|    Jun 28 Wed, 2017 7:28 pm
FLASH NEWS

രണ്ടരമാസത്തിനുശേഷം ദുബയ് കപ്പല്‍ തീരംവിട്ടു

Published : 11th November 2016 | Posted By: SMR

പൊന്നാനി: രണ്ടര മാസത്തെ ഇടവേളയ്ക്കുശേഷം ദുബയ് കപ്പല്‍ പൊന്നാനി തീരം വിട്ടു. കൊറിയയില്‍നിന്ന് ദുബയിയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പല്‍ ഇന്ധനം തീര്‍ന്നതോടെയാണ് പൊന്നാനി കടലില്‍ കുടുങ്ങിയത്. കഴിഞ്ഞ ആഗസ്ത് 31 നാണ് കപ്പല്‍ പൊന്നാനിയിലെത്തിയത്. കപ്പല്‍ എത്തിയതോടെ നിറം പിടിച്ച പല കഥകളും പെരുകി. ജീവനക്കാര്‍ ഇന്ധനം തേടി കരയിലെത്തിയതോടെ ഇവരെ പൊന്നാനി പോലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഒരു മാസം കഴിയേണ്ടിവന്നു കപ്പലിലേക്ക് ആവശ്യമായ ഓയില്‍ സംഘടിപ്പിക്കാന്‍. അപ്പോഴേക്കും കപ്പലിന്റെ എന്‍ജിനും കേടായിരുന്നു. അതോടെ ഇന്ധനം കിട്ടിയിട്ടും കപ്പലിനു പോവാന്‍ കഴിഞ്ഞില്ല. വെള്ളവും വെളിച്ചവുമില്ലാതെ ഒമ്പതോളം ജീവനക്കാരാണ് ദിവസങ്ങളോളം കപ്പലില്‍ ദുരിത ജീവിതം നയിച്ചത്. ഇതിനിടെ ക്യാപ്റ്റന് അസുഖം ബാധിക്കുകയും പിന്നീട് ബേപ്പൂരിലേക്ക് കൊണ്ടുപോവുകയും ചെയ്തു. മുംബൈയില്‍നിന്ന് രണ്ട് എന്‍ജിനീയര്‍മാരാണ് കപ്പലിന്റെ എന്‍ജിന്‍ തകരാര്‍ തീര്‍ക്കാന്‍ ആദ്യമെത്തിയത്. ഇത് ശരിയാവാതെ വന്നതോടെ കോയമ്പത്തൂരിലെ സിമന്റ് നിര്‍മാണ കമ്പനിയില്‍ നിന്നെത്തിയ എന്‍ജിനീയര്‍മാരാണ് തകരാര്‍ പരിഹരിച്ചത്. അനധികൃതമായി കപ്പല്‍ നങ്കൂരമിട്ടതിന് ഒരു ലക്ഷത്തോളം രൂപ പിഴയീടാക്കിയതായി പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദ് പറഞ്ഞു. ഇതിന് ശേഷമാണ് കപ്പല്‍ വിട്ടുകൊടുത്തത്. കൊറിയയില്‍ നിന്നു വിലയ്ക്കു വാങ്ങിയ കപ്പല്‍ ദുബയിയിലുള്ള ഉടമസ്ഥനായ അബ്ബാസിന് നല്‍കുന്നതിനായി കൊണ്ടുപോവുന്നതിനിടയിലാണ് പൊന്നാനിയില്‍ കേടായത്. കരയില്‍ നിന്നു നാട്ടുകാര്‍ കൈവീശി യാത്ര പറഞ്ഞാണു കപ്പലിനെ യാത്രയാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക