|    Nov 21 Wed, 2018 1:33 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

രണ്ടാംഘട്ട സമഗ്ര പദ്ധതി തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി

Published : 9th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിനായി സമഗ്ര പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനായി ബഹുമുഖ കര്‍മപദ്ധതികള്‍ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
വെള്ളപ്പൊക്ക സാധ്യത മുന്‍കൂട്ടി പ്രവചിക്കാനായി സമഗ്ര ഫഌഡ് ഫോര്‍കാസ്റ്റിങ് സിസ്റ്റം നടപ്പാക്കുന്നതു സംബന്ധിച്ച പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി. ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വെള്ളം കയറാത്ത വിവിധ ഉദ്ദേശ്യ കെട്ടിടങ്ങള്‍ നിര്‍മിക്കും. ഇവ ദുരിതാശ്വാസ ക്യാംപുകളായും സാമൂഹിക അടുക്കളയായും ഉപയോഗിക്കാവുന്ന വിധമായിരിക്കും. എല്ലാ വീട്ടിലേക്കും ഉതകുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ശുചിമുറികള്‍ നിര്‍മിച്ചു നല്‍കും. സൗരോര്‍ജ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള സംവിധാനം കെട്ടിടങ്ങളിലുണ്ടാവും. സാങ്കേതിക വൈദഗ്ധ്യം നേടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ദുരന്തനിവാരണ അതോറിറ്റിയെയും അനര്‍ട്ടിനെയും ചുമതലപ്പെടുത്തി.
ഇപ്പോള്‍ വെള്ളം കയറിയ വീടുകളിലെ തറകള്‍ കയര്‍ മാറ്റ് ഉപയോഗിച്ച് ഉപയോഗയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കാന്‍ കയര്‍ വകുപ്പിന് നിര്‍ദേശം നല്‍കി. മടവീഴ്ച മൂലമുള്ള ദുരിതം പരിഹരിക്കുന്നതിനുള്ള മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. അടയ്ക്കപ്പെട്ട ചാലുകള്‍ ആഴം കൂട്ടി തുറന്നുകൊടുത്ത് വെള്ളം പെട്ടെന്ന് ഒഴുകിപ്പോവാന്‍ സംവിധാനം നടപ്പാക്കാനും പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും ഈ പ്രദേശങ്ങളില്‍ പുതുതായി ഏറ്റെടുക്കേണ്ട കുടിവെള്ള പദ്ധതികള്‍ ഏറ്റെടുക്കാനും ജലവിഭവ വകുപ്പിനെ ചുമതലപ്പെടുത്തി. അടഞ്ഞുകിടക്കുന്ന പൊഴികള്‍ തുറന്ന് ജലം ഒഴുകിപ്പോവാനുള്ള നടപടികള്‍ സ്വീകരിക്കും. അവശ്യം വേണ്ട സാധനങ്ങള്‍ എത്തിക്കുന്നതിന് തടസ്സമായി നി ല്‍ക്കുന്ന ഉയരംകുറഞ്ഞ പാലങ്ങള്‍ വലിയ വള്ളം/ബോട്ട് കടന്നുപോകാവുന്ന രീതിയില്‍ പുനര്‍നിര്‍മിക്കും.
നബാര്‍ഡിന്റെ ആര്‍ഐഡിഎഫ് സ്‌കീമില്‍ പെടുത്തിയാവും പാലങ്ങള്‍ നിര്‍മിക്കുക. കുട്ടനാട്ടിലെ എല്ലാ അടിയന്തര സേവന ഓഫിസുകളും മിനിമം രണ്ടു മീറ്റര്‍ ഉയര്‍ത്തുന്ന സാങ്കേതികവിദ്യ നാട്ടില്‍ സാധ്യമാണ്. ഇതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെയും പൊതുമരാമത്ത്-ജലവിഭവ വകുപ്പുകളെയും ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. ജല ആംബുലന്‍സുകള്‍ കൂടുതലായി നീറ്റിലിറക്കാന്‍ ജല ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തി. കന്നുകാലികളുടെ സംരക്ഷണത്തിനുതകുംവിധം ഉയര്‍ന്ന സ്ഥലങ്ങളില്‍ പ്രളയകാലത്ത് രണ്ട് മീറ്റര്‍ സ്റ്റില്‍ട്ടിനു മുകളില്‍ പ്ലാറ്റ്‌ഫോം നിര്‍മിക്കും.
ഇതിനായി പൊതുമരാമത്ത്-മൃഗസംരക്ഷണ വകുപ്പുകളെ സംയുക്തമായി ചുമതലപ്പെടുത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു നല്‍കുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിക്കാനും തീരുമാനിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss