|    Oct 17 Wed, 2018 10:54 am
FLASH NEWS

രണ്ടാംഘട്ട ട്രാഫിക്ക് പരിഷ്‌കരണം ഒക്ടോബര്‍ ഒന്നുമുതല്‍

Published : 20th September 2017 | Posted By: fsq

പെരിന്തല്‍മണ്ണ: നഗരത്തില്‍ ട്രാഫിക്ക് പരിഷ്‌ക്കരണത്തിന്റെ രണ്ടാം ഘട്ടം ഒക്ടോബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നഗരസഭാ ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു.നഗരത്തില്‍ അടുത്തടുത്തായുള്ള ബസ് സ്‌റ്റോപ്പകള്‍ സൃഷ്ടിക്കുന്ന ട്രാഫിക്ക് പ്രശ്‌നം പരിഹരിക്കാനായി അഞ്ച്് ബസ്സറ്റോപ്പുകള്‍ നിര്‍ത്തലാക്കാനാണ് ട്രാഫിക്ക് റഗുലേറ്ററി കമ്മറ്റി തീരുമാനിച്ചത്. കോഴിക്കോട് റോഡ് മാനത്ത് മംഗലം ബൈപ്പാസിലെ എല്ലാ ബസ്സ് സ്‌റ്റോപ്പുകളും എടുത്ത് കളയും. ബൈപ്പാസ് ജംഗ്ഷനിലുള്ള ബസ്സ് സ്‌റ്റോപ്പ്, ബൈപ്പാസ് ബസ്റ്റാന്റിനു മുന്‍വശത്തുള്ള ബസ്സ് സ്‌റ്റോപ്പ്, ബൈപ്പാസിലെ ചിരട്ട മണ്ണ അല്‍ശിഫ ജംഗ്ഷനിലെ ബസ്സ് സ്‌റ്റോപ്പ് എന്നിവയും മറ്റു അനധികൃതമായതുമായ ബൈപ്പാസിലെ മുഴുവന്‍ ബസ്സ് സ്‌റ്റോപ്പുകളും ഒഴിവാക്കും. ബൈപ്പാസില്‍ ബസ് പ്രവേശിച്ചാല്‍ ബൈപ്പാസ് ബസ്റ്റാന്റില്‍ മാത്രമേ സ്‌റ്റോപ്പ് ഉണ്ടാകൂ. ഇതോടെ ബൈപ്പാസിലെ ട്രാഫിക്ക് കുരുക്കിന് നല്ലയളവില്‍ പരിഹാരമാകും.ഇതിന് പുറമെ ഊട്ടി റോഡില്‍ മൗലാനാ ഹോസ്പിറ്റലിനു മുന്‍വശത്തുള്ള ബസ്സ് സ്‌റ്റോപ്പ്, കെ.എസ്.ഇ.ബിക്ക് മുന്‍വശത്തുള്ള ബസ്സ് സ്‌റ്റോപ്പ് എന്നിവയും ഒഴിവാക്കും. ചെര്‍പ്പുളശ്ശേരി പട്ടാമ്പി റോഡില്‍ നിന്നും വരുന്ന ബസ്സുകള്‍ കോഴിക്കോട് റോഡില്‍ പ്രവേശിച്ച് ബൈപ്പാസ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ ഇറക്കി പോലീസ് എയ്ഡ് പോസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്ത് തിരിച്ച് കോഴിക്കോട് റോഡിലൂടെ തന്നെ ടൗണിലെത്തി പട്ടാമ്പി  ചെര്‍പ്പുളശ്ശേരി ഭാഗത്തേക്ക് പോകണം . മണ്ണാര്‍ക്കാട് റോഡില്‍ നിന്നുള്ള ബസ്സുകള്‍ മനഴി ബസ്സ് സ്റ്റാന്റില്‍ പ്രവേശിച്ച് ടൗണിലൂടെ ബൈപ്പാസ് ബസ്റ്റാന്റില്‍ എത്തിച്ചേര്‍ന്ന് അവിടെ പാര്‍ക്ക് ചെയ്യണം. തിരിച്ച് കോഴിക്കോട് റോഡ് വഴി ടൗണില്‍ പ്രവേശിച്ച് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകണം. ഇതോടെ ഇടുങ്ങിയ റോഡുള്ള ഊട്ടി റോഡിലെ നിലവിലെ ബസ്സ് റൂട്ട് 70% കുറയുകയും ഗതാഗതക്കുരുക്കിന് പരിഹാരമാക്കുകയും ചെയ്യും. ബസ്സ് സ്‌റ്റോപ്പുകളുടെ ഒഴിവാക്കലും, ക്രമീകരണങ്ങളും കൃത്യമായി നടപ്പാക്കാനായി 15 ഹോം ഗാര്‍ഡുകളെ നഗരസഭയുടെ ചിലവില്‍ നിയമിക്കും.പുതുതായി ഏര്‍പ്പെടുത്തിയ ഈ പരിഷ്‌ക്കാരം ഒക്ടോബര്‍ ഒന്നിന് ആരംഭിച്ചാല്‍ രണ്ടാഴ്ചക്ക് ശേഷം ഒക്ടോബര്‍ 16 ന് ട്രാഫിക്ക് ക്രമീകരണ സമിതി യോഗം ചേര്‍ന്ന് അവലോകനം നടത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും മൂന്നാം ഘട്ട ട്രാഫിക്ക് പരിഷ്‌ക്കരണം ഏര്‍പ്പെടുത്തുകയും ചെയ്യും.  നഗരസഭാ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം അദ്ധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ മെഹറലി, സി.ഐ .ബിനു ടി.എസ്, സുകുമാരന്‍ ടി.എസ്, വൈസ് ചെയര്‍മാന്‍ നിഷി അനില്‍ രാജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കിഴിശ്ശേരി മുസ്തഫ, കെ.മുഹമ്മദലി ഹാജി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss