|    Jun 24 Sun, 2018 5:15 am
FLASH NEWS

രക്ഷായാത്രയ്ക്ക് ജില്ലയില്‍ വരവേല്‍പ്പ്

Published : 30th January 2016 | Posted By: SMR

ആലപ്പുഴ: കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് ജില്ലയില്‍ വരവേല്‍പ്പ്. ജില്ലയില്‍ ജനരക്ഷായാത്രയുടെ രണ്ടാംദിനത്തിലെ പര്യടനം ആരംഭിച്ചത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിന് ശേഷമായിരുന്നു. അസഹിഷ്ണുതയ്‌ക്കെതിരെ റോട്ടറി ഹാളില്‍ സംഘടിപ്പിച്ച സഹിഷ്ണുതാസദസ്സ് കലാസാംസ്‌ക്കാരിക കൂട്ടായ്മയിലും പങ്കെടുത്താണ് പാതിരപ്പളളിയിലെ സ്വീകരണവേദിയിലേക്ക് നീങ്ങിയത്.
ഉച്ചവെയിലിലും ദേശീയപാതയോരത്ത് യാത്രയെ കാത്ത് നിരവധി പേര്‍ അണിനിരന്നു. ബാന്റുമേളത്തിന്റെ ചെണ്ടമേളത്തിന്റേയുമെല്ലാം അകമ്പടിയോടെ താലപ്പൊലിയുമേന്തിയാണ് സുധീരനെ വേദിയിലേക്കാനയിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് യാത്ര ആരംഭിച്ചത്. ഇതിനിടെ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിധി സ്റ്റേചെയ്തുള്ള ഹൈക്കോടതി വിധി എത്തി. പിന്നീട് നടന്ന യോഗസ്ഥലങ്ങളിലെല്ലാം വിജിലന്‍സ് കോടതിയുടെ വിധിക്കെതിരേയായിരുന്നു സുധീരന്റെ പ്രസംഗം.
വൈകീട്ട് അഞ്ചിന് അമ്പലപ്പുഴയില്‍ നടന്ന സ്വീകരണ യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഇല്ലിക്കല്‍ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്തു. കുട്ടനാട് നിയോജക മണ്ഡലത്തിലെ സ്വീകരണ സ്ഥലമായ എടത്വായില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വികെ സേവ്യര്‍ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. രാത്രി വൈകി ചെങ്ങന്നൂരിലാണ് രണ്ടാം ദിവസത്തെ യാത്ര അവസാനിച്ചത്.
വിവിധ സ്ഥലങ്ങളില്‍ എം പിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം എം ഹസ്സന്‍, ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍, പി സി വിഷ്ണുനാഥ് എംഎല്‍എ, അഡ്വ. ഷാനിമോള്‍ ഉസ്മാന്‍, കെ പി സി സി ഭാരവാഹികളായ അഡ്വ. സി ആര്‍ ജയപ്രകാശ്, ബി ബാബുപ്രസാദ്, അഡ്വ. എം ലിജു, അഡ്വ. ജോണ്‍സണ്‍ എബ്രഹാം, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സജീവ് ജോസഫ്, കെ പി കുഞ്ഞിക്കണ്ണന്‍, സതീശന്‍ പാച്ചേനി, നെയ്യാറ്റിന്‍കര സനല്‍, മാന്നാര്‍ അബ്ദുള്‍ലത്തീഫ്, ത്രിവിക്രമന്‍ തമ്പി, അഡ്വ. കെ പി ശ്രീകുമാര്‍, അബ്ദുള്‍ഗഫൂര്‍ ഹാജി, അഡ്വ. ഡി സുഗതന്‍, പി നാരായണന്‍കുട്ടി, കെ എസ് യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയി, എബി കുര്യാക്കോസ് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss