|    Jan 16 Mon, 2017 8:45 pm
FLASH NEWS

രണ്ടാംഘട്ട നീറ്റ്: കര്‍ശന സുരക്ഷാവലയമൊരുക്കി പോലിസ്

Published : 25th July 2016 | Posted By: SMR

തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലായി നടന്നു.
നീറ്റ് പരീക്ഷയ്ക്ക് ഈവര്‍ഷം കേരളത്തിന് ഇളവു ലഭിച്ച സാഹചര്യത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്കും കല്‍പ്പിത സര്‍വകലാശാലകളിലേക്കുമുള്ള പ്രവേശനത്തിനാണ് നീറ്റ് പ്രധാനമായും ബാധകമാവുക. കേരളത്തില്‍ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തിയ പരീക്ഷയെ അടിസ്ഥാനമാക്കിയാണ് മെഡിക്കല്‍ കോഴ്‌സുകളിലേക്കു പ്രവേശനം നടത്തുന്നത്. ഫിസിക്‌സ് പരീക്ഷ കുഴപ്പിച്ചെന്നാണു വിദ്യാര്‍ഥികള്‍ പൊതുവേ അഭിപ്രായപ്പെട്ടത്. ബയോളജി ലളിതമായിരുന്നു. മറ്റു വിഷയങ്ങളും കാര്യമായ പ്രശ്‌നമുണ്ടാക്കിയില്ല.
അതേസമയം, 6.5 ലക്ഷം പേരെഴുതിയ ആദ്യഘട്ട നീറ്റ് പരീക്ഷ പൊതുവേ കടുപ്പമായിരുന്നുവെന്നായിരുന്നു വിദ്യാര്‍ഥികളുടെ അഭിപ്രായം. ആദ്യഘട്ട നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ പോയവര്‍, രജിസ്റ്റര്‍ ചെയ്തശേഷം എഴുതാന്‍ കഴിയാതിരുന്നവര്‍, പരീക്ഷ എഴുതിയെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതെപോയവര്‍ എന്നിവര്‍ക്കു രണ്ടാംഘട്ട പരീക്ഷയെഴുതാന്‍ അവസരം നല്‍കിയിരുന്നു. ഇത്തരത്തിലുള്ളവര്‍ക്ക് ഇവരുടെ ആദ്യ നീറ്റിന്റെ മാര്‍ക്ക് പരിഗണിക്കുകയില്ല.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശപ്രകാരം കര്‍ശന സുരക്ഷാ സംവിധാനങ്ങളോടെയാണു പരീക്ഷാകേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികളെ പോലിസ് പ്രവേശിപ്പിച്ചത്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചു പരിശോധന നടത്തിയശേഷമാണ് ഇവരെ കോംപൗണ്ടിനുള്ളിലേക്കു കയറ്റിയത്. പെണ്‍കുട്ടികളെ പരിശോധിക്കുന്നതിനു വനിതാ പോലിസുകാരെ പ്രത്യേകമായി നിയോഗിച്ചിരുന്നു. രാവിലെ 10മണിക്കാരംഭിക്കുന്ന പരീക്ഷയ്ക്ക് 9.30നു മുമ്പുതന്നെ ഹാളില്‍ പ്രവേശിച്ചിരിക്കണമെന്നായിരുന്നു വിദ്യാര്‍ഥികള്‍ക്കു നല്‍കിയിരുന്ന നിര്‍ദേശം. വിദ്യാര്‍ഥികള്‍ക്കൊപ്പമെത്തിയ രക്ഷിതാക്കളെ കോംപൗണ്ടിനുള്ളിലേക്കു പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ദൂരസ്ഥലങ്ങളില്‍നിന്നെത്തിയവര്‍ക്കു പ്രാഥമികാവശ്യം നിറവേറ്റുന്നതിനോ കുടിവെള്ളത്തിനോ സംവിധാനമൊരുക്കിയില്ലെന്നു ചില കേന്ദ്രങ്ങളില്‍ നിന്നു പരാതി ഉയര്‍ന്നു. എന്നാല്‍, സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണു രക്ഷിതാക്കള്‍ക്കു വിലക്കേര്‍പ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിദ്യാര്‍ഥികളും രക്ഷിതാക്കളും വലഞ്ഞു
കൊച്ചി: രണ്ടാംഘട്ട മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കായി കൊച്ചിയിലെ സെന്ററുകളിലെത്തിയ വിദ്യാര്‍ഥികളും രക്ഷിതാക്കളും വലഞ്ഞു.
വിവിധ ജില്ലകളില്‍നിന്ന് പുലര്‍ച്ചെ എത്തിയ ഇവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും കഴിഞ്ഞില്ല. സെന്ററുകളുടെ പ്രവേശന കവാടത്തിനുപുറത്ത് ഒട്ടും സൗകര്യമില്ലാതെ മണിക്കൂറുകളോളം വിദ്യാര്‍ഥികള്‍ക്കൊപ്പമെത്തിയവര്‍ക്ക് മഴയത്ത് കാത്തുനില്‍ക്കേണ്ടിവന്നു. സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞെത്തിയ വിദ്യാര്‍ഥികളെ അത് അഴിപ്പിച്ചതിനുശേഷമായിരുന്നു പരീക്ഷാ ഹാളില്‍ പ്രവേശിപ്പിച്ചത്.
തനിച്ചെത്തിയ വിദ്യാര്‍ഥികളെ ഇത് ഏറെ വലച്ചു. വാഹനങ്ങളുമായെത്തിയവരില്‍നിന്ന് അനധികൃത പാര്‍ക്കിങിന്റെ പേരില്‍ പോലിസ് 500 രൂപവീതം പിഴ ഇടാക്കിയതായും പരാതി ഉണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക