|    Oct 17 Wed, 2018 1:26 pm
FLASH NEWS
Home   >  Kerala   >  

‘രണ്ടാംമാപ്പിള ലഹള’ നനഞ്ഞപടക്കമായി ; പാളിയത് വര്‍ഗീയസംഘര്‍ഷമുണ്ടാക്കാനുള്ള സംഘപരിവാര ശ്രമം

Published : 28th May 2017 | Posted By: G.A.G

നിലമ്പൂര്‍ : പൂക്കോട്ടും പാടത്ത് ക്ഷേത്രത്തില്‍ കടന്ന് വിഗ്രഹങ്ങള്‍ തകര്‍ത്തയാളെ പിടികൂടിയതോടെ പാളിയത് മലപ്പുറത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള സംഘപരിവാര ശ്രമം. ക്ഷേത്രം തകര്‍ത്ത് വിശ്വാസികളുടെ വികാരമിളക്കിവിട്ട് കലാപമുണ്ടാക്കി രാഷ്ട്രീയമുതലെടുപ്പ് നടത്താനുള്ള സംഘപരിവാര്‍ ശ്രമമാണ് രാജാറാം മോഹന്‍ദാസ് പോറ്റി എന്നയാളുടെ അറസ്റ്റിനെത്തുടര്‍ന്ന് പാളിയത്.

പിടിയിലായ രാജാറാം മോഹന്‍ദാസ് പോറ്റി

ക്ഷേത്രം തകര്‍ക്കപ്പെട്ട സംഭവം വര്‍ഗീയമായിത്തന്നെ കണ്ട് പ്രദേശത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചും സാമൂഹികമാധ്യമങ്ങളില്‍ കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടും സംസ്ഥാനമൊട്ടുക്ക് വര്‍ഗീയസംഘര്‍ഷമിളക്കി വിടാനുള്ള ശ്രമത്തിന് പിന്നില്‍ വിപുലമായ ഗൂഡാലോചനകള്‍ നടന്നിട്ടുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളത്തില്‍ ഹൈന്ദവര്‍ അഭയാര്‍ഥിക്യാംപുകള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുക, രണ്ടാംമാപ്പിളലഹളയ്ക്ക് സാധ്യതയുണ്ട് എന്ന തരത്തിലാണ് മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിച്ചത്.

വിഗ്രഹം തകര്‍ത്ത സംഭവത്തിന് തൊട്ടുപിന്നാലെ മതസ്പര്‍ധ ലക്ഷ്യമി്ട്ട് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിലൊന്ന്

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ മുതല്‍ സംഘപരിവാര സംഘടനകള്‍ പൂക്കോട്ടുംപാടത്ത് കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടഞ്ഞ് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. നാട്ടുകാര്‍ സംയമനം പാലിച്ചതു കാരണം അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. സംഭവമറിഞ്ഞ് ക്ഷേത്രത്തിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിനോട് ചിലര്‍ അപമര്യാദയായി പെരുമാറിയതും പ്രശ്‌നം വഷളാക്കിയിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തില്‍ വിളിച്ചുചേര്‍ത്ത ആദ്യസര്‍വ കക്ഷി സമാധാനയോഗവും അലങ്കോലപ്പെടുകയായിരുന്നു. പിന്നീട് പി വി അന്‍വര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ പൂക്കോട്ടുംപാടം വ്യാപാരഭവനില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് അതിക്രമത്തിന്റെ മറവില്‍ ആരെയും മുതലെടുക്കാന്‍ അനുവദിക്കരുതെന്ന് ആഹ്വാനം ചെയ്യുകയായിരുന്നു.
ഒടുവില്‍ പ്രതി പിടിയിലായതോടെ സംഭവം മുതലെടുക്കാനുള്ള സംഘപരിവാര ശ്രമങ്ങളെല്ലാം നനഞ്ഞപടക്കമായി മാറുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss