|    Oct 18 Wed, 2017 1:09 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

രഞ്ജി ടീമില്‍ അഴിച്ചുപണി; കോച്ചിനെ മാറ്റി

Published : 11th November 2016 | Posted By: SMR

കോഴിക്കോട്: രഞ്ജി ട്രോഫിക്കുള്ള കേരള ടീമില്‍ ആഭ്യന്തര കലഹം. ടൂര്‍ണമെന്റിനിടയില്‍ വച്ച് ടീം കോച്ച് പി ബാലചന്ദ്രനെയും നാലു കളിക്കാരെയും മാറ്റിക്കൊണ്ടാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ കടുത്ത നടപടി. കേരളത്തിന്റെ അണ്ടര്‍ 23 കളിക്കുന്ന  ആറു താരങ്ങള്‍ക്ക് ടീമില്‍ ഇടം നല്‍കുമെന്നും അസോസിയേഷന്‍ അറിയിച്ചു.
നിലവിലെ ബൗളിങ് പരിശീലകനായ ടിനു യോഹന്നാന്‍ ഇനി മുഖ്യ പരിശീലകനാവും. അണ്ടര്‍ 23 പരിശീലകനായ രാജഗോപാലിനെ സഹപരിശീലകനായും നിയമിച്ചു. കഴിഞ്ഞ ദിവസം ഹരിയാനയ്‌ക്കെതിരായ മല്‍സരത്തില്‍ കേരളം സമനില വഴങ്ങിയതിന് തൊട്ടുപിന്നാലെയാണ് ബാലചന്ദ്രനെ പുതിയ നടപടി ഫോണിലൂടെ അറിയിച്ചത്. ടീം മാനേജ്‌മെന്റുകളുടെ പ്രതീക്ഷയ്‌ക്കൊത്ത് ടീമിന് ഉയരാന്‍ കഴിയാത്തതിനാലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടിസി മാത്യു മാധ്യമങ്ങളോട് പറഞ്ഞു.
നിഖിലേഷ് സുരേന്ദ്രന്‍, എംഡി നിധീഷ്, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, വി എ ജഗദീഷ് എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം നഷ്ടപ്പെടുമെന്നാണ് റിപോര്‍ട്ടുകള്‍. അണ്ടര്‍ 23 കളിക്കുന്ന വിക്കറ്റ് കീപ്പര്‍-ഓപണര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, ഓള്‍റൗണ്ടര്‍മാരായ അക്ഷയ് ചന്ദ്രന്‍, ഫാബിദ് ഫറൂബ്, സ്പിന്നര്‍ അക്ഷയ് കെ സി, ബാറ്റ്‌സ്മാന്‍ സല്‍മാന്‍ നിസാര്‍ എന്നിവര്‍ പുതുതായി ടീമിലെത്തുമെന്നാണ് റിപോര്‍ട്ടുകളുള്ളത്.
ആദ്യ മല്‍സരത്തില്‍ ജമ്മുവിനോട് കേരളത്തിന്റെ ഉറപ്പായ ജയം മഴമൂലം നഷ്ടപ്പെടുകയായിരുന്നു. ഹിമാചലിനു മുന്നില്‍ അടി പതറിയ കേരളം പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഹരിയാനയോട് മികച്ച പ്രകടനം നടത്തി സമനില വഴങ്ങി. ഇനിയുള്ള മല്‍സരങ്ങളില്‍ താരതമ്യേന ദുര്‍ബലരായ ഗോവ, ആന്ധ്രപ്രദേശ്, ത്രിപുര, സര്‍വീസസ് എന്നിവരോടാണ് കേരളം മല്‍സരിക്കാനുള്ളത്.
ആദ്യമായാണ് മുന്‍ കേരളതാരം കൂടിയായിരുന്ന ബാലചന്ദ്രന്‍ കേരള പരിശീലകനായി എത്തുന്നത്. ജലക് സക്‌സേന, ഭവിന്‍ തക്കര്‍, ഇഖ്ബാല്‍ അബ്ദുല്ല എന്നീ ഇതര സംസ്ഥാന താരങ്ങളെയടക്കം മികച്ച പ്രകടനത്തിനായി ഒരുക്കിയെടുത്ത ബാലചന്ദ്രനെ പുറത്താക്കിയത് തുടര്‍ മല്‍സരങ്ങളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടുതന്നെ അറിയാം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക