|    Oct 17 Wed, 2018 5:33 pm
FLASH NEWS
Home   >  Sports  >  Cricket  >  

രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍; ഇന്ത്യക്ക് മുന്നില്‍ ലോര്‍ഡ്‌സ് കനിയുമോ

Published : 9th August 2018 | Posted By: jaleel mv

 

ലോര്‍ഡ്‌സ്: വെല്ലുവിളികള്‍ മാത്രം ശീലമാക്കിയ ഇന്ത്യന്‍ നായകന് ആദ്യ ടെസ്റ്റിനേറ്റ പരാജയത്തിന് മറുപടി നല്‍കാന്‍ ഇന്ന് നടക്കുന്ന രണ്ടാം ടെസ്റ്റ് മല്‍സരം അവസരമൊരുക്കുന്നു. ഇൗ ടെസ്റ്റ് ഇന്ത്യ സ്വന്തമാക്കിയാല്‍ ഇന്ത്യക്ക് 1-1ന്റെ സമനിലയിലെത്താം. മല്‍സരം സമനിലയിലെത്തിയാല്‍ മറ്റൊരു ചരിത്ര നേട്ടത്തിനൊപ്പം നായകനെന്ന നിലയില്‍ കോഹ്‌ലിയും എത്തും. ഇന്ത്യക്ക് വളരെ ദുഷ്‌കരമെന്നറിയപ്പെടുന്ന ലോര്‍ഡ്‌സ് പിച്ചില്‍ ഇതിഹാസ നായകരായ കപില്‍ ദേവും എം എസ് ധോണിയും വെന്നിക്കൊടി നാട്ടി ചരിത്രം കുറിച്ചതിന് പിന്നാലെ കോഹ്‌ലിയും വാഴ്ത്തപ്പെടും. മുമ്പ് 1986 ലാണ് ഈ മണ്ണില്‍ കപില്‍ ദേവ് ഇംഗ്ലീഷ് പടയെ പരാജയപ്പെടുത്തിയതെങ്കില്‍ 2014ലാണ് ധോണിപ്പട വിജയം കൊയ്തത്.
ലോഡ്‌സില്‍ കളിച്ച 17 ടെസ്റ്റ് മല്‍സരങ്ങൡ രണ്ടെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. 11 എണ്ണത്തില്‍ ആതിഥേയര്‍ ജയിച്ച് കരുത്ത് കാട്ടിയപ്പോള്‍ നാലെണ്ണം സമനിലയിലും കലാശിച്ചു.
ബൗളിങില്‍ പ്രതീക്ഷ
പരിക്കേറ്റ് പുറത്തായ ജസ്പ്രീത് ബൂംറയും ഭുവനേശ്വര്‍ കുമാറും ഒരിക്കല്‍ കൂടി ഇംഗ്ലണ്ടിനെതിരേ പന്തെറിയില്ലെന്നുറപ്പാണ്്. എന്നാല്‍ മികച്ച രീതിയില്‍ പന്തെറിയുന്ന ഇശാന്ത് ശര്‍മയും മുഹമ്മദ് ഷാമിയും ബൂറയുടെയും ഭുവനേശ്വറിന്റെയും അഭാവം കളത്തില്‍ പ്രകടിപ്പിക്കുന്നുമില്ല. ആദ്യ ടെസ്റ്റില്‍ മിന്നും ഫോമാണ് ഇരുവരും കാഴ്ച വച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് പ്രകടനത്തില്‍ മാത്രം ഒതുങ്ങിപ്പോയ ഇശാന്ത് രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടത്തിലൂടെയാണ് പ്രകടനം മെച്ചപ്പെടുത്തിയത്. എന്നാല്‍ മുഹമ്മദ് ഷാമിയാവട്ടെ, ആദ്യ ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും മൂന്നു വീതം വിക്കറ്റുകള്‍ സ്വന്തമാക്കി ഇന്ത്യന്‍ ബൗളിങില്‍ നിര്‍ണായക ശ്രദ്ധ പിടിച്ചു പറ്റി.
ടെസ്റ്റിലേക്ക് തിരിച്ചെത്തിയ അശ്വിന്റെ പ്രകടനവും ഇന്ത്യക്ക് ശുഭപ്രതീക്ഷ നല്‍കുന്നുണ്ട്. അതേസമയം, പിച്ചിന്റെ ഘടന മുന്‍ നിര്‍ത്തി രവിചന്ദ്ര അശ്വിനോടൊപ്പം ഒരു സ്പിന്നറെ കൂടി ഉള്‍പ്പെടുത്താനുള്ള പരിഗണനയും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ട്. ഈ സ്ഥാനത്ത് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്കോ കുല്‍ദീപ് യാദവിനോ അശ്വിനോടൊപ്പം സ്‌പെല്‍ ചെയ്യാം.
ബാറ്റിങില്‍ തലവേദന
നായകന്‍ വിരാട് കോഹ്‌ലി എന്ന പ്രതിഭയുടെ ചിറകിലാണ് ഇപ്പോഴും ഇന്ത്യന്‍ ബാറ്റിങിന്റെ പ്രതീക്ഷ. ടെസ്റ്റില്‍ പാരമ്പര്യമുള്ള ഇംഗ്ലണ്ട് ബൗളിങിന് മുന്നില്‍ ഇന്ത്യ ആടിയുലഞ്ഞപ്പോള്‍ വിജയപ്രതീക്ഷയിലേക്ക് ഇന്ത്യയെ നയിച്ചത് കോഹ്‌ലിയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. കോഹ് ലി കളം വാണെങ്കിലും മറ്റുള്ള ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടു.
വിദേശപിച്ചുകളില്‍ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ചേതേശ്വര്‍ പൂജാരയെ ഇറക്കി പരീക്ഷിക്കാനുള്ള തന്ത്രമാണ് കോച്ച് രവി ശാസ്ത്രി പ്രകടിപ്പിച്ചിരിക്കുന്നത്. താരത്തിന് പകരമായി മൂന്നാം സ്ഥാനത്ത് പ്രതീക്ഷിച്ചിറക്കിയ കെ എല്‍ രാഹുല്‍ പക്ഷേ നിരാശയാണ് ആദ്യ ടെസ്റ്റില്‍ സമ്മാനിച്ചത്. ഓപണറായി മികച്ച റെക്കോഡുള്ള രാഹുലിനെ മൂന്നാം സ്ഥാനത്തിറക്കിയതിനെതിരേ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടതാണ് കോഹ് ലിയും രവി ശാസ്ത്രിയും. ആയതിനാല്‍ രാഹുലിനെ മൂന്നാം സ്ഥാനത്തിറക്കി പകരം ഓപണിങില്‍ പൂജാരയെയും മുരളി വിജയിയെയും ഇറക്കാനുള്ള ആലോചനയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് അധികൃതര്‍. ഇങ്ങനെ വന്നാല്‍ മോശം ഫോം തുടര്‍ന്നു കൊണ്ടിരിക്കുന്ന ശിഖര്‍ ധവാന് രണ്ടാം ടെസ്റ്റല്‍ കളത്തിന് പുറത്തിരിക്കേണ്ടി വരും.
എസെക്‌സിനെതിരായ പരിശീലന മല്‍സരത്തില്‍ ഉഗ്രന്‍ ഫോം പുറത്തെടുത്ത രാഹുലിന് ആദ്യ ടെസ്റ്റില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. രാഹുലിനെ പോലെ പരിശീലന മല്‍സരത്തിലൂടെ തുടക്കം ഗംഭീരമാക്കിയ ദിനേഷ് കാര്‍ത്തികും ഇപ്പോള്‍ സന്തോഷത്തിലല്ല. പരിശീലന മല്‍സരത്തില്‍ കളിച്ചതിന്റെ ആത്മവിശ്വാസത്തോടെ ഒന്നാം ടെസ്റ്റിനിറങ്ങിയ കാര്‍ത്തിക് സ്വന്തമാക്കിയത് വെറും 20 റണ്‍സ്. ആദ്യ ഇന്നിങ്‌സില്‍ പൂജ്യനായി മടങ്ങിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ രണ്ടാം ടെസ്റ്റില്‍ 20 റണ്‍സെടുത്ത് ‘മികവ് കാട്ടി’.
മാറ്റത്തോടെ ഇംഗ്ലണ്ട്
ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ബൗളിങില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ബെന്‍സ്റ്റോക്‌സ് രണ്ടാം ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്നു എന്നതാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. ബ്രിസ്റ്റലിലെ ഹോട്ടലില്‍ വച്ചുണ്ടായ അടിപിടി കേസിന്റെ ഹിയറിങിനാണ് താരം ഇന്ന് തുടങ്ങുന്ന ടെസ്റ്റില്‍ നിന്നും മാറി നില്‍ക്കുന്നത്. വോക്‌സിന് പകരക്കാരനായി ക്രിസ് വോക്‌സ് മടങ്ങിയെത്തിയിട്ടുണ്ട്. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡിലേക്ക് കാര്യമായ സംഭാവനകള്‍ ചെയ്യാന്‍ കഴിയാതിരുന്ന ഡേവിഡ് മെലാനെ പുറത്തിരുത്തി പകരം കൗണ്ടി ക്രിക്കറ്റില്‍ മികച്ച ഫോം തുടരുന്ന ഒലി പോപിനെ ഉള്‍പ്പെടുത്തി.
പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കിയവരാണ് ഇംഗ്ലണ്ട് ബൗളര്‍മാര്‍. ജയിക്കാന്‍ ഇന്ത്യക്ക് ചെറിയ ടോട്ടല്‍ മാത്രം മതിയെന്നിരിക്കേ സമ്മര്‍ദ്ദമേതുമില്ലാതെയായിരുന്നു അവര്‍ പന്തെറിഞ്ഞത്. സ്്‌റ്റോക്‌സ് മടങ്ങിയ ആഘാതത്തില്‍ ഇംഗ്ലണ്ട് ടീം ഇന്നിറങ്ങുമ്പോള്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ ഫോം പ്രതീക്ഷ നല്‍കുന്നുണ്ട്.
ടെസ്റ്റിലെ രണ്ടാം മല്‍സരം കളിക്കാനെത്തിയ യുവ താരം സാം കുറാനാണ് യഥാര്‍ഥത്തില്‍ ഇംഗ്ലണ്ടിനെ ആദ്യ മല്‍സരത്തില്‍ രക്ഷിച്ചത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയ കുറാന്‍ രണ്ടാം ഇന്നിങ്‌സില്‍ നിര്‍മായകമായ 673 റണ്‍സ് സ്വന്തമാക്കിയാണ് ക്രീസ് വിട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss