|    Oct 20 Sat, 2018 8:17 am
FLASH NEWS

രക്ഷാവള്ളങ്ങള്‍ ദൗത്യം തുടരുന്നു; ഏകോപനത്തിനായി കണ്‍ട്രോള്‍ റൂം

Published : 19th August 2018 | Posted By: kasim kzm

കൊല്ലം: പ്രളയ രക്ഷാപ്രവര്‍ത്തനത്തിനായി കൊല്ലത്തുനിന്നും പോയ മല്‍സ്യത്തൊഴിലാളികള്‍ ചെങ്ങന്നൂരിലും പത്തനംതിട്ടയിലും ദൗത്യം തുടരുന്നു. വെള്ളിയാഴ്ച രാത്രിവരെ 150 വള്ളങ്ങളാണ് ലോറിയില്‍ ഈ മേഖലകളിലേക്ക് കൊണ്ടുപോയത്. ഇന്നലെ അഞ്ചു വള്ളങ്ങള്‍കൂടി എത്തിച്ചു. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് രക്ഷിക്കാനാകാത്തവിധം വീടുകളില്‍ കുടുങ്ങിക്കിടന്നവര്‍ ഉള്‍പ്പടെ നൂറു കണക്കിനാളുകളെ രക്ഷപ്പെടുത്താന്‍ മല്‍സ്യത്തൊഴിലാളികള്‍ക്കു സാധിച്ചു. ദിവസങ്ങളോളം കടലില്‍ കഴിഞ്ഞുള്ള പരിചയവും നീന്തല്‍ വൈദഗ്ധ്യവും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുന്നു. വള്ളങ്ങളുടെ രക്ഷാദൗത്യ ഏകോപനത്തിനായി ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് ഫിഷറീസ് വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു. ജോയിന്റ് ഡയറക്ടര്‍ സി ടി സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. കൊല്ലത്ത് ഡെപ്യൂട്ടി ഡയറക്ടറുടെയും അസിസ്റ്റന്റ് ഡയറക്ടറുടെയും ഓഫിസുകളില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന കണ്‍ട്രോള്‍ റൂമുകളും ഈ ശൃംഖലയുടെ ഭാഗമാകും. പത്ത് വള്ളങ്ങള്‍ക്ക് ഒരു നോഡല്‍ ഓഫിസര്‍ എന്ന നിലയില്‍ ജീവനക്കാരേയും പ്രത്യേകമായി നിയോഗിക്കും. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതും അവര്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതും നോഡല്‍ ഓഫിസര്‍മാരാണ്.എന്‍ജിന്‍ തകരാര്‍ നേരിടുന്ന വള്ളങ്ങള്‍ക്കായി പുതിയ അഞ്ച് എന്‍ജിനുകള്‍ മല്‍സ്യഫെഡ് അയയ്ക്കും. വള്ളങ്ങള്‍ക്ക് ആവശ്യമായ ഇന്ധനം നല്‍കിയിട്ടുണ്ട്. രക്ഷാദൗത്യത്തിനായി കൊണ്ടുപോയ വള്ളങ്ങള്‍ തിരികെ എത്തിക്കാന്‍ 140 ലോറികളും ആവശ്യമായ ക്രെയിനുകളും സജ്ജമാക്കാന്‍ ജില്ലാ കലക്ടര്‍ ആര്‍ടിഒ യെ ചുമലപ്പെടുത്തി. കേടുപാടുള്ള വള്ളങ്ങളുടെ സ്ഥിതിവിവരം പരിശോധിച്ച് നിയമപരമായി നഷ്ടപരിഹാരം നല്‍കാനും തീരുമാനമുണ്ട്. മേയര്‍ വി രാജേന്ദ്രബാബു, എം നൗഷാദ് എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അനില്‍ സേവ്യര്‍, ജില്ലാ കലക്ടര്‍ എസ് കാര്‍ത്തികേയന്‍ എന്നിവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. സബ് കലക്ടര്‍ എസ് ചിത്ര, കുഫോസ് സിന്‍ഡിക്കേറ്റ് അംഗം എച്ച് ബെയ്‌സില്‍ലാല്‍ , മല്‍സ്യഫെഡ് എംഡി ലോറന്‍സ് ഹരോള്‍ഡ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച് സലിം, മല്‍സ്യഫെഡ് ജില്ലാ മാനേജര്‍ എം എസ് പ്രശാന്ത് കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ ആര്‍ സുമീതന്‍ പിള്ള പങ്കെടുത്തു. വള്ളങ്ങളുടെ രക്ഷാദൗത്യ ഏകോപനത്തിനായി പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പരുകള്‍: 04792452334. 9496007025, 9496001787 എന്നീ നമ്പരുകളിലും ബന്ധപ്പെടാം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss