|    Nov 20 Tue, 2018 4:51 pm
FLASH NEWS

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എന്‍ജിഒകളെ മാറ്റിനിര്‍ത്താനുള്ള കലക്ടറുടെ നിലപാട് പ്രതിഷേധാര്‍ഹമെന്ന്‌

Published : 27th August 2018 | Posted By: kasim kzm

കോഴിക്കോട്: പ്രളയദുരന്തത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എന്‍ജിഒകളെ മാറ്റിനിര്‍ത്താനുള്ള കലക്ടറുടെ നിലപാട് പ്രതിഷേധാര്‍ഹമെന്ന് മലബാര്‍ ഡെവലപ്പേഴ്‌സ് ഫോറം പ്രസിഡന്റ് കെ എം ബഷീര്‍. നിങ്ങള്‍ സന്നദ്ധ സംഘടനകള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷ്യസാധനങ്ങള്‍ എത്തിച്ച്, അത് കഴിക്കുന്ന അന്തേവാസികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആരാണ് ഉത്തരവാദി എന്ന കലക്ടറുടെ ചോദ്യം പരിഹാസ്യമാണ്. കഴിഞ്ഞ മൂന്നു ദിവസമായി ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷ്യവസ്തുക്കളടക്കമുള്ളവ നേരിട്ട് വിതരണം ചെയ്യുന്നതിന് സന്നദ്ധ സംഘടനകള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിലക്ക് ഏര്‍പ്പെടുത്തിയതായി കലക്ടര്‍ യു വി ജോസ് അറയിക്കുകയായിരുന്നു. പ്രവാസികളും ഗള്‍ഫു രാജ്യങ്ങളിലെ പ്രവാസി സംഘടനകളും സ്വരൂപിച്ച കോടിക്കണക്കിന് രൂപയുടെ വസ്ത്രങ്ങളും ഭക്ഷണങ്ങളും എയര്‍ പോര്‍ട്ടുകളില്‍ നിന്നു പിടിച്ചെടുത്ത് കലക്ടര്‍മാരുടെ ഗോഡൗണുകളിലേക്ക് കൊണ്ടുപോവാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നും ബഷീര്‍ പറഞ്ഞു. കാരണം സുനാമി ദുരന്തസമയത്ത് കോഴിക്കോട്ടെത്തിയ നിരവധി സാധനങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാതെയും ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കാത്തതുകൊണ്ടും നശിച്ചുപോവുകയാണുണ്ടായത്. അതേ അവസ്ഥ ആവര്‍ത്തിക്കാനുള്ള സാധ്യതയാണ് കലക്ടറുടെ ഈ നിലപാടിലൂടെ സൃഷ്ടിക്കപ്പെടുക. ദുരന്തത്തിന്റെ തുടക്കം മുതല്‍ തന്നെ സന്നദ്ധ സംഘടനകളും റസിഡന്റസ് അസോസിയേഷനുകളും സാധാരണക്കാരായ നിരവധി മനുഷ്യരും മല്‍സ്യത്തൊഴിലാളികളും സ്വന്തം ജീവന്‍പോലും മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി എത്തിയില്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നോ അവസ്ഥ. ഇപ്പോള്‍ സന്നദ്ധസംഘടനകളെ മാറ്റി നിര്‍ത്തുന്ന സര്‍ക്കാരിന്റെ നിലപാട് തിരുത്തണം. ആയിരക്കണക്കിന് ക്യാംപുകളില്‍ ഭക്ഷണവും വസ്ത്രങ്ങളും എത്തിച്ചിട്ട് എന്തു പ്രശ്‌നമാണുണ്ടായത്. കലക്ടര്‍മാരുടെ ഓഫിസ് വഴി, രാഷട്രീയക്കാരും ജനപ്രതിനിധികളും നേതൃത്വം നല്‍കുന്ന ദുരിതാശ്വാസ വസ്തുക്കളുടെ വിതരണം കനത്ത വിവേചനത്തിന് വഴിവയ്ക്കുന്നതായുള്ള പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെയും കലക്ടറുടെയും ഈ നിലപാട്. തുടക്കം മുതലേ ഈ പരാതി നിലനില്‍ക്കുന്നതിനാലാണ് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറമടക്കമുള്ള സംഘടനകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നടത്തി അര്‍ഹരായവര്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ കൈമാറിയത്.സന്നദ്ധ സംഘടനകള്‍ നേരിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ കലക്ടര്‍ക്ക് സംശയങ്ങള്‍ ഉണ്ടെങ്കില്‍ സന്നദ്ധ സംഘടനകളുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനായി പ്രത്യേകം നിരീക്ഷകരെ നിയമിക്കുകയാണ് വേണ്ടത്. പ്രവാസികള്‍ എത്തിക്കുന്ന വസ്തുക്കള്‍ ഉയര്‍ന്ന ഗുണനിലവാരത്തിലുള്ളവയാണെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിനെ തുടര്‍ന്നാണ് ഇവ പിടിച്ചെടുക്കുന്നതിനായി മുഖ്യമന്ത്രി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത് എന്ന് സംശയമുണ്ട്. ഭരണപക്ഷ രാഷട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കരുത്ത് പകരാനായി ഈ ദുരന്തത്തെ ദുരുപയോഗം ചെയ്യുന്ന സര്‍ക്കാര്‍ നിലപാടിന് കൂട്ടുനില്‍ക്കുകയാണ് കലക്ടര്‍ എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടര്‍ ഈ വിഷയത്തില്‍ വാശി അവസാനിപ്പിച്ച് സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം. കേരള സര്‍ക്കാര്‍ നിലപാടിനെതിരായി ശക്തമായി പ്രതിഷേധിക്കുന്നതായും അദ്ദേഹം അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss