ര മേളകള്‍ നടക്കേണ്ടതുണ്ട്. കൂടാതെ വിദ്യാരംഗം കലാ സാഹിത്യ മല്‍സരങ്ങളും വേണം. ഇതിനിടയില്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കണം. മേളകളും പാഠപുസ്തകമില്ലാതെയുള്ള പഠനവും പൊതു വിദ്യാഭ്യാസത്തെ താളം തെറ്റിക്കും. ഡിസംബര്‍ മാസത്തോടെ മൂന്നാം ഭാഗം പാഠ പുസ്തക വിതരണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. 33 ഇനം പുസ്തകങ്ങളാണ് മൂന്നാം വാള്യമുള്ളത്. മാര്‍ച്ചില്‍ വാര്‍ഷിക പരീക്ഷ നടക്കുന്നതിന് മുമ്പ് മേളകളും പുസ്തക വിതരണവും പഠനവും നടക്കണം.  കുട്ടികള്‍ക്ക് പാഠ പുസ്തകങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് നേരിട്ട്  സ്‌കുളുകള്‍ മുഖേനയാണ് വിതരണം ചെയ്യുന്നത്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായ പുസ്തകങ്ങളുടെ എണ്ണം സ്‌കുളധികാരികള്‍  വിദ്യാഭ്യാസ വകുപ്പിന് നല്‍കും. തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ആവശ്യമായ പുസ്തകങ്ങള്‍ സ്‌കുളിലെത്തിക്കും. കഴിയുന്നത്ര വേഗത്തില്‍ കുട്ടികളുടെ കൈകളില്‍ പുസ്തകമെത്തിക്കുകയാണ് പതിവ്.  ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള പുസ്തകങ്ങളാണ് നേരിട്ട് വിതരണം ചെയ്യുക. ഇതില്‍ ഇംഗ്ലീഷ്-മലയാളം മീഡിയം പുസ്തകങ്ങളുണ്ടാവും. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി പുസ്തകം ലഭിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss