|    Sep 20 Thu, 2018 1:00 am
FLASH NEWS
Home   >  Todays Paper  >  page 12  >  

രക്ഷാപ്രവര്‍ത്തനത്തില്‍ റെക്കോഡിട്ട് വ്യോമസേന; കയറില്‍ത്തൂക്കി രക്ഷിച്ചത് 584 പേരെ

Published : 27th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയദുരന്തത്തില്‍ വ്യോമസേന നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ നിരവധി റെക്കോഡുകളും പിറന്നു. ബോട്ടുകള്‍ കടന്നുചെല്ലാന്‍ സാധിക്കാത്ത പ്രദേശങ്ങളില്‍ കുടുങ്ങിയവരെ വ്യോമസേന ഹെലികോപ്റ്ററുകളിലാണ് രക്ഷപ്പെടുത്തിയത്. ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ താഴേക്കു കയറിട്ട് ആളുകളെ വലിച്ചുകയറ്റുകയായിരുന്നു. ഇങ്ങനെ രക്ഷപ്പെടുത്തിയത് 584 പേരെ. ദുരന്ത രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സായുധസേനയുടെ ഏതെങ്കിലും ഒരു വിഭാഗം ഇത്രയും പേരെ ഈ രീതിയില്‍ രക്ഷിക്കുന്നതു ചരിത്രത്തിലാദ്യം. വെള്ളത്തിലകപ്പെട്ട വീടുകള്‍ക്കു ചുറ്റും വലിയ മരങ്ങള്‍ ഉള്ളതിനാല്‍ വളരെ ദുഷ്‌കരമായിരുന്നു അവയ്ക്ക് സമീപത്തു കൂടി പറന്നുള്ള രക്ഷാപ്രവര്‍ത്തനം. ഒരു ചെറിയ പാളിച്ച പോലും വന്‍ ദുരന്തത്തിനിടയാക്കും. മിക്ക പ്രദേശങ്ങളിലും ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നില്ല. 2.47 ലക്ഷം കിലോഗ്രാം ദുരിതാശ്വാസ സാമഗ്രികളാണു ഹെലികോപ്റ്റര്‍ വഴി വെള്ളം കയറിയ വീടുകള്‍ക്കു മുകളിലേക്കും മറ്റുമായി നാവികസേന ഇട്ടു നല്‍കിയത്. എല്ലാവരും തങ്ങളുടെ ദൗത്യം മനോഹരമായി പൂര്‍ത്തിയാക്കിയെന്നു സതേണ്‍ എയര്‍ കമാന്‍ഡ് എഒസി ഇന്‍ സി എയര്‍മാര്‍ഷല്‍ ബി സുരേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിറയെ മരങ്ങളുള്ള കേരളത്തിന്റെ ഭൂപ്രകൃതി തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം വ്യക്തമാക്കി. അവശ്യവസ്തുക്കള്‍ എത്തിക്കുക, രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസം, പുനരധിവാസം എന്നീ നാലു ഘട്ടങ്ങളായാണു കേരളത്തിലെ പ്രളയ മേഖലയില്‍ വ്യോമസേന പ്രവര്‍ത്തിച്ചത്. വ്യോമസേന തങ്ങളുടെ പ്രവര്‍ത്തന ചരിത്രത്തില്‍ ആദ്യമായി ബോട്ടുകളില്‍ മൊബൈല്‍ ആശുപത്രികള്‍ സജ്ജമാക്കി. രോഗികള്‍ക്കും പരിക്കേറ്റവര്‍ക്കും ബോട്ടുകളില്‍ വന്നു ചികില്‍സ തേടി പോകാവുന്ന രീതിയിലായിരുന്നു സംവിധാനം. മറ്റ് ആശുപത്രികളിലെ സമ്മര്‍ദം കുറയ്ക്കാന്‍ ഇതു സഹായകമായി. ചാത്തങ്കരിയിലും ആലപ്പുഴയിലുമാണ് ഈ മൊബൈല്‍ ആശുപത്രികള്‍ സജ്ജീകരിച്ചത്. ദുരിതാശ്വാസത്തിനും രക്ഷാപ്രവര്‍ത്തനത്തിനുമായി സജ്ജീകരിച്ച 29 ഹെലികോപ്റ്ററുകളില്‍ രണ്ടെണ്ണം ഭക്ഷണസാമഗ്രികളും മറ്റും കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഇട്ടുകൊടുക്കുന്നതിനു വേണ്ടി മാത്രമാണ് ഉപയോഗിച്ചത്. 3,107 പേരെയാണു വ്യോമസേന കേരളത്തിലെ പ്രളയ മേഖലയില്‍ വിന്യസിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss